സൂഫികളുടെ കഥ പറച്ചില്‍ ഇനിയും അവസാനിച്ചിട്ടില്ല. ആത്മീയഭാവങ്ങളെ അക്ഷരങ്ങള്‍ കൊണ്ട് ജ്വലിപ്പിച്ചു നിര്‍ത്തി ഒരാള്‍ എഴുതികൊണ്ടേയിരിക്കുന്നു.
നമുക്ക് അന്യമാവുന്ന വിചാര രീതികളെ നമ്മിൽ തന്നെ കുടികൊള്ളുന്ന അരൂപിയായ സർഗ്ഗശക്തിയുടെ ചാട്ടവാറു കൊണ്ട് ഒരാൾ ആഞ്ഞടിക്കുകയാണ്. വേദനയുടെ മധുരവും ഈ കഥയും നമ്മുടെതുതന്നെയാണെന്ന് ഓരോ വായനക്കാരനെക്കൊണ്ടും ഏറ്റു പറയിക്കുകയാണ്. വായനയുടെ മാറുന്ന രീതികളിൽ നിന്ന് പുസ്തകങ്ങളുടെ പുറന്തോട് പൊളിച്ച് ഇന്റർനെറ്റിന്റെ സാധ്യതകളിലേക്കും തിരിച്ചിങ്ങോട്ടും നമ്മെ ആനയിക്കുന്ന ജയ്ഹൂൻ മാന്ത്രികയെക്കുറിച്ച്…
സൂഫികളുടെ കഥ പറച്ചിൽ ഇനിയും അവസാനിച്ചിട്ടില്ല. പ്രണയത്തിന്റെ അപൂർവ്വമായ വഴികളിലൂടെ കാലത്തിന്റെ കലണ്ടർ കളങ്ങളെ കടന്ന് അത് ഇപ്പോഴും തുടരുന്നുണ്ട്. അനുരാഗമെന്നത് കോസ്മെറ്റിക് കാലത്ത് വിപണിയുടെ അലങ്കാരമാണെങ്കിൽ അതിനുമപ്പുറത്തേക്ക് നീളുന്ന ആത്മീയഭാവങ്ങളെ അക്ഷരങ്ങൾ കൊണ്ട് ജ്വലിപ്പിച്ചു നിർത്തി ഒരാൾ എഴുതിക്കൊണ്ടേയിരിക്കുന്നു.
ജയ്ഹൂൻ ഇപ്പോൾ അത്രയൊന്നും അപരിചിതമായ പേരല്ല. മലയാളികൾക്കിടയിൽ വെബ് പോർട്ടലുകൾ പ്രചാരം നേടുന്നതിനു മുമ്പുതന്നെ എടപ്പാൾ സ്വദേശിയായ മുജീബുറഹ്‌മാൻ എന്ന ജയ്ഹൂൻ തന്റെ വിനിമയ മാധ്യമം തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളിലൂടെ മലയാളത്തിന്റെ മണമുള്ള സർഗ്ഗസൃഷ്ടികൾക്ക് പേർഷ്യൻ മിസ്റ്റിക് ചുവയുള്ള മേലാപ്പു പണിതപ്പോൾ അത്യപൂർവ്വമായൊരു വായനവിഭവമായി അതുമാറി.
നാട്ടുകാർക്കിടയിൽ ഈ കവി വായിക്കപ്പെടാതെ പോവാൻ കാരണം അദ്ദേഹം തിരഞ്ഞെടുത്ത മാധ്യമമോ അല്ലെങ്കിൽ ആ മാധ്യമം നിഷ്കർഷിക്കുന്ന ഭാഷയോ ആവാം. 25 വയസ്സിനുള്ളിൽ രണ്ടാമത്തെ പുസ്തകവും പ്രസിദ്ധീകരിച്ച് ജയ്ഹൂൻ ആംഗലേയ രചനാ ലോകത്ത് തന്റെ സാന്നിധ്യം ഉറപ്പിച്ചു നിർത്തുകയാണിപ്പോൾ.
ജയ്ഹൂൻ ഡോട്ട് കോം എന്ന സ്വന്തം സൈറ്റിലൂടെയാണ് വിദ്യാർത്ഥിയായിരിക്കെ ജയ്ഹൂൻ തന്റെ സർഗ്ഗയാത്ര തുടങ്ങിയത്. ആകർഷകമായ ഡിസൈനിങ്ങിലൂടെ ഒരുക്കിയ ഈ വെബ്സൈറ്റ് ആദ്യമാദ്യം പ്രവാസി മലയാളികളെയും മെല്ലെ മെല്ലെ അതിർത്തികൾ കടന്ന് മറുനാട്ടുകാരെയും ആകർഷിച്ചു. മിസ്റ്റിക് കവിതകളുടെ പ്രണയാർദ്രതയും ഇഖ്ബാലിയൻ ദർശനത്തിന്റെ ഉൾക്കരുത്തും തുടിച്ചു നിന്ന കുറിപ്പുകൾ കവിതക്കും ലേഖനങ്ങൾക്കുമിടയിൽ പുതിയൊരു വഴി തുറന്നു. മലയാളത്തിന്റെ ദൃശ്യവിരുന്നിലൂടെ ആർദ്രമായ ഒരു ലോകത്തെ സ്വപ്നം കാണാനുള്ള ഒരു ശ്രമമായിരുന്നു ജയ്ഹൂൻ നടത്തിയത്. ഇത് ഒട്ടും പരാജയമായില്ലെന്ന് ലോകമെമ്പാടുമുള്ള പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ യൂറോപ്പിലും അമേരിക്കയിലും പശ്ചിമേഷ്യയിലും ജയ്ഹൂന് നല്ല വായനക്കാരുണ്ട്. ഇവരുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്നാണ് 2001-ൽ ‘Egoptics’ എന്ന പ്രഥമ കവിതാസമാഹാരം പ്രസിദ്ധീകരിച്ചത്.
ജലാലുദ്ദീൻ റൂമിയുടെയും അല്ലാമാ ഇഖ്ബാലിന്റെയും സ്വാധീനം തന്റെ രചനയിൽ നിറഞ്ഞുനിൽക്കുന്നുവെന്ന് പറയുന്നതിൽ ജയ്ഹൂൻ ഒട്ടും മടിക്കുന്നില്ല. സൂഫികളുടെ കലയും ജീവിത ദർശനവുമാണ് ജയ്ഹൂന് വളക്കൂറുള്ള മണ്ണൊരുക്കിയത്. ഇഖ്ബാലിയൻ ദർശനത്തിലെ അവഗാഹവും നിരന്തരമായ അന്വേഷണത്വരയും ജയ്ഹൂനെ പക്വതയുള്ള ഒരു എഴുത്തുകാരനാക്കിയെന്ന് പ്രഥമ പുസ്തകമായ ‘Egoptics’ തെളിയിക്കുന്നു. ഗൃഹാതുരത നിറഞ്ഞ മനസ്സോടെ സ്വന്തം ബാല്യത്തിന്റെ ചിത്രങ്ങൾ പകർത്തിയെടുക്കുകയാണ്. ഇപ്പോൾ ഷാർജയിൽ സ്ഥിരതാമസമാക്കിയ ജയ്ഹൂൻ ജനിച്ച മണ്ണിനോടുള്ള പൊക്കിൾക്കൊടി ബന്ധവും വളർന്നുവലുതായ നാടിനോടുള്ള ആദരങ്ങളും പുതിയൊരു മിശ്രദേശീയത കൂടി സൃഷ്ടിക്കുന്നുണ്ട്. സ്വന്തം നാടിനെക്കുറിച്ചുള്ള അഭിമാനം മറ്റൊരു രാജ്യത്തെ അനാദരിച്ചുകൊണ്ടാകരുതെന്ന സന്ദേശവും ജയ്ഹൂന്റെ കവിതകളിലുണ്ട്. അതുകൊണ്ടുതന്നെ സങ്കുചിതമായി മാറുന്ന ദേശീയതക്കുമപ്പുറം മാനവികതയെക്കുറിച്ചുള്ള വ്യാകുലപ്പെടലാണ് ‘Egoptics’ തുറന്നു കാട്ടുന്നത്.
വേട്ടയാടപ്പെടുന്ന സ്ത്രീത്വവും നിരാലംബമാവുന്ന ബാല്യവും എല്ലാറ്റിലുമുപരി ഏകധ്രുവലോകത്തിന്റെ സാംസ്കാരിക അധിനിവേശവും കവിതകളിൽ കടന്നുവരുന്നു. മനുഷ്യന്റെ നിസ്സഹായാവസ്ഥയും ദൈവത്തിന്റെ അധീശത്വവും ആർദ്രത വറ്റിയ ലോകത്തിനുള്ള ചില ഓർമ്മപ്പെടുത്തലുകളായിത്തീരുന്നു.
എന്നാൽ 2003-ൽ പ്രസിദ്ധീകരിച്ച ‘Henna for the Heart‘ വ്യത്യസ്തമായൊരു വായനാനുഭവമാണ് നൽകുന്നത്. സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണിയിൽ സ്ത്രീയും മനോഹരമായ എല്ലാ വസ്തുക്കളും വിൽപനയ്ക്ക് വെക്കുമ്പോൾ ദയാരഹിതമായ ഒരു കാലത്തിനു നേരെയുള്ള രോഷവും പരിഹാസവുമാണ് ഈ കവിതകളെ സമ്പുഷ്ടമാക്കുന്നത്. അമേരിക്കയിൽനിന്ന് പ്രസിദ്ധീകരിച്ച ഈ കൃതി വായനക്കാരുടെ മുക്തകണ്ഠ പ്രശംസ നേടുകയുണ്ടായി. പറിച്ചുനടപ്പെട്ടവന്റെ അക്ഷരങ്ങളിൽനിന്ന് തീയുണ്ടാവുമെന്നാണ് ജയ്ഹൂൻ തന്റെ കവിതകളിലൂടെ തെളിയിക്കുന്നത്.
ഇപ്പോൾ ലോകത്തിന്റെ അച്ചുതണ്ടായിത്തീരുന്നത് വിപണിയാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ വിപണിയുടെ അധിപന്മാരാണ് ലോകത്തെ നിയന്ത്രിക്കുന്നത്. ഈ അധീശശക്തികൾക്ക് വേണ്ടത് പണം മാത്രമാണ്. പണം നേടാനുള്ള ഏത് വഴിയും ഇവർക്ക് വർജ്യമല്ല. അതുകൊണ്ടുതന്നെ മൂല്യങ്ങളുടെ തുണിയുരിയുന്ന കാഴ്ചയാണ് വിപണിയെ ഭരിക്കുന്നത്. ഈ വിപണികൾ നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്? മനുഷ്യനെ വ്യത്യസ്തനാക്കുന്ന അവന്റെ സ്വഭാവ സവിശേഷതകൾക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനമാണ് പുതിയ ലോകക്രമമെന്ന് ജയ്ഹൂൻ വിചാരപ്പെടുന്നു. ഭൗതികതയുടേയും ആഢംബര പ്രമത്തതയുടേയും മരുക്കാറ്റിൽനിന്ന് ആത്മീയത അന്വേഷിക്കുന്ന പടിഞ്ഞാറൻ വായനക്കാർ ജയ്ഹൂന്റെ വചനങ്ങളിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ല.
ജീവിതം മടുപ്പ് നിറഞ്ഞ ആവർത്തനങ്ങളായി തീരുമ്പോൾ കൗതുകങ്ങൾ വറ്റാത്ത ഒരു നദിക്കരയിലേക്കാണ് ഈ യുവ എഴുത്തുകാരൻ നമ്മെ ക്ഷണിക്കുന്നത്. അത് ഒരിക്കലും നമുക്ക് അന്യമായ ഭൂമികയുമല്ല.
നാം അറിഞ്ഞ നാട്ടുവഴികളിലൂടെ, നിലാവും നക്ഷത്രവെളിച്ചവും നിറഞ്ഞ ഗ്രാമവീഥികളിലൂടെ ഒരാൾ നമ്മെ ആനയിക്കുകയാണ്. ഈ വഴിയത്രയും പിന്നിട്ടുവെങ്കിലും ഇതൊന്നും നമ്മൾ കണ്ടുതീർത്തില്ലല്ലോ എന്ന ദുഃഖം ജയ്ഹൂന്റെ ‘Henna for the Heart’ വായിക്കുമ്പോൾ നാം അനുഭവിക്കും.
സ്നേഹത്തിന് അനിതരസാധാരണമായ ഒരു ദൃശ്യഭംഗി ഈ എഴുത്തുകാരന്റെ ഓരോ രചനയിലുമുണ്ട്. വിക്രം സേത്തിനെപ്പോലെ, ഖുഷ്വന്ത് സിങ്ങിനെപ്പോലെ, അരുന്ധതി റോയിയെപ്പോലെ കിഴക്കിന്റെ ഉൽപന്നങ്ങൾ വാണിജ്യവൽക്കരിക്കപ്പെടുകയല്ല ജയ്ഹൂന്റെ കവിതകളിൽ. പകരം കിഴക്കിനേയും പടിഞ്ഞാറിനേയും ചേർത്തുനിർത്തി ജീവിതത്തെക്കുറിച്ചുള്ള ചെറിയ ചോദ്യങ്ങളുയർത്തുകയാണ് ഇവിടെ സംഭവിക്കുന്നത്. തീപിടിച്ച അക്ഷരങ്ങൾ സംഹാരതൃഷ്ണയോടെ പാഞ്ഞടുക്കുകയല്ല. ദയാവായ്പ് നിറഞ്ഞ ആർദ്രതയോടെ നമ്മെ വന്ന് മൂടുന്ന ചിന്തയുടെ അനുഭവിപ്പിക്കലാണ് ഇവിടെ നിർവ്വഹിക്കപ്പെടുന്നത്.
സ്വത്വബോധത്തോടെ ഒരു ചെറുപ്പക്കാരൻ തന്റെ ചുറ്റുമുള്ള യുവതയെ ഉണർത്തുകയാണ്. ഇവിടെ ചില അപകടങ്ങളുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കുക. ജാഗ്രതയോടെ അതിനെ മറികടക്കാനുള്ള കരുത്തുനേടുക. വാണിജ്യവൽക്കരിക്കപ്പെടുന്ന ചരക്കുകളെ മനുഷ്യത്വത്തോടെ നോക്കാൻ ഇവിടെ ഒരാൾ നമ്മെ ക്ഷണിക്കുന്നു.
ജയ്ഹൂൻ.ഡോട്ട്.കോം എന്ന ജനപ്രിയ സൈറ്റിൽനിന്ന് പുസ്തകരചനയിലേക്ക് കടക്കുമ്പോൾ ജയ്ഹൂൻ അല്പംകൂടെ ഗൗരവം വരുത്തുന്നുണ്ട്. ഷാർജയിൽ സ്ഥിരതാമസമാക്കിയ മൊയ്തുണ്ണി ഹാജിയുടെ പുത്രനാണ് ബി.ബി.എ ബിരുദധാരിയായ ജയ്ഹൂൻ.
നജീബ് കാന്തപുരം, ചന്ദ്രിക ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 22, 2004