Mujeeb Jaihoon

മനസ്സിനു മൈലാഞ്ചിയിടുന്ന പുസ്തകങ്ങള്‍

ഇവിടെ അനുരാഗത്തിന്റെ ആത്മിക സ്പർശം ആവാഹിച്ച എഴുത്തിലൂടെ സമൃദ്ധമായ ഭൂതകാലത്തിന്റെ താഴ്വേരുകളിൽ നിന്ന് ജയ്ഹൂൺ നമ്മെ തൊട്ടുണർത്തുന്നു.

എവിടെയൊക്കെയോ ചില പൊരുത്തക്കേടുകൾ പതിയിരിക്കുന്നുവെന്ന് നമ്മുടെ ചെവിയിൽ പതുക്കെ മന്ത്രിക്കുന്ന പുസ്തകങ്ങളാണ് ജയ്ഹൂണിന്റേത്. ഒരു പുഴ ഒഴുകുന്നതുപോലെയുള്ള ശാന്തതയാണ് അവയുടെ വായന പകരുന്നത്. അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്ന് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ രചനകൾ, യുവത്വത്തിന്റെ തീക്ഷ്ണതയിൽ ജാഗ്രതയോടെ ഇരിക്കണമെന്ന സന്ദേശമാണ് നൽകുന്നത്. തുർക്ക്മെനിസ്ഥാനിൽ ജയ്ഹൂൺ (ആമു ദര്യ) നദിയുടെ ഒഴുക്ക് നിലച്ചുപോയെങ്കിലും, ഇവിടെ അനുരാഗത്തിന്റെ ആത്മിക സ്പർശം ആവാഹിച്ച എഴുത്തിലൂടെ സമൃദ്ധമായ ഭൂതകാലത്തിന്റെ താഴ്വേരുകളിൽ നിന്ന് ജയ്ഹൂൺ നമ്മെ തൊട്ടുണർത്തുന്നു.

1. ഹെന്ന ഫോർ ദി ഹാർട്ട് (Henna for the Heart)
മൈലാഞ്ചി അഴകിന്റെ അടയാളമാണ്; അത് അണിഞ്ഞയാളെ മാത്രമല്ല മറ്റുള്ളവരെയും പ്രസന്നരാക്കുന്നു. എന്നാൽ ഈ പുസ്തകം ആവശ്യപ്പെടുന്നത് ഹൃദയങ്ങളെ അണിയിച്ചൊരുക്കാനാണ്.

സൗന്ദര്യവർദ്ധക വിപണിയിൽ സ്ത്രീയെ വെറുമൊരു പ്രദർശനവസ്തുവാക്കുന്നതിനെതിരെയുള്ള ആത്മരോഷത്തിൽ നിന്നാണ് ഇതിലെ കവിതകൾ ജനിക്കുന്നത്. സ്ത്രീത്വത്തിന്റെ മഹത്വവും വിശുദ്ധിയും ആധുനിക ലോകത്ത് ചോദ്യം ചെയ്യപ്പെടുകയാണ്. സ്ത്രീയെ കേവലം ഭൗതിക ദൗർബല്യങ്ങളിൽ തളച്ചിടാനും കച്ചവടവൽക്കരിക്കാനുമുള്ള പുതിയ സംസ്കാരത്തിന്റെ ദൈന്യത ജയ്ഹൂൺ തുറന്നുകാട്ടുന്നു. ആത്മീയതയുടെ അടിയൊഴുക്കുകൾ ആവാഹിച്ച ഈ കവിതകൾ, ഭൗതിക സംസ്കാരത്തിന്റെ കാലുഷ്യത്തിനെതിരെ ഉണർന്നിരിക്കാൻ വായനക്കാരോട് ആവശ്യപ്പെടുന്നു. ഇത് വെറും ആവിഷ്കാരമല്ല, മറിച്ച് സാമൂഹിക രീതികളോടുള്ള ശക്തമായ പ്രതികരണമാണ്.

2. ഈഗോപ്റ്റിക്സ് (Egoptics)
പ്രസാധനം: ഒലീവ് പബ്ലിക്കേഷൻസ്

അതിർത്തികളെക്കുറിച്ച് ഏറെ ഉത്കണ്ഠപ്പെടുന്ന ആധുനിക ലോകത്ത്, നിയന്ത്രണരേഖകൾക്കുള്ളിൽ തളച്ചിടപ്പെട്ട സമൂഹമാണ് ഇന്നുള്ളത്. സങ്കുചിതമായ ദേശീയബോധത്തിന് അപ്പുറം, വിശാലമായ ഒരു ലോകക്രമത്തെക്കുറിച്ചും മിശ്രദേശീയതയെക്കുറിച്ചും ഈ കൃതി ചിന്തിപ്പിക്കുന്നു.

പിറന്ന നാടിന്റെ ഗൃഹാതുരത്വവും വളർന്ന നാടിന്റെ മഹത്വവും ഇഴചേർത്ത് അതിർത്തികളെ മായ്ക്കാൻ കവി ശ്രമിക്കുന്നു. മനുഷ്യത്വം നഷ്ടമാകുന്നതിലെ വേദനയും ഇരകളുടെ നിസ്സഹായതയും ഇതിലെ വരികളിൽ പ്രകടമാണ്. ആത്മീയത പോലും വില്‍പനച്ചരക്കാകുന്ന കാലത്ത്, മാനവികതയെക്കുറിച്ച് ആകുലപ്പെടാൻ പ്രേരിപ്പിക്കുന്ന ജയ്ഹൂണിന്റെ മികച്ചൊരു രചനയാണിത്.

3. ദി കൂൾ ബ്രീസ് ഫ്രം ഹിന്ദ് (The Cool Breeze from Hind)
പ്രസാധനം: ഒലീവ് പബ്ലിക്കേഷൻസ്

ഗൃഹാതുരത്വം കലർന്ന വെറുമൊരു യാത്രാവിവരണമല്ല ഈ പുസ്തകം. പാരമ്പര്യത്തിന്റെ അടിവേരുകൾ തേടിയും സംസ്കാരരൂപങ്ങൾ തൊട്ടറിഞ്ഞും ഒരു പ്രവാസി തന്റെ ദേശത്തിലൂടെയും കാലത്തിലൂടെയും നടത്തുന്ന ആത്മീയ യാത്രയാണിത്.

നവകൊളോണിയലിസം നമ്മുടെ സ്വകാര്യ ഇടങ്ങളിലേക്ക് പോലും കടന്നുകയറുന്ന കാലത്ത്, സാമ്രാജ്യത്വ അധിനിവേശം നമ്മുടെ സംസ്കാരത്തിൽ വീഴ്ത്തിയ വിള്ളലുകൾ ഒരു ഞെട്ടലോടെ യാത്രികൻ അവതരിപ്പിക്കുന്നു. സനാതന മൂല്യങ്ങൾക്ക് അപചയം സംഭവിക്കുന്നത് പുതിയ കാര്യമല്ലെങ്കിലും, നാമറിയാതെ അത് പടരുന്നത് ജയ്ഹൂൺ ഗൗരവമായി കാണുന്നു. ഭൂതകാലത്തെ അതിന്റെ തനിമയോടെ ഓർത്തെടുക്കാനും മാഞ്ഞുപോയ കഥകളെ തിരികെക്കൊണ്ടുവരാനുമുള്ള ശ്രദ്ധേയമായ ശ്രമമാണിത്.

തെളിച്ചം മാസിക (ജൂലൈ 2005)

Leave a Reply

Your email address will not be published. Required fields are marked *

Related Posts