Mujeeb Jaihoon

വടക്കെ ഇന്ത്യയിലേക്കൊരു ആത്മീയ യാത്ര

ആത്മാവിൽ ആത്മീയഭാവം പകർന്ന ഒരു സൂഫിയുടെ അരികുപറ്റി നടക്കുകയാണ്‌ ഇംഗ്ലീഷിൽ സാഹിത്യരചന നടത്തുന്ന മുജീബ്‌ ജൈഹൂൻ – reports Middle East Chandrika

നിലാവ് പെയ്യുന്ന ആകാശത്ത് നോക്കി കിനാവുകൾക്ക് കൂട്ടിരിക്കുന്ന ഏകാന്തപഥികന്റെ മനസ്സ് വായിച്ചെടുക്കുന്നതാരാണ്? കാറ്റിനോടും കിളികളോടും സംവേദനം നടത്തുന്നവന്റെ മനസ്സിൽ പെയ്തിറങ്ങുന്ന സ്വച്ഛന്ദമായ ശബ്ദം തരളിതമല്ലാതെ മറ്റെന്താണ്? ഇങ്ങനെയിങ്ങനെ വികാരങ്ങളുടെ പ്രപഞ്ചം കാണുവാൻ മൂന്നാമതൊരു കണ്ണ് തേടിക്കൊണ്ടുള്ള പ്രയാണത്തെ ഞാൻ പതുക്കെ എന്റെ ആത്മീയ യാത്രയെന്നു തന്നെ വിളിച്ചോട്ടെ.

ഓരോ യാത്രയും ഓരോ നിയോഗങ്ങളാണ് എന്ന തിരിച്ചറിവിലേക്ക് വടക്കേ ഇന്ത്യയും എന്നെ പിടിച്ചു വലിക്കുകയായിരുന്നു.

മിഷൻ നിസാമുദ്ദീൻ
അതേ, ശരിക്കും അതൊരു മിഷൻ നിസാമുദ്ദീൻ എന്ന യാത്ര തന്നെയായിരുന്നു. ഹസ്രത്ത് നിസാമുദ്ദീൻ എന്ന സൂഫിയുടെ ഖബറിടം എന്റെ മനസ്സിനെ പിടിച്ചു കുലുക്കുവാൻ തുടങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. കൊടിയ ദാരിദ്ര്യത്തിന്റെ കള്ളിമുൾച്ചെടികൾക്കിടയിൽ നിന്ന് ആത്മാനുതാപത്തിന്റെ കണ്ണുകൾക്ക് ജീവന്റെ പകർന്നാട്ടം പടർത്തിയ വടവൃക്ഷം ആത്മാവിലൂതിയ തരംഗങ്ങൾ ശരിക്കും എന്നെ സ്വാധീനിക്കുകയായിരുന്നു. ഡൽഹിയിൽ നിന്ന് അടുത്ത് പ്രസിദ്ധീകരിച്ച എന്റെ കവിതാസമാഹാരമായ The Alchemy of Affinity (ആത്മബന്ധത്തിന്റെ രസതന്ത്രം) എന്ന കവിതയുടെ ആത്മാവ് തന്നെ നിസാമുദ്ദീൻ എന്ന ആത്മീയ നിലാവിലൂടെയായിരുന്നു.

പിന്നെയും എന്നെ സ്വാധീനിച്ചവർ വടക്കേ ഇന്ത്യയിൽ എന്നെയും കാത്തിരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ജീവിതത്തിന്റെ ആഡംബരങ്ങളിൽ നിന്ന് മനുഷ്യൻ നിസ്സാരവൽക്കരിക്കുന്ന ദൈവത്തെ അന്വേഷിക്കുന്ന കവിതാസമാഹാരവും കൈയ്യിൽ പിടിച്ചുകൊണ്ട് ഞാൻ വടക്കേ ഇന്ത്യയിലേക്ക് കുതിക്കുകയായിരുന്നു. ഇസ്ലാമിക നവോത്ഥാനത്തിന്റെ മഹനീയ മാതൃകയായ പഞ്ചാബിലുള്ള ഇമാം അഹമ്മദ് സർഹിന്ദി, ഇന്ത്യയിൽ ഇസ്ലാമിക ചിന്തയിൽ പുരോഗമന ശാസ്ത്രീയ രീതികൾക്ക് തിരികൊളുത്തിയ ഷാ വലിയുള്ളാഹ്, വടക്കേ ഇന്ത്യയിലെ ആത്മീയ രാജാവായ മൊയ്നുദ്ദീൻ ചിശ്തി ഇവർ എല്ലാവരുമെന്റെ ഹൃദയത്തുടിപ്പുകളായതിന്റെ കടപ്പാടുതന്നെയായിരുന്നു എന്റെ യാത്ര.

ഡൽഹിയുടെ മധുരവും കയ്പും
ഡൽഹിക്ക് നമ്മോട് പറയുവാൻ ഒരുപാട് കഥകളുണ്ട്. ഡൽഹിവാസികൾ പൊതുവേ മധുരപ്രിയരാണ്. ഇവിടുത്തെ കരീം റെസ്റ്റോറന്റ് വളരെ പ്രസിദ്ധമാണ്. വിദേശികളായ പല പ്രമുഖരുടെയും തീൻമേശകളിൽ മധുരം വിളമ്പിയ ഡൽഹിക്ക് പക്ഷേ ഇന്ന് വിദേശികളെ സംശയത്തോടെ മാത്രമേ സ്വീകരിക്കുവാൻ സാധ്യമാകുന്നുള്ളൂ. കാരണം ചില തീവ്രവാദികളുടെ ചെയ്തികൾ തന്നെ. എവിടെയും അവർക്കൊരു സംശയം നിഴലിക്കാം. ചിലപ്പോൾ ചോദ്യം ചെയ്യുന്നതും നിത്യകാഴ്ചകളായി മാറി. പൊതുസ്ഥലങ്ങളിൽ ഫോട്ടോ എടുക്കുന്നതിൽ തുടങ്ങി സമാധാനത്തിന്റെ ഗേഹങ്ങളായ മസ്ജിദുകൾക്കകത്തേക്ക് മെറ്റൽ ഡിറ്റക്ടർ വഴി കടന്നുപോകേണ്ട അവസ്ഥകളിലേക്ക് വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. ജനങ്ങളുടെ സ്വകാര്യജീവിതമെന്നത് സ്വകാര്യ ദുഃഖമായി മാറിയിരിക്കുന്നു എന്നല്ലാതെ എന്തു പറയാൻ?

മുസ്ലിംകൾ ഇപ്പോഴും മുഖ്യധാരയിൽ എത്തിയിട്ടില്ലാത്ത കാഴ്ചകളും ഡൽഹിക്ക് പറയുവാനുണ്ട്. മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളെല്ലാം തന്നെ വൃത്തിഹീനവും ദുർഗന്ധപൂരിതവുമാണ് എന്ന് പറയാതെ വയ്യ. ഉർദു കവി സമ്രാട്ടായ മിർസാ ഗാലിബിന്റെ പേരിൽ ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗയ്ക്ക് സമീപം സ്ഥാപിതമായ മിർസാ ഗാലിബ് അക്കാദമി സെക്രട്ടറി അക്വിൽ അഹമ്മദുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “നിസാമുദ്ദീൻ ദർഗ്ഗ ലോകപ്രസിദ്ധ കേന്ദ്രമാണ്, എങ്കിലും ഇവിടെ വരുന്ന സന്ദർശകർക്ക് ഒരു ബാത്റൂം സൗകര്യംപോലും ഇല്ല എന്നതാണ് സത്യം. മുസ്ലിംകൾക്ക് നേതാക്കളിൽ വിശ്വാസമില്ല. പണ്ഡിത സമൂഹത്തിന് ജനങ്ങളിൽ സ്വാധീനമില്ല. പഴയ ചിന്തകളും രീതികളും അവരെ അലട്ടിക്കൊണ്ടിരിക്കുകയാണ്.”

ലോകപ്രശസ്ത എഴുത്തുകാരനും പണ്ഡിതനുമായ മൗലാന വഹീദുദ്ദീൻ ഖാൻ എന്ന മഹാത്മാവിനെ എനിക്ക് അവിടെ വെച്ച് കാണുവാൻ സാധിച്ചു. ഒരു എഴുത്തുകാരൻ എന്ന നിലയ്ക്ക് സൂക്ഷിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം ഏറെയും സംസാരിച്ചത്. പിന്നെ അവിടെ പ്രഗതി മൈതാനിയിൽ നടക്കുന്ന ബുക്ക്ഫെയറിലും എനിക്ക് പങ്കെടുക്കുവാൻ കഴിഞ്ഞു. ഷാർജ ബുക്ക്ഫെയർ വിഭാഗത്തിന്റെ സ്റ്റാളും അവിടെ ഉണ്ടായിരുന്നു.

അമീർ ഖുസ്രുവും പിന്നെ യുക്തിവാദവും
നിസാമുദ്ദീൻ വലിയ്യിന്റെ ശിഷ്യനായിരുന്നു അമീർ ഖുസ്രു. ഇന്ത്യൻ സംഗീത രംഗത്ത് വളരെ വിലപ്പെട്ട സംഭാവനകൾ നൽകിയ കവിയായിരുന്നു ഖുസ്രു. ഖുസ്രുവിന്റെ ഖബറിടവും നിസാമുദ്ദീൻ ദർഗ്ഗയുടെ അരികിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇരുലോകത്തിലും അവർ സാമീപ്യം നേടി. മരണം ഒരിക്കലും ബന്ധങ്ങൾക്ക് തടസ്സമല്ല. പരലോക വിശ്വാസമുള്ളവർക്ക് മാത്രമേ അത് ബോധ്യമാവുകയുള്ളൂ. അതുകൊണ്ട് തന്നെ യുക്തിവാദികൾക്ക് ജീവിതം വളരെ പരിമിതമാണ്. ജീവിതത്തിന്റെ മഹാസാഗരം ഇഹലോകമെന്ന ചെറുകിണ്ണത്തിൽ പരിമിതപ്പെടുത്തുകയാണ് അവർ ചെയ്യുന്നത്.

ജെ.എൻ.യു ക്യാമ്പസ്
കേരളത്തിൽ നിന്നുള്ള അനേകം വിദ്യാർത്ഥികൾ ഈ ക്യാമ്പസിനകത്തുണ്ട്. കുടുംബസമേതം ഹോസ്റ്റലിൽ താമസിക്കുന്നവരാണ് ഏറെയും. രാഹുൽ ഗാന്ധിയെ പോലുള്ള പ്രമുഖർ ഇവിടുത്തെ സന്ദർശകരാണ്. മലയാളി സഹോദരങ്ങൾ എന്റെ പുതിയ പുസ്തകം അവിടെ വെച്ച് പ്രകാശനം ചെയ്തത് നല്ലൊരു അനുഭവമായിരുന്നു.

തെരുവ് ജീവിതം
‘ഗരീബ് കോ ഖാനാ ഖിലാഓ’ എന്ന് വിളിച്ചുപറയുന്ന ഹോട്ടൽ ജീവനക്കാരൻ ടോക്കൺ വിൽക്കുന്ന കാഴ്ചയും വിശപ്പിന്റെ അസഹ്യതയിൽ അറിയാതെ നീണ്ടുപോകുന്ന കൈകളും ആരിലും വേദനയുണ്ടാക്കിപ്പോകുന്നതാണ്. ജീവപുസ്തകത്തിൽ മുന്നേറാൻ പാടുപെടുന്ന തെരുവ് ജീവിതത്തിന്റെ ചിത്രം വിചിത്രവും വേദനാജനകവുമാണ്.

പഞ്ചാബ്
ഡൽഹിയിൽ നിന്ന് നേരെ പഞ്ചാബിലേക്ക് പോയി. മനോഹരവും ഗൾഫ് രാജ്യങ്ങൾക്ക് സമാനവുമായ ചണ്ഡീഗഡ് വിശാല ഹൈവേയുടെ പുരോഗതി വിളിച്ചോതുന്നവയായിരുന്നു. കൃഷിയിടങ്ങളുടെ പച്ചപ്പുകളും ഫ്രഷ് ഓറഞ്ചുകളുടെ നിറപ്പകിട്ടുകളും ഈ നഗരത്തെ മനോഹരമാക്കി മാറ്റിയിരിക്കുന്നു. മുജദ്ദിദ് അൽഫ് സാനി എന്നു വിളിക്കപ്പെടുന്ന ഇമാം അഹമ്മദ് സർഹിന്ദിയുടെ മഖ്ബറ ഇവിടെയാണ്. അല്ലാമാ മുഹമ്മദ് ഇഖ്ബാൽ തനിക്കൊരു നല്ല സന്താനത്തെ ലഭിക്കുവാൻ വേണ്ടി ഇവിടെ വന്ന് പ്രാർത്ഥിച്ചിരുന്നു. തുർക്കിയിൽ നിന്നും വന്ന ഒരു തീർത്ഥാടകസംഘവുമായി ഏറെ നേരം സംസാരിക്കുവാനും സാധിച്ചു.

അജ്മീർ
വടക്കേ ഇന്ത്യയിൽ ഇസ്ലാമിനെ പ്രതിഷ്ഠിച്ച ആത്മീയനിറകുടമാണ് ശൈഖ് മുഈനുദ്ദീൻ ചിശ്തി. പഞ്ചാബിൽ നിന്ന് ജയ്പൂർ വഴിയാണ് അജ്മീറിൽ എത്തിയത്. നിസാമുദ്ദീൻ ദർഗ്ഗയിൽ നിന്നും വ്യത്യസ്തമല്ല ഇവിടുത്തെ കാഴ്ചകളും. അനിസ്ലാമികപരമായ നിരവധി കാഴ്ചകളും ഇവിടെ കാണുവാൻ കഴിഞ്ഞു. ആത്മീയമായ ഉൽക്കൃഷ്ടത കൊണ്ട് ജീവിതം ധന്യമാക്കിയ മഹാത്മാവിന് മുന്നിൽ സുജൂദിൽ വീഴുന്നവരും പൊട്ടിക്കരയുന്നവരും നിരവധി. ആചാരങ്ങളേക്കാൾ അനാചാരങ്ങളെ കെട്ടിപ്പിടിച്ചുറങ്ങുന്ന സാമൂഹിക വ്യവസ്ഥിതി എന്നാണാവോ മാറുക?

ട്വിറ്റർ വായിച്ചുള്ള വിളി
ജയ്പൂർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് അത് സംഭവിച്ചത്. ഈ ആത്മീയ യാത്രയുടെ യഥാസമയ വിവരങ്ങൾ ട്വിറ്ററിൽ രേഖപ്പെടുത്തിയത് കണ്ട് പലരും വിളിക്കുകയാണ്. തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച പ്രതീതിയാണെന്നും പ്രാർത്ഥിക്കുവാനുള്ള അഭ്യർത്ഥനയുമായിരുന്നു പലരും മുന്നോട്ട് വെച്ചത്.

ആഗ്ര
ആഗ്ര ശരിക്കും ആധുനിക എഞ്ചിനീയർമാർക്ക് സ്വപ്നം കാണാൻ പറ്റുന്നതിനും അപ്പുറത്തായിരുന്നു. മുഗൾ രാജാക്കന്മാർ നിർമ്മിച്ച ആഗ്ര കോട്ട സന്ദർശിച്ചു. മാർബിൾ കല്ലുകൾ കൊണ്ടുതീർത്ത മാസ്മരിക ചുമരുകളും തൂണുകളും നയന മനോഹരവും വൈവിധ്യപൂർണ്ണവുമായിരുന്നു.

താജ്മഹൽ
താജ്മഹൽ ഒരുതവണയെങ്കിലും കാണാതിരിക്കുന്നത് നഷ്ടം തന്നെയാണ്. അനശ്വര പ്രണയത്തിന്റെ അഭൗമ സൗഭാഗ്യം തലയുയർത്തി നിൽക്കുന്നു. ഒരുപാട് പേർ കാണുകയും പുകഴ്ത്തുകയും ചെയ്ത ഈ സൗധത്തിന് രണ്ട് കമിതാക്കളുടെ വിശ്രമഗേഹമാണ് എന്ന വിശേഷണമാണ് ഉചിതമാകുന്നത്. ലോകാല്ഭുതങ്ങളുടെ സ്നേഹസ്തൂപം ഇന്ത്യൻ മുസൽമാന്റെ മഹത്വം വിളിച്ചോതുന്ന അഭിമാനസ്തംഭം തന്നെയാണ് എന്ന് ഓരോ യാത്രികനും അറിയാതെ പറഞ്ഞുപോകും. പക്ഷേ ഞാൻ യാത്ര ചെയ്തിരുന്ന റിക്ഷാവണ്ടിക്കാരൻ ഖുർഷിദ് പറഞ്ഞു: “ഇവിടെ ഉർദു ഭാഷാ പ്രയോഗം തന്നെ വളരെ കുറഞ്ഞു. ജീവിതത്തിൽ മതത്തിന് സ്ഥാനം കൊടുക്കുന്നവർ ഇല്ല എന്നു തന്നെ പറയാം. നിങ്ങൾ തെക്കേ ഇന്ത്യക്കാരെപ്പോലെ ഞങ്ങൾ പള്ളികളിൽ പോകാറില്ല.”

ബാക്ക് ടു ഷാർജ
ആഗ്രയിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ചെത്തി. സാമൂഹ്യപരിഷ്കർത്താവായ ഷാ വലിയുള്ളാഹ്, രാജ്ഘട്ട്, ജുമാ മസ്ജിദ്, ചാന്ദ്നി ചൗക്ക്, ഇന്ദിരാഗാന്ധി സ്മാരകം എന്നിവ സന്ദർശിച്ച ശേഷം ഷാർജയിലേക്കുള്ള തിരിച്ചുപറക്കലിനുള്ള തയ്യാറെടുപ്പിനിടയിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വിളിക്കുന്നു. അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ അകമ്പടിയോടെ തുടങ്ങിയ യാത്രയുടെ വിശേഷങ്ങൾ അറിയുവാനുള്ള ഒരു വിളിയായിരുന്നു അത്. ഡൽഹിയിലെ ആധുനിക എയർപോർട്ടിൽ നിന്ന് രണ്ട് റക്അത്ത് നിസ്കരിച്ച് ഷാർജയിലേക്ക് തിരിച്ചു.

Middle East Chandrika, June 25 2010

Leave a Reply

Your email address will not be published. Required fields are marked *

Related Posts