ഹൃദയത്തിന്റെ ആന്തരാര്‍ത്ഥത്തെ സംബന്ധിച്ചു പറയുന്നതിന്ന് ഒന്നാമതായി അതുണ്ടെന്ന യാഥാര്‍ത്ഥ്യം അറിയേണ്ടതുണ്ട്. അതോടുകൂടിത്തന്നെ സത്ത എന്തു വസ്തുവാണെന്നും അതിന്റെ ഭടന്മാര്‍ ആരെല്ലാമാണെന്നും ആ ഭടന്മാരോട് അതിനുള്ള ബന്ധം എന്താണെന്നും അതിന് അള്ളാഹുവിനെ അറിയുക എന്ന ഗുണം എങ്ങനെ ലബ്ദമായെന്നും ഈ ജ്ഞാനം കാരണമായി അത് സൌഭാഗ്യാവസ്ഥയെ എങ്ങനെ പ്രാപിക്കുമെന്നും അറിയേണ്ടത് അത്യാവശ്യമാണ്. ഈ കാര്യങ്ങളെല്ലാം വെവ്വേറെയായി ചൂണ്ടിക്കാണിക്കാം. സത്ത എന്ന ഒരു വസ്തു ഉണ്ടെന്നുള്ളത് ഒരു പ്രത്യക്ഷ സംഗതിയത്രെ.
കാരണം മനുഷ്യന് അവനുണ്ടെന്ന കാര്യത്തില്‍ യാതൊരു സന്ദേഹവുമില്ല. എന്നാല്‍ അവന്റെ അസ്തിത്വം ഈ ജഢം കൊണ്ടല്ല. അത് മൃതദേഹത്തിനുമുണ്ട്. അതിന് ആത്മാവില്ല. സത്ത എന്ന വാചകം കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് സാക്ഷാല്‍ ആത്മാവിനെ തന്നെയാണ്. ഈ ആത്മാവ് ബഹിര്‍ഗമിക്കുമ്പോള്‍ ശരീരം ശവമായി പരിണമിക്കും. ഒരാള്‍ തന്റെ കണ്ണുകളെ അടച്ചുകൊണ്ട് സ്വശരീരത്തെയും ആകാശഭൂമികളെയും കണ്ണിന് ദൃശ്യമാവുന്ന അഖില സാധനങ്ങളെയും വിസ്മരിക്കുന്നതായാലും തന്റെ അസ്തിത്വത്തെ സംബന്ധിച്ചുള്ള ജ്ഞാനം ഉണ്ടായിരിക്കുന്നതാണ്. ആകാശവും ഭൂമിയും സ്വശരീര്‍വും മേറ്റ്ല്ലാ വസ്തുക്കളും അവന്റെ ബോധത്തില്‍ നിന്ന് വിട്ട് പോയാലും തന്റെ അഹന്തയെ സംബന്ധിച്ച ബോധം അവനില്‍ നിന്ന് നശിക്കുന്നതല്ല. ഈ സംഗതിയില്‍ ചിന്തിക്കുന്നവന് പാരത്രിക ലോകത്തിന്റെ ആന്തരാര്‍ത്ഥത്തെ സംബന്ധിച്ച് ഏേതാണ്ട് അറിയാന്‍ സാധിക്കും.ശരീരം വേര്‍പ്പെട്ട് പോയാലും താന്‍ നശിക്കാതെ മറ്റൊരു സ്ഥാനത്ത് സ്ഥിതി ചെയ്യുന്നതാണെന്നും അവന് ഗ്രഹിക്കാവുന്നതാണ്.
അദ്ധ്യായം 3, കീമിയാ സആദ