ഒരിക്കല്‍ സ്വപ്നത്തില്‍ എന്റെ ആത്മാവ് അലഞ്ഞു നടന്നു
കണ്ടവരോടൊക്കെ അത് സ്രഷ്ടാവിനെക്കുറിച്ച് തിരക്കികൊണ്ടിരുന്നു
ആഴിയുടെ ആഴങ്ങളിലേക്കത് ഊളിയിട്ടു
തിമിംഗലവും കടൽഭൂതവും പറഞ്ഞു
അവൻ ഇവിടെയില്ലെന്ന്!
വാനമണ്ഡലങ്ങളുടെ ഉത്തുംഗതയിലേക്കുമത് പറന്നുചെന്നു
‘ഇനിയും ഏറെ അകലെയാണവൻ’ എന്ന് മാലാഖമാർ മൊഴിഞ്ഞു
ഗിരിശ്രംഘണൾക്കു മുകളിലേറിയപ്പോൾ
‘അപ്രാപ്യനാണവൻ’ എന്ന് പാറക്കെട്ടുകളും പ്രതികരിച്ചു
വനാന്തരങ്ങളിലൂടെ അലഞോടിയപ്പോൾ
മാമരങ്ങളും നിസ്സഹായതയുടെ നൃത്തമാടി
പൂക്കളിലേക്ക് കാതോർത്തപ്പോൾ
വന്നു മറുപടി: ‘അവന്റെ സുഗന്ധം ഞങ്ങൾക്കുമന്യം’
യോഗീവര്യരേയും സന്യാസിശ്രേഷ്ഠരേയും സമീപിച്ചപ്പോൾ
നിങ്ങൾ തിരയുന്നത് ഞങ്ങൾക്കും കിട്ടിയിട്ടില്ലെന്നു തന്നു മറുപടി
എന്റെ ദാഹം കൂടുതൽ കടുത്തു
മറുപടി കിട്ടാത്തതിൽ നിരാശയും കനത്തു
എന്തേ എനിക്കെവിടെയും ഒരു ഉത്തരമില്ലേ…
മനുഷ്യപുത്രന് ഇത്രക്ക് വലിയ ദുര്യോഗമുണ്ടോ?
തന്റെ സ്വന്തം ഉടയോന്റെ രാജ്യത്തിന്നു നിന്നവൻ ഇത്രക്ക് അന്യനോ?
യജമാനൻ അത്രക്ക് അന്യനും അപ്രാപ്യനുമാവുകിൽ
അവന്റെ ദാസരെന്ന വിളിപ്പേര് നമുക്കെത്ര ചേരും
പെടുന്നനെ ഞാൻ ഉറക്കുണർന്നു…
എന്റെ മുന്നിൽ ഉത്തരത്തിലേക്ക് വഴി തുറന്നു
ഞാൻ ഗ്രന്ഥങ്ങളുടെ ഗ്രന്ഥം മറിച്ചുവെച്ചു
എന്റെ കണ്ണുകളിൽ ഞാൻ നേടിയ ഉത്തരം തിളങ്ങിനിന്നു
എനിക്കെന്റെ അബദ്ധം ബോധ്യമായി
ഹൃദയം അതിന്റെ അറ തുറന്നു
തന്റെ മജ്നു എവിടെയാണെന്ന്
ലൈലയോളം ആർക്കും തിട്ടമില്ല…
രാപ്പാടി മിട്ടുന്ന രാഗ ശിലകളുടെ അകംപൊരുൽ
പനിനീർപ്പൂവിനോളം ആർക്കും വശമില്ല
കമിതാവിനെയാണ് നീ തെരയുന്നതെൻകിൽ
കാമിനിയോട് തന്നെയാണ് നീ സംവദിക്കേണ്ടത്
ഞാൻ അവന്റെ വരികൾ കൃത്യമായി വായിച്ചെടുത്തു
അവനിൽ എങ്ങനെ ചെന്നണയാമെന്നു നോക്കി
അവന്റെ സാമീപ്യം നീ കൊതിക്കുന്നവെൻകിൽ
അവന്റെ സ്നേഹഭാജനത്തോട് തന്നെയത് ചോദിക്കുക
നാഥന്റെ വചനത്തിനായ് കാതോർക്കുക
തന്റെ സ്നേഹഭാജനത്തിനായുള്ളൊരു സ്നേഹകാവ്യമാണത്
അവന്റെ സ്നേഹം എത്രമേൽ ഉദാത്തം!
അവന്റെ സ്നേഹഭാജനം എത്ര വിശിഷ്ടം!
മുസ്ഥഫാ, സ്നേഹത്തിന്റെ പാലം
അതു കടന്നേ ആർക്കും അവനിലെത്താവൂ
മുസ്ഥഫാ, സ്നേഹത്തിന്റെ ഗിരിശൃംഘം
അതിന്റെ മുകളിലേറി വിളിച്ചെൻകിലേ നാഥനും ശ്രവിക്കൂ
മുസ്ഥഫാ, സ്നേഹത്തിന്റെ വജ്രായുധം
കമിതാക്കൾ അതെടുത്തു തല കൊയ്യാനും കൊതിപ്പൂ!
മുസ്ഥഫാ, സ്നേഹത്തിന്റെ വൻമതിൽ
വെമ്പൽ കൊള്ളുന്നു ഞാൻ എന്റെ തലയും നെഞ്ചും
അതിൽ ചെന്നിടിക്കുവാൻ
മുസ്ഥഫാ, സർവേശ്വരനൊരുത്തനിൽ
വിശ്വസിക്കാനും അവർ താൻ എനിക്ക് സാക്ഷാൽ ഹേതുകം
Alavikutty’s Malayalam translation of ‘Whereabouts of Allah’ by Jaihoon
Nov 20 09