പൈതൃകം മാറ്റങ്ങള്‍ക്ക് വിലങ്ങു തടിയാവേണ്ടതുണ്ടോ? : മുജീബ് ജൈഹൂൻ

സുന്നി പാരമ്പര്യമനുസരിച്ച് എല്ലാ നൂറു വര്‍ഷങ്ങളിലും ഒരു ഉദ്ബുദ്ധാരകന്‍ (മുജദ്ദിദ്) ആഗതമാവുമെന്നാണ്. നൂറു വര്‍ഷം പൂര്‍ത്തിയാക്കുന്ന സമസ്തയുടെ ചരിത്രത്തിലും ഈ മുജദ്ദിദിന്‍റെ ഘടകം അനിവാര്യമായിത്തന്നെ കാണേണ്ടതുണ്ട്. (#സസ്നേഹം_സമസ്തയോട് )

2026 ല്‍ വിജയകരമായ കര്‍മ്മനിരതമായ 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് സമസ്ത കേരള ജംഇയത്തുല്‍ ഉലമ. കൊളോണിയല്‍ ആധുനികതയുടെ കാലികമായ സാമൂഹിക മാറ്റങ്ങളായിരുന്നു സംഘടകനകള്‍. വ്യവസ്ഥാപിതമായി പ്രാധിനിത്യ സംവിധാനവും സാമൂഹിക ലോബിയിങ്ങും കൊളോണിയല്‍ ഭരണകൂട വ്യവഹാരത്തിന്‍റെ ഭാഗമായതോടെ ‘സമീന്ദാരി അസോസിയേഷനില്‍’ തുടങ്ങിയ സാമൂഹിക സംഘടനവൽക്കരണം, ജനാധിപത്യ തിരഞ്ഞെടുപ്പ് അവതരിപ്പിക്കപ്പെട്ടതോടെ വ്യവസ്ഥാപിതമായി മാറി.

ബ്രഹ്മസമാജ് ആണ് ആദ്യ ഇന്ത്യന്‍ മത സംഘടന. കൊളോണിയല്‍ ഭരണത്തിനകത്ത് സാമൂഹിക മാറ്റങ്ങള്‍ കൊണ്ടുവരാനായി, ഗവണ്മന്‍റിനുമേല്‍ സമ്മര്‍ദ്ദ ശക്തിയായിട്ടാണ് പ്രസ്ഥാനം ഉടലെടുക്കുന്നത്. സാമൂഹിക ജീര്‍ണ്ണതയുടെ പ്രതിഫലനമായി, രാജാറാം മോഹന്‍ റോയ് നിരീക്ഷിച്ച ‘സതി’ നിര്‍ത്തലാക്കലായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യം. മധ്യകാല ഭരണകൂട സ്വേഛാധിപത്യത്തിനും ഭരണാധികാരിയുടെ സ്വജനപക്ഷപാതത്തിനും വിരുദ്ധമായി, പ്രാതിനിധ്യ വ്യവസ്ഥയിലധിഷ്ഠിതമായ, നിയമ വ്യവസ്ഥ പിന്തുടരുന്ന ഒരു മോഡലായിരുന്നു, ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യന്‍ ജനങ്ങള്‍ക്കു വാഗ്ദാനം ചെയ്തിരുന്നത്.

പെറ്റിഷനിലൂടെയും പത്രമാധ്യമങ്ങള്‍ വഴിയും ഗവണ്‍മെന്‍റുമായി സംവദിക്കാനുള്ള അവസരം കൊളോണിയല്‍ ഗവണ്‍മെന്‍റ് നല്കിയിരുന്നു. ചെലവേറിയ ക്രമ സമാധാന പാലനം, നിയമവാഴ്ചയുടെ സൂക്ഷമതകളില്‍ വരേണ്യ വര്‍ഗത്തിന് ഇടപെടാനുള്ള അവസരം നല്‍കി, സാമ്പത്തിക ലാഭമുണ്ടാക്കലായിരുന്നു ബ്രിട്ടീഷ് കോളോണിയലിസത്തിന്‍റെ ലക്ഷ്യമെന്ന് ഉത്തരാധുനിക ചരിത്രകാരന്മാര്‍ നീരീക്ഷിച്ചിട്ടുണ്ട്.

ഇത്തരം സാമൂഹിക, രാഷ്ട്രീയ മാറ്റത്തിന്‍റെ കേരളീയ മുസ്ലിം സാക്ഷിപത്രങ്ങളില്‍ ഒന്നാണ് സമസ്ത കേരള ജംഇയത്തുല്‍ ഉലമ. മലബാര്‍ കലാപത്തിന്‍റെ ചാരത്തില്‍ നിന്ന് സാമൂഹിക ഉന്നതിക്കായി ‘കേരള ഐക്യ സംഘം’ രൂപീകൃതമായപ്പോള്‍, സലഫി പരിഷ്കാര സംഘടനകളോടുള്ള സുന്നി മറുപടി ആയിരുന്നു സമസ്ത കേരള ജംഇയത്തുല്‍ ഉലമ. സംഘടിത സ്വാധീനമുപയോഗിച്ച്, സലഫി പ്രസ്ഥാനങ്ങള്‍ മുസ്ലിം നേതൃത്വം ഏറ്റെടുത്തപ്പോള്‍, ശോഷിച്ചു കൊണ്ടിരുന്ന സുന്നി ഉലമകളുടെ സാമൂഹിക റിട്ട് തിരിച്ചു പിടിക്കാനുള്ള ശ്രമമായിരുന്നു സമസ്ത കേരള ജംഇയത്തുല്‍ ഉലമ. ഉത്തരേന്ത്യന്‍ മുസ്ലിം സംഘടനകളെ കുറിച്ച് പഠനം നടത്തിയ ഖാസിം സമാന്‍റെ പഠനങ്ങള്‍ പലവിധേന കേരളത്തിലും അനുധാവമാണ്.

നൂറ് വര്‍ഷം ആഘോഷിക്കുന്ന, കൊളോണിയല്‍ ആധുനികതയില്‍ നിന്നും, സ്വതന്ത്ര ഇന്ത്യന്‍ നാഷന്‍ സ്റ്റേറ്റിലെത്തി നില്‍ക്കുന്ന സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ കണക്കെടുപ്പ് ഈ അവസരത്തില്‍ വളരെ അനിവാര്യമാണ്. സംഘടനാ അക്കങ്ങളിലും, വാഖ്യാനങ്ങളിലും മാത്രമായി ഒതുങ്ങി കൂടേണ്ടതല്ല ഈ വിലയിരുത്തലുകള്‍. സംഘടനാ പക്ഷപാതങ്ങള്‍ക്കപ്പുറത്ത്, കേരള മുസ്ലിം സാമൂഹ്യവ്യവസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകമായിട്ടാണ് ഈ ചര്‍ച്ചകളെ കാണേണ്ടത്. കേരളത്തില്‍, സംഘടനാ ചട്ടകൂടുകള്‍ക്കപ്പുറത്ത്, മത സംഘടനകള്‍ ചര്‍ച്ചയാവാത്തത്, ചരിത്രപരമായി ഇത്തരം പ്രസ്ഥാനങ്ങള്‍ സാമൂഹിക മണ്ഡലത്തില്‍ ഇടപെടലുകളെക്കുറിച്ചുള്ള അവ്യക്തത കാരണമാണ്. ഉത്തരേന്ത്യന്‍ മതസംഘടനകളെകുറിച്ച് നടത്തിയിട്ടുള്ള ഡികോളോണിയല്‍ പഠനങ്ങളുടെ അഭാവവും ഇതിനു ഹേതുവാണ്.

സുന്നി പാരമ്പര്യമനുസരിച്ച് എല്ലാ നൂറു വര്‍ഷങ്ങളിലും ഒരു ഉദ്ബുദ്ധാരകന്‍ (മുജദ്ദിദ്) ആഗതമാവുമെന്നാണ്. നൂറു വര്‍ഷം പൂര്‍ത്തിയാക്കുന്ന സമസ്തയുടെ ചരിത്രത്തിലും ഈ മുജദ്ദിദിന്‍റെ ഘടകം അനിവാര്യമായിത്തന്നെ കാണേണ്ടതുണ്ട്. ഷാ വലിയുള്ളാഹിയുടെ നിരീക്ഷണമനുസ്സരിച്ച്, വ്യക്തികള്‍ കുടുംബമായി മാറുമ്പോള്‍ സമൂഹങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. സമൂഹങ്ങളുടെ ഉത്തമ നിര്‍വഹണത്തിന്ന് സംഘടിത രൂപങ്ങള്‍ അനിവാര്യമാണ്. ‘ഇര്‍ത്തിഫാഖ്’ എന്നാണ് ഈ സമൂഹ വികസനത്തിനെ അദ്ദേഹം വിവക്ഷിച്ചത്. ഈ അടിസ്ഥാനത്തില്‍ പാരമ്പര്യ ഭരണ സാമൂഹ്യ സംവിധാനങ്ങള്‍ തകര്‍ന്നപ്പോള്‍, കാലോചിതമായി മാറ്റത്തെ സ്വീകരിച്ചതിന്‍റെ ഫലമാണ് സമസ്ത കേരള ജംഇയത്തുല്‍ ഉലമ.

ഖാസിം സമാന്‍, ഫ്രാന്‍സിസ് റോബിന്‍സണ്‍, ബര്‍ബറ മെറ്റ്കാള്‍ഫ് തുടങ്ങിയവരുടെ എഴുത്തുകള്‍ പാന്‍ ഇന്ത്യന്‍ ക്യാന്‍വാസില്‍ കേരളത്തിലെ സംഘടനാ പ്രസ്ഥാനത്തെ പരിശോധിക്കാന്‍ ഉപകരിക്കും. കൊളോണിയല്‍ ആധുനികതയുടെ ഉചിതമായ ക്രമീകരണമായിട്ടാണ് സമസ്ത കേരള ജംഇയത്തുല്‍ ഉലമയെ മനസ്സിലാക്കേണ്ടത്. മാറിയ സാമൂഹികാന്തരീക്ഷത്തില്‍, രാഷ്ട്രീയമായും മതകീയമായും കോളോണിയല്‍ സങ്കേതങ്ങളോട് സമരസപെട്ട് ആംഗ്ലോ ഇസലാമിന്‍റെ പരിസരത്തുനിന്നാവണം സംവാദങ്ങള്‍ തുടങ്ങേണ്ടത്. ഇസ്ലാമിന്‍റെ വ്യക്തികാര്യങ്ങളില്‍ മാത്രം പരിമിതപ്പെട്ട വ്യാഖ്യാനങ്ങള്‍, സ്റ്റേറ്റിന്‍റെ അകത്തു നിന്ന് പരിശുദ്ധ ഇസ്ലാമിനെ സംരക്ഷിക്കാനുള്ള കരുതല്‍, മത വ്യാഖ്യാനങ്ങളുടെ പാണ്ഡിത്യകുത്തക തുടങ്ങിയ എല്ലാ സവിശേഷതകളും സമസ്ത കേരള ജംഇയത്തുല്‍ ഉലമയെ സംബന്ധിച്ചും ശരിയാണ്. കൊളോണിയലിസത്തില്‍ നിന്ന് സ്വതന്ത്ര റിപ്പബ്ലിക്കിലെത്തിയപ്പോഴും ഈ അടിസ്ഥാനങ്ങള്‍ക്ക് മാറ്റം വന്നിട്ടില്ല. മുസ്ലിം ലീഗിന്‍റെ രാഷ്ട്രീയ അസ്തിത്വം, രാഷ്ട്രീയ കാര്യങ്ങളില്‍ നിന്ന് സംഘടനയെ വിമുഖമാക്കിയെന്നുള്ളത് പ്രസ്താവ്യമാണ്.

ഈയൊരു ചരിത്ര പശ്ചാത്തലത്തില്‍, ഇനി നമുക്ക് വര്‍ത്തമാനത്തിലേക്ക് വരാം. മാറിയ സൈബര്‍, ടെക്നോളജി യുഗത്തില്‍ പ്രസ്ഥാനത്തിന്‍റെ പ്രസക്തിയെന്ത്? എന്തെല്ലാം മാറ്റങ്ങളാണ് പ്രസ്ഥാനം ഉള്‍ക്കൊള്ളേണ്ടത്? സാമൂഹിക മാറ്റങ്ങളുമായി സംഘടന മല്ലിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇത്തരം ചര്‍ച്ചകള്‍ ഉചിതമാണ്. വാഫി സമസ്ത ‘കൈ തര്‍ക്കം’ വെറും സംഘടന മൂപ്പിളത്തരമായി കാണാന്‍ സാധിക്കില്ല. പാരമ്പര്യ പണ്ഡിത്യത്തില്‍ നിന്ന് ആധുനിക ഇസ്ലാമികവിജ്ഞാന വ്യവസ്ഥയിലേക്കുള്ള കേരള മുസ്ലിമിന്‍റെ സ്വാഭാവിക വികാസത്തിനെതിരായാണ് ഈ ചര്‍ച്ചകള്‍ നിലയുറത്തപ്പെടേണ്ടത്. 1960 കളില്‍ ഈജിപ്തിലെ അസ്ഹര്‍ സര്‍വകലാശാലയില്‍ നടന്ന ചര്‍ച്ചകളുമായി ഈ വിവാദത്തിന് ഏറെ സാമ്യതകളുണ്ട്.

ഇബ്നു ഖല്‍ദൂന്‍റെ ദാര്‍ശകനിയതയനുസരിച്ച് മനുഷ്യ ആയുസ്സ് പോലെ സാമൂഹികതയ്ക്കും നിശ്ചിത, സമയബന്ധിത ക്രമങ്ങളുണ്ട്. അതനുസരിച്ച് ഓരോ നൂറ്റാണ്ടിലും സമൂഹം വളര്‍ച്ച പ്രാപിക്കുകയും പുതിയ തലങ്ങളിലേക്ക് വികസിക്കുകയും ചെയ്യുന്നു. മാറുന്ന കാലത്തില്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമ നിര്‍വഹിക്കേണ്ട കര്‍ത്തവ്യങ്ങള്‍ ഗൗരവമേറിയതാണ്. സാമൂഹിക പരിണാമങ്ങളില്‍, വൈയക്തിക ഐഡന്‍റിറ്റികള്‍ ശോഷിക്കുമ്പോള്‍, സംഘടനാ ബന്ധങ്ങള്‍, ഈ ഒരു വെല്ലുവിളി നേരിടാന്‍ സഹായിക്കും. ഇന്ത്യയിലെ വിവിധ സംഘടനങ്ങളെ കുറിച്ച് പഠിച്ചിട്ടുള്ള ചരിത്രകാരന്മാര്‍ ഈ സംഘടനകളുടെ സാമൂഹിക മൂല്യങ്ങളെ വ്യക്തമാക്കിയിട്ടുണ്ട്. സംഘടനകള്‍ വെറും കമ്മിറ്റികളായി മാത്രം സംവദിക്കുമ്പോള്‍ ബോധ അബോധ തലങ്ങളില്‍ അവര്‍ ചെലുത്തുന്ന സ്വാധീനം ഗുപ്തമായിപോകുകയാണ്.

കേരള സുന്നി മുസ്ലിംകള്‍ക്ക് ആശയധാരയായും കര്‍മ്മമണ്ഡലമായും സമസ്ത കേരള ജംഇയത്തുല്‍ ഉലമ നടത്തിയിട്ടുള്ള സേവനങ്ങളുടെ ചൈതന്യം സുന്നി കമ്മ്യൂണിറ്റിക്കിടയില്‍ കാണാവുന്നതാണ്. കുറവുകളുണ്ടെങ്കിലും വ്യവസ്ഥാപിതമായി മതകീയ അന്തരീക്ഷം സുന്നി സമൂഹത്തിനിടയില്‍ വളര്‍ത്താനും അതുവഴി ഭൗതിക പരിപോഷണത്തിനും സമസ്ത കേരള ജംഇയത്തുല്‍ ഉലമ സഹായിച്ചിട്ടുണ്ട്. സമസ്തയുടെ മദ്രസ്സ സംവിധാനം ലോകത്തില്‍ തന്നെ തുല്യതയില്ലാത്തതാണ്. അതുപോലെ തന്നെ സമസ്ത അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങള്‍ നല്‍കികൊണ്ടിരിക്കുന്ന ‘ബദല്‍ വിദ്യാഭ്യാസ’ രീതിയും ശ്ലാഘനീയമാണ്.

പക്ഷെ, പൈതൃകം മാറ്റങ്ങള്‍ക്ക് വിലങ്ങു തടിയാവേണ്ടതുണ്ടോ? സുന്നി കൈരളിയെ വീണ്ടും അഭിമാനകരമായി മുന്നോട്ട് നയിക്കാന്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമ കാലോചിതമായി മാറ്റേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള വിചിന്തനങ്ങള്‍ ആണ് ഇനി.

ഒന്നാമതായി, മാറിയ കേരളീയ സുന്നി പാണ്ഡിത്യ പരിസരം സമസ്ത അംഗീകരിക്കണം. സമന്വയ വിദ്യാഭ്യാസത്തിന്‍റെ മാതൃകകളെ യൂട്ടിലിറ്റേറിയന്‍ മാത്രമായി ചുരുക്കരുത്. നേതൃനിരയിലേക്കും മുശാവറയിലേക്കും വരാനുള്ള അവസരം കൊടുക്കണം. പള്ളി ദര്‍സുകളും അറബികോളേജുകളും മാത്രമാണ് ഇസ്ലാമിക വിജ്ഞാനോല്പാദനത്തിന്‍റെ യഥാര്‍ത്ഥ ഇടങ്ങളെന്നുള്ള പിന്തിരിപ്പന്‍ നയം സമസ്ത മാറ്റണം.

മലിക സഹഗല്‍, ഈജിപ്ഷ്യന്‍ പശ്ചാത്തലത്തില്‍, ഇത്തരത്തിലുള്ള മാറ്റങ്ങളെ പഠനവിധേയമാക്കിയിട്ടുണ്ട്. ‘പെരിഫറല്‍ ഉലമ’ എന്നാണ് ആധുനിക കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങിയ പണ്ഡിതരെ കുറിച്ച് ചരിത്രകാരി വിളിച്ചത്. പാരമ്പര്യ പണ്ഡിതന്മാര്‍ ഇത്തരം ആളുകളെ മാറ്റിനിര്‍ത്തിയപ്പോള്‍, ഈജിപ്തിന്‍റെയും അറബ് നാടുകളുടെയും ഭാഗദേയം മാറ്റി എഴുതിയത് ഇത്തരത്തിലുള്ള ആധുനിക പണ്ഡിതന്മാരായിരുന്നു. മാറുന്ന സാമൂഹിക ദൗത്യങ്ങള്‍ നിറവേറ്റാന്‍, മാറുന്ന ജ്ഞാനവ്യവസ്ഥയെ കൂട്ടിപിടിക്കേണ്ടതുണ്ട്. സമന്വയ വിദ്യാഭ്യാസത്തെ പാണ്ഡിത്യ ശ്രേണികളില്‍ സാധൂകരിക്കുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടത്.

സമസ്തയുടെ മുശാവറ കൂട്ടായ ഇജ്തിഹാദിന്‍റെ ഉദാഹരണമാണ്. വ്യക്തി കേന്ദ്രീകൃതമായ മതവ്യാഖ്യാനത്തില്‍ നിന്നും കൂട്ടായ ഇജ്തിഹാദിലേക്ക് സമസ്ത എത്തിയത് കാലോചിതമായ പരിഷ്കരണത്തിന്‍റെ ഫലമായിരുന്നു. ഈ മാറിയ സാഹചര്യത്തില്‍ സമന്വയ വിദ്യാഭ്യാസത്തിലെ പണ്ഡിതന്മാരെ മുശാവറയില്‍ ഉള്‍കൊള്ളിക്കേണ്ടതുണ്ട്. കേരളീയ മുസ്ലിം സമുദായം നേരിട്ട് കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം സമയോചിതമായി, കാര്യക്ഷമമായി, പണ്ഡിതന്മാര്‍ക്ക് സമൂഹത്തിന്‍റെ താഴെ തട്ടില്‍ ഇടപെടാന്‍ കഴിയാതിരുന്നതിന്‍റെ ദുര്‍വിധിയാണ്. മാറുന്ന സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ക്രിയാത്മകമായി ഇടപെടാന്‍ മുശാവറയിലെ ഇത്തരം പരിഷ്കരണത്തിന്ന് സാധിക്കും.

സ്ത്രീകളുടെ സംഘടിത കൂട്ടായ്മയില്‍ നിന്ന് ഇനിയും സമസ്തക്ക് മാറിനില്‍ക്കാന്‍ കഴിയില്ല. ഗാര്‍ഹിക രംഗത്തുനിന്നും സാമൂഹിക, സാമ്പത്തിക മേഖലകളിലേക്ക് സ്ത്രീകള്‍ വരുമ്പോള്‍ ‘ആണത്തം’ മാറ്റിവെച്ച്, ഇസ്ലാമികമായി അവരെ സംഘടിപ്പിക്കലെ പരിഹാരമുള്ളൂ. സമസ്തയുടെ മദ്രസ്സകളൊഴിച്ച് മറ്റിടങ്ങളിലെല്ലാം കാണുന്ന സ്ത്രീ അസാന്നിധ്യം അവസാനിപ്പിക്കണം. സ്ത്രീകളുടെ മാനവിക വിഭവങ്ങള്‍ സമൂഹത്തിനും രാഷ്ട്രത്തിനും ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സമസ്ത നേതൃത്വം മുന്നോട്ട് വരണം. സ്ത്രീ പരിപ്രേക്ഷത്തിലൂടെ സ്ത്രീകളെ സംഘടിപ്പിക്കുന്ന മലേഷ്യന്‍, ഇന്തോനേഷ്യന്‍ മാതൃകകളെ ഇതിനായി പഠിക്കാവുന്നതാണ്.

രാഷ്ട്രീയത്തില്‍ സമ്മര്‍ദ്ദശക്തിയാവുന്നതിന്ന് പകരം, സാമുദായിക രാഷ്ട്രീയം കളിക്കുന്നത് സമസ്ത അവസാനിപ്പിക്കണം. പക്വമായി, അനാവശ്യ സംസാരം കുറച്ച്, മാന്യമായി സാമൂഹിക ഇടപെടല്‍ നടത്തുന്നവരായിരിക്കണം പണ്ഡിതന്മാര്‍. അല്ലാതെ ദൈനംദിന രാഷ്ട്രീയത്തില്‍ ദൃശ്യപരതയ്ക്കുവേണ്ടി ഇടപെടുന്നത് സംഘടനക്ക് ക്ഷീണം ചെലുത്തും. അതേസമയം സമുദായ-രാജ്യ നന്മക്കായി എപ്പോഴും ലോബിയിങ് ശക്തിയായി നിലനില്‍ക്കുകയും വേണം. രാഷ്ട്രീയ വീക്ഷണമില്ലാതെ സമസ്തയുടെ മുതിര്‍ന്ന പണ്ഡിതന്മാര്‍ ഈ അടുത്ത് നടത്തിയ നീക്കങ്ങള്‍ സമുദായത്തെ ഭിന്നിപ്പിക്കാനല്ലാതെ കാര്യക്ഷമമായി ഒന്നും നല്‍കാന്‍ സാധിച്ചിട്ടില്ല.

വളരെ അപകടം പിടിച്ച സംഘടനാസംവാദങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഇസ്ലാമിനെ ഏകശിലാത്മകമായി സംഘടനയിലേക്ക് ചുരുക്കുമ്പോള്‍, ദീനിന്‍റെ പല വൈവിധ്യങ്ങളും നഷ്ടമാവുന്നുണ്ട്. ഇതര ആശയധാരകളോട് വിപത്തി നിലനിര്‍ത്തുമ്പോഴും പരസ്യമായ പരിഹാസങ്ങള്‍ക്ക് പകരം ആശയചര്‍ച്ചകള്‍ക്കാണ് മുന്‍ഗണന കൊടുക്കേണ്ടത്, പ്രത്യേകിച്ചും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍. പരസ്പരം പഴിചാരി, തീവ്രവാദ അക്രമ ആരോപണങ്ങള്‍ സംഘടനാ ലാഭത്തിനുവേണ്ടി ഉപയോഗിക്കുമ്പോള്‍, എല്ലാം കണ്ടും കേട്ടും സ്റ്റേറ്റ് നിലയുറപ്പിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം മറക്കരുത്. വാഫി വിഷയത്തില്‍ സലഫി ഭീകരത സ്ഥാപനങ്ങളില്‍ വ്യാപിക്കുന്നുണ്ടെന്ന് മൈക്ക് കണ്ടപ്പോള്‍ താളത്തില്‍ പ്രസംഗിക്കുമ്പോള്‍ അതിന്‍റെ സാമൂഹിക ഭീഷണി ഓര്‍ക്കാത്തത് അപകടം തന്നെയാണ്.

സൈബര്‍ ഇടങ്ങള്‍ ഉപയോഗിച്ച് ആശയങ്ങളെ ഹീനമായി ചിത്രീകരിക്കുമ്പോള്‍ ഇസ്ലാമിന്‍റെ സൗന്ദര്യമാണ് നഷ്ടപ്പെടുന്നത്. ഇത്തരം പ്രസംഗങ്ങള്‍ ഈയടുത്തായി സമുദായ അനൈക്യം വര്‍ധിപ്പിക്കുന്നതില്‍ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. വിശ്യാവിഖ്യാതനായ കേരളീയ മുസ്ലിം ചരിത്രകാരന്‍ പാണ്ഡിത്യ നിരൂപണങ്ങള്‍ കാരണം മാപ്പ് പറയാന്‍ ഇടയായ സംഭവം വളരെ വിഷമിപ്പിക്കുന്നതാണ്. ആശയങ്ങള്‍ സംഘടന സങ്കുചിതത്തിനുള്ളില്‍ ചുരുക്കികെട്ടുമ്പോള്‍ അവിടെ തളര്‍ന്നുവീഴുന്നത് സമുദായത്തിന്‍റെ ഭാവിയാണ്. ഇസ്ലാമിന്‍റെ സുവര്‍ണ്ണ കാലഘട്ടമെന്ന് വിവക്ഷിക്കുന്ന ആദ്യകാല അബ്ബാസി യുഗം സമ്പന്നമായത് ആശയ സംഘട്ടനങ്ങള്‍ കൊണ്ടാണെന്ന് ഇത്തരക്കാര്‍ മറക്കരുത്.

പണ്ഡിതസംഘടനയെന്ന നിലയില്‍, ഇസ്ലാമിനെ സമകാലികവൽകരിക്കാന്‍ പണ്ഡിത നേതൃത്വം നിര്‍ബന്ധിതമാണ്. നിയമത്തിന്‍റെ നൂലാമാലകളില്‍ കുരുങ്ങി, അനാവശ്യ ഫിഖ്ഹ് ചര്‍ച്ചകള്‍ നടത്തി, പതിനായിരങ്ങളെ സംഘടിപ്പിക്കുന്നതിന് പകരം, ദൈനംദിന ജീവിതത്തില്‍ വിശ്വാസിക്ക് നേരിടേണ്ടിവരുന്നത് വിഷയങ്ങളെ കുറിച്ച് സമൂഹത്തെ ഉത്ബുദ്ധരാക്കണം. സിനിമ, ഇന്‍ഷുറന്‍സ്, ഷെയര്‍ മാര്‍ക്കറ്റ്, അവയവദാനം, വൈവാഹിക ജീവിതം, സംഘടിത സകാത്, നവീന ടെക്നോളോജികള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രാപ്യമായ രീതിയില്‍ മതകീയ ശിക്ഷണം നല്‍കാന്‍ സംഘടനക്കാവണം.

അവസാനമായി, ആഗോളതലത്തില്‍ മുസ്ലിം നേതൃത്വം നേരിടുന്ന പ്രശ്നമാണ് സൈബര്‍ മതപാണ്ഡിത്യം. മുഖാമുഖം കണ്ട് ജ്ഞാന സമ്പാദനത്തിനു പകരം ഇന്‍റര്‍നെറ്റ് സാധ്യമാക്കിയതാണ് ഭൂമിശാസ്ത്രപരമായി വിദൂര, അപ്രാപ്യമായ മതനേതൃത്വം. സമ്പര്‍ക്കം പുലര്‍ത്താനും ദീനിനെ കാലോചിതമായി സമീപിക്കാനും പാരമ്പര്യ പണ്ഡിതന്മാര്‍ പരാജയപ്പെട്ടപ്പോള്‍, അതിന് പകരം രംഗം വാണത് ഇന്‍റര്‍നെറ്റ് മുറിപണ്ഡിതന്മാരാണ്. മുസ്ലിം യുവജനങ്ങള്‍ക്കിടയില്‍ ‘ലോണ്‍ വോള്‍ഫ് ടെററിസം’ കൊണ്ടുവന്നതും ഇവരാണ്. മതത്തിന്‍റെ അന്തസത്ത അറിയാത്ത കണ്‍ടെന്‍റ് സ്രഷ്ടാക്കള്‍ തെറ്റായി മതത്തെ വ്യാഖാനിക്കുന്നത് അപകടകരമാണ്. സൈബര്‍ ഇടങ്ങളില്‍ സജീവമായി സംഘടന ഇടപെടണം.

നൂറാം വാര്‍ഷികം കോടികൾ ചിലവഴിച്ച്, ശക്തിപ്രകടനം മാത്രമായി ചുരുങ്ങരുത്. മറിച്ച്, മാറുന്ന സമൂഹത്തിന്ന്, ഒപ്പം നില്‍ക്കാന്‍ സംഘടനയക്ക് കഴിയണം. അതിന് മാറുന്ന യാഥാര്‍ഥ്യം മനസിലാക്കി, മതത്തിന്‍റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് ഇടപെടാന്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമക്ക് സാധിക്കണം. അതാവട്ടെ നൂറാംവാര്‍ഷികം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ഊന്നല്‍.

***

(യുഎഇ താമസക്കാരനായ ഇന്ത്യൻ എഴുത്തുകാരനാണ് മുജീബ് ജൈഹൂൻ. അധ്യാത്മിക പ്രണയം, മാനവ സ്നേഹം എന്നിവ പ്രമേയമായി വരാറുള്ള ജൈഹൂൺ രചനകൾ ഫ്രഞ്ച്, ഇറ്റാലിയൻ, അറബിക്, ഉറുദു, തമിഴ്, മലയാളം തുടങ്ങി നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യു.എ.ഇ എജ്യുക്കേഷണൽ എക്‌സലൻസ് ദേശീയ അവാർഡ് (2024), ശ്രീ നാരായണ ഗുരു ശ്രേഷ്ഠ അവാർഡ് (2022) തുടങ്ങിയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ജൈഹൂൺ രചനകൾ www.jaihoon.com ബ്ലോഗിൽ വായിക്കാവുന്നതാണ്.)

1 thought on “പൈതൃകം മാറ്റങ്ങള്‍ക്ക് വിലങ്ങു തടിയാവേണ്ടതുണ്ടോ? : മുജീബ് ജൈഹൂൻ”

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top