സി. സാന്ദീപനി, മാത്രുഭൂമി ഗള്‍ഫ്‌ ഫീച്ചര്‍
C. Sandeepani, Mathrubhoomi Gulf Feature, Sep 2004
ഷാര്‍ജയില്‍ പ്രവാസി ജീവിതം നയിക്കുന്ന എടപ്പാള്‍ വെങ്ങിനിക്കര മുജീബ്‌ റഹ്‌മാന്‍ ‘ജയ്ഹൂണ്‍’ എന്ന തൂലികാ നാമത്തിലാണ്‌ സര്‍ഗരചന നടത്തുന്നത്‌. രണ്ടു കാവ്യസമാഹാരങ്ങളും ഈയിടെ പുറത്തിറങ്ങിയ ‘ദി കൂള്‍ ബ്രീസ്‌ ഫ്രം ഹിന്ദ്‌’ഉം ആാ‍ഗലസാഹിത്യത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനമുറപ്പിച്ചു.
‘ജയ്ഹൂണ്‍’ തുര്‍ക്കിസ്ഥാനിന്റെ മണ്ണിലും മനസ്സിലും ലാവണ്യാനുഭവമായ നദീ പ്രവാഹം. നിളയുടെ സംസ്കാരതടത്തില്‍ പിറന്ന്‌ ഷാര്‍ജയില്‍ പ്രവാസജീവിതം നയിക്കുന്ന ഒരെഴുത്തുകാരന്‍ ഇത്‌ തന്റെ തൂലികാനാമമാക്കി. 26-ആം വയസ്സില്‍ ആംഗലേയ സാഹിത്യപ്രപഞ്ചത്തിലെ സജീവസാന്നിദ്ധ്യമായിക്കഴിഞ്ഞ എടപ്പാള്‍ വെങ്ങിനിക്കര മുജീബ്‌ റഹ്‌മാന്‍ ആണ്‌ ‘ജയ്ഹൂണ്‍’ എന്ന പേരില്‍ സര്‍ഗരചന നടത്തുന്നത്‌. പ്രതിഭയുടെ ലാവണ്യധാരയായ രണ്ടു കാവ്യസമാഹാരങ്ങളും ഈയിടെ പുറത്തിറങ്ങിയ ‘ദി കൂള്‍ ബ്രീസ്‌ ഫ്രം ഹിന്ദ്‌’ഉം ജയ്ഹൂണീന്റെ ഇടമുറപ്പിച്ചു.
കൊച്ചി മുതല്‍ കാസര്‍കോടു വരെയുള്ള യാത്രയ്ക്കിടയില്‍ ഉണ്ടായ അനുഭവങ്ങളും കാഴ്ചകളുമാണ്‌ ‘ദി കൂള്‍ ബ്രീസ്‌ ഫ്രം ഹിന്ദ്‌’ എന്ന നോവലിന്റെ പ്രമേയം. ജന്മനാട്ടില്‍ ഒരു പ്രവാസി നടത്തുന്ന ഗ്രഹാതുര സഞ്ചാരത്തിന്റെ രേഖയല്ല ഇത്‌. താനില്ലത്ത ഒരു ഇടവേളയില്‍ ജന്മനാട്ടില്‍ കാലം വരുത്തിയ പരിവര്‍ത്തനങ്ങള്‍ ഒരു ചരിത്ര കുതുകിയുടെയും മനുഷ്യസ്നേഹിയുടെയും കണ്ണുകളിലൂടെയും കാണുകയാണ്‌ ജയ്ഹൂണ്‍. ഈ യാത്ര വ്യക്തിയുടെ സ്വകാര്യ സഞ്ചാരമല്ല. ഒരു ജനസമുദായത്തിന്റെ ചരിത്രത്തിലൂടെയും കാലത്തിലൂടേയും സംസ്കാരത്തിലൂടെയുമുള്ള ബൃഹത്തായ സഞ്ചാരമാണ്‌.
വര്‍ത്തമാനത്തിന്റെ വ്യാകുലതകള്‍ ജയ്ഹൂണിനെ വേദനിപ്പിക്കുന്നുണ്ട്‌. നവസാമ്രാജ്യത്വത്തിന്റെ അധികാരമുഖം നമ്മുടെ സംസ്കാരത്തിന്‌ മുകളില്‍ ആധിപത്യമുറപ്പിച്ചതില്‍ വേദനയും രോഷവുമുണ്ട്‌. ‘ശക്തിയാണ്‌ ശരി’,’കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍’ എന്നീ പഴയ പ്രമാണങ്ങള്‍ ഇന്നിന്റെ കാഴ്ചയാവുന്നു. സാമ്രാജ്യത്വം മനുഷ്യത്വത്തിനുമേല്‍ തേരോടുകയാണ്‌. ലോകം വികസിച്ചെന്ന്‌ അവകാശപ്പെടുമ്പോഴും മനുഷ്യന്‍ ഇടുങ്ങിയ ചിന്തയിലേക്ക്‌ ചുരുങ്ങിവരികയാണ്‌. മയുള്ളവരുടെ വീക്ഷണങ്ങളും താല്‍പ്പ്യ്‌രങ്ങളും വിശ്വാസങ്ങളും അംഗീകരിക്കാന്‍ നാം തയ്യാറല്ല. ഈ പശ്ചാത്തലത്തിലാണ്‌ ‘ദി കൂള്‍ ബ്രീസ്‌ ഫ്രം ഹിന്ദ്‌’ന്റെ രചന. അല്ലാമാ ഇഖ്ബാലിന്റെ കാവ്യശകലമാണ്‌ ഈ തലക്കെട്ടിന്‌ ആധാരം. ‘ദി കൂള്‍ ബ്രീസ്‌’ എന്ന പ്രയോകം വളരെ അര്‍ത്ഥവത്താണ്‌. ‘ഹിന്ദില്‍ നിന്നൊരു ഇളം തെന്നല്‍ എന്നെ പുണരുന്നു’ എന്ന്‌ വിശുദ്ധ പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്‌. ഇസ്ലാമിക വിശ്വാസമനുസരിച്ച്‌ ദൈവത്തിന്റെ സൃഷ്ടികളില്‍ വെച്ച്‌ ശ്രേഷ്ഠം പ്രവാചക ജന്മമാണ്‌. അങ്ങനെയുള്ള പ്രവാചകനാണ്‌ ഹിന്ദുസ്ഥാനിനെ ആശ്ലേഷിക്കുന്ന ഈ പരാമര്‍ശം നടത്തിയത്‌. മതങ്ങള്‍ക്കും ദേശങ്ങള്‍ക്കും അധികാരത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും അപ്പുരത്തുള്ള സ്നേഹമാണ്‌ ഈ പ്രവാചകവചനം. ഭാരതത്തിന്റെ നന്മയ്ക്കുള്ള അംഗീകാരവും. പ്രവാചകാംഗീകാരത്തിന്‌ പാത്രമായ ഈ നന്മയാണ്‌ ഭാരതത്തിന്റെ വലിപ്പം. മാനവസ്നേഹത്തില്‍ അടിയുറച്ച ഒരു ജനതയ്ക്കേ ഈ ആദരം നേടാനും നല്‍കാനും കഴിയൂ.
2001-ലാണ്‌ ജയ്ഹൂണിന്റെ പ്രഥമ കവിതാ സമാഹാരം ‘ഈഗോപ്റ്റിക്സ്‌’ പ്രസിദ്ധീകരിച്ചത്‌. ജലലുദ്ദീന്‍ റൂമിയുടെയും അല്ലാമാ ഇഖ്ബാലിന്റെയും വൈക്കം മുഹമ്മദ്‌ ബഷീറിന്റെയും സ്വാധീനം തന്റെ രചനകളിലുള്ളതായി ജയ്ഹൂണ്‍ പറഞ്ഞു. ജനിച്ചത്‌ ഒരു നാട്ടില്‍, വളര്‍ന്നത്‌ മറ്റൊരു നാട്ടില്‍- ഇങ്ങനെ ജീവിതത്തില്‍ രൂപപ്പെട്ട മിശ്രദേശീയതയില്‍ നിന്നുകൊണ്ട്‌ ദേശങ്ങള്‍ക്കപ്പുറമുള്ള മാനവതയ്ക്കുവേണ്ടി ജൌഹൂണ്‍ ‘ഈഗോപ്റ്റിക്സ്‌’ല്‍ സ്വരമുയര്‍ത്തുന്നു.
2003-ല്‍ പ്രസിദ്ധീകരിച്ച രണ്ടാമത്തെ കാവ്യസമാഹാരം ‘ഹെന്ന ഫോര്‍ ദി ഹാര്‍ട്ട്‌’ കാലത്തിന്റെ പൊള്ളത്തരങ്ങള്‍ക്കെതിരെയുള്ള രോഷവും പരിഹാസവുമാണ്‌. അമേരിക്കയില്‍ നിന്നു പ്രസിദ്ധീകരിച്ച ഈ പുസ്തകം വിപണി സംസ്കാരത്തിന്റെ കാലുഷ്യങ്ങള്‍ക്കു നേരെയാണ്‌ ബോാ‍ബെറിയുന്നത്‌. മേറ്റ്ല്ലാ സുന്ദര വസ്തുക്കളെയും പോലെ സ്ത്രീയും വില്‍പനച്ചരക്കാകുന്ന കാലത്തെപ്പറ്റി കവി രോഷത്തോടെ സംസാരിക്കുന്നു.
എഴുത്തിലും വായനയിലും കൂടുതല്‍ ആഴങ്ങള്‍ തിരയുകയാണ്‌ താനെന്ന്‌ ജയ്ഹൂണ്‍ പറഞ്ഞു. ഷാര്‍ജ ഏയര്‍ പോര്‍ട്ട്‌ ഇന്റര്‍ നാഷണല്‍ ഫ്രീസോണില്‍ ഓഫീസറായ തിരക്കിനിടയിലും ഇതിനു സമയം കണ്ടെത്തുന്നു. ഭാര്യ റഹ്മത്ത്‌ ഇതിനുള്ള ആത്മീയ പിന്തുണ നല്‍കുന്നു. ബാപ്പ മൊയ്ദുണ്ണി ഹാജിയും ഉമ്മ സുലൈഖയും സഹോദരങ്ങളായ അജീബും ഹസീബും നജീബയും ജയ്ഹൂണിന്റെ സര്‍ഗ വ്യാപാരത്തിന്‌ പ്രോത്സാഹനം നല്‍കുന്നു.