അവിശ്വസനീയമായ മികവും മാതൃകാ നേതൃത്വവുമുള്ള യുഎഇയുടെ വളർച്ച വിവരിക്കുന്ന കഥാസന്ദർഭങ്ങള്‍ – Malayala Manorama reports.
മനോരമ ലേഖകൻ
December 03, 2021 07:06 PM IST
ദുബായ് ∙ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കലാകാരന്മാരുടെ സംഘം യുഎഇ സുവർണ ജൂബിലി ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി നിർമിച്ച ‘ദി എപിക് ഓഫ് എക്സെല്ലെൻസ്’ എന്ന അറബിക് വിഡിയോ ഗാനം ശ്രദ്ധേയമാകുന്നു.
അവിശ്വസനീയമായ മികവും മാതൃകാ നേതൃത്വവുമുള്ള യുഎഇയുടെ വളർച്ച വിവരിക്കുന്ന കഥാസന്ദർഭങ്ങള്‍ കോർത്തിയിണക്കിയ ദൃശ്യങ്ങൾ മനോഹരങ്ങളാണ്. എഴുത്തുകാരൻ മുജീബ് ജൈഹൂനിന്റെ ഇംഗ്ലീഷ് കവിത ഹബീബ വഫിയ്യ അറബിയിലേയ്ക്ക് മൊഴിമാറ്റം ചെയ്താണ് ഗാനം ഒരുക്കിയത്. സൂഫി ഗായകൻ സമീർ ബിൻസിക്കൊപ്പം ഇമാം മജ്ബൂർ, മിഥുലേഷ്, റാസി സംഘവും ചേർന്ന് പാടിയ ഗാനത്തിന് മുഹമ്മദ് അക്ബറാണ് സംഗീതം നിർവഹിച്ചത്.
മുഹന്നദ്, ബഹാദർ ജാൻ, ഉസ്മാൻ സീഷാൻ, ബേബി ജന്നത്ത് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചിത്രകാരൻ അഷർ ഗാന്ധി സംവിധാനം ചെയ്ത വിഡിയോ ആൽബത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ഡോ. സലീം മൂപ്പൻ. ഷിയാസ് അഹമദ്, അലവിക്കുട്ടി ഹുദവി, സഫ്വാൻ പുതുപ്പറമ്പ്, മുസവ്വിർ ജൈഹൂൻ, സുബൈർ അസ്ഹരി എടപ്പാൾ എന്നിവർ അണിയറയിൽ പ്രവർത്തിച്ചു. ഗാനം ജൈഹൂൻ യു ട്യൂബ് ചാനലിൽ ലഭ്യമാണ്.
https://www.manoramaonline.com/global-malayali/gulf/2021/12/03/arabic-video-song.html