കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങള്‍ ഈ മഹാമനുഷ്യന്റെ ദേഹവിയോഗത്തില്‍ ദുഃഖിക്കുന്നു. തങ്ങള്‍ക്കേവര്‍ക്കും വേണ്ടപ്പെട്ടൊരാള്‍, ഏതു നേരത്തും ആശ്രയിക്കാവുന്നൊരു അത്താണി – അങ്ങനെയുള്ളൊരു വ്യക്തിയാണ്
പെട്ടെന്ന് വിടപറഞ്ഞത്
– എം.പി. വീരേന്ദ്രകുമാര്‍
Essay on Sayyid Shihab Thangal by MP Virendrakumar
Aug 09 2009, Mathrubhumi
ക ഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാന്‍ വൈദ്യമഠത്തില്‍ ചികിത്സയിലാണ്. ആഗസ്‌ത് ഒന്നാം തീയതി ശനിയാഴ്‌ച ഒരു സാധാരണ ദിവസം. പതിവുദിനചര്യകള്‍. അത്താഴത്തിനുശേഷം ഞാനൊരു പുസ്‌തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്‌നി ഉഷ ടി.വി. കാണുകയും. എന്നെയവള്‍ ശബ്ദമുയര്‍ത്തിവിളിച്ചു. പതിവില്ലാത്തതായിരുന്നു അത്. ”ശിഹാബ് തങ്ങള്‍ മരിച്ചു. ഇതാ ടി.വി.യില്‍…” ഞാനൊന്നു നടുങ്ങി. എല്ലാ ചാനലുകളിലും ഫ്‌ളാഷ്-‘ശിഹാബ് തങ്ങള്‍ അന്തരിച്ചു.’ മലപ്പുറത്തെ ഒരു സ്വകാര്യ ആസ്‌പത്രിയിലായിരുന്നു അന്ത്യം. ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞിരിക്കുന്നു; രാത്രി 8.45ന്, എഴുപത്തിമൂന്നാം വയസ്സില്‍. ആ സ്‌നേഹസാന്നിധ്യം ഇനിയില്ല എന്നു വിശ്വസിക്കാന്‍ ഇപ്പോഴുമാകുന്നില്ല.
തങ്ങളുടെ ദേഹവിയോഗത്തിലൂടെ നമുക്ക് നഷ്‌ടമായത് മാനവസ്‌നേഹത്തിന്റെയും മതമൈത്രിയുടെയും ഉപാസകനെയാണ്; മുസ്‌ലിം സഹോദരങ്ങള്‍ക്ക് ആത്മീയനേതാവിനെയും. മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ചോദ്യം ചെയ്യപ്പെടാത്ത അനിഷേധ്യ നേതാവായിരുന്നു അദ്ദേഹം.
ശിഹാബ് തങ്ങളുടെ നിര്യാണവാര്‍ത്തയറിഞ്ഞവരറിഞ്ഞവര്‍, ജാതിമതഭേദ മെന്യേ, പാണക്കാട് കൊടപ്പനയ്‌ക്കല്‍ തറവാട്ടിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. രാവേറെ കനത്തിട്ടും നേരം പുലര്‍ന്നിട്ടും ആ പ്രവാഹം അവസാനിച്ചില്ല.
എനിക്ക് ശിഹാബ് തങ്ങളുമായി ദീര്‍ഘകാലത്തെ അടുത്ത ബന്ധമുണ്ട്. വിനയാന്വിതമായ പെരുമാറ്റവും ലളിതജീവിതവും സമഭാവനയും വര്‍ത്തമാനകാല പൊതുജീവിതത്തില്‍ അദ്ദേഹത്തെ വേറിട്ടൊരു വ്യക്തിത്വമാക്കി. ഞാനടക്കമുള്ള പൊതുപ്രവര്‍ത്തകരെയിന്ന് വേട്ടയാടുന്നത് ഭൂതകാലമാണ്-പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോള്‍. മുന്‍പ് പറഞ്ഞത് തിരുത്തിപ്പറയേണ്ട വിഷമാവസ്ഥയിലാണ് പലരും. ആ ഗണത്തില്‍ പക്ഷേ, ശിഹാബ് തങ്ങള്‍ പെടില്ല. മിതഭാഷിയായ അദ്ദേഹം, വളരെ സൂക്ഷിച്ചുമാത്രമേ വാക്കുകളുപയോഗിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ തിരുത്തിപ്പറയേണ്ടിവന്നിട്ടുമില്ല. പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിലെത്താന്‍ അദ്ദേഹത്തിന് നിഷ്‌പ്രയാസം കഴിയുമായിരുന്നു. എന്നാല്‍ അതിനുമപ്പുറത്തുള്ള ചാലകശക്തി യായിത്തീര്‍ന്നൂ, അദ്ദേഹം.
ശിഹാബ് തങ്ങള്‍ സമചിത്തത കൈവെടിഞ്ഞില്ല; വിവാദങ്ങളില്‍ അകപ്പെട്ടുമില്ല. സമവായത്തിന്റെ വക്താവായിരുന്നു, അവസാനനാള്‍വരെ, ഈ വലിയ മനുഷ്യന്‍. അതുകൊണ്ടൊക്കെത്തന്നെ, അഭിപ്രായഭിന്നതകളുള്ളവര്‍ക്കുപോലും അദ്ദേഹം ആദരണീയനായി. ശാന്തവും സ്‌നേഹനിര്‍ഭരവുമായ മനസ്സ്, പിതാവ് സയ്യിദ് പി.എം.എസ്.എ. പൂക്കോയതങ്ങളും ഭാര്യാപിതാവ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കിതങ്ങളും അദ്ദേഹത്തില്‍ ചെലുത്തിയ സ്വാധീനങ്ങളാല്‍ സമാര്‍ജിതമായതാണ്. പൂക്കോയതങ്ങളുമായും അബ്ദുറഹിമാന്‍ ബാഫക്കി തങ്ങളുമായും ബന്ധപ്പെടാന്‍ എനിക്കവസരം ലഭിച്ചിരുന്നു. എന്റെ പിതാവ് പത്മപ്രഭ ബാഫക്കി തങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു. തലമുറകളിലൂടെ സമന്വിതമായ സ്‌നേഹത്തുടര്‍ച്ചയാണിതെന്ന് ഞാന്‍ കരുതുന്നു.
ശിഹാബ് തങ്ങളുമായി പല വേദികളും ഞാന്‍ പങ്കിട്ടിട്ടുണ്ട്. 2008 മെയ് 19-ാം തീയതി കോഴിക്കോട്ടുവെച്ച് അദ്ദേഹത്തിന് ‘എസ്.കെ. പൊറ്റെക്കാട്ട് സാഹിത്യപുരസ്‌കാരം’ സമര്‍പ്പിച്ച് ആദരിച്ച വേദിയില്‍ ഞാനുമുണ്ടായിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണിയാണ് തങ്ങളുടെ ‘മതം സമൂഹം സംസ്‌കാരം’ എന്ന ലേഖനസമാഹാരം മുന്‍നിര്‍ത്തി പൊറ്റെക്കാട്ട് പുരസ്‌കാരം അദ്ദേഹത്തിനു സമര്‍പ്പിച്ചത്. പല തുറകളില്‍ നിന്നുമുള്ള പ്രഗല്‌ഭമതികള്‍ വേദിയിലും നിറഞ്ഞ സദസ്സിലുമുണ്ടായിരുന്നു. ഡോ. എം.എ. കരീം രചിച്ച ‘പാണക്കാട്ടെ പച്ചത്തുരുത്ത്’ എന്ന രചന ആ ചടങ്ങില്‍വെച്ച് എ.കെ. ആന്റണിയില്‍ നിന്ന് ഏറ്റുവാങ്ങിയത് ഞാനായിരുന്നു.
കടലുണ്ടിപ്പുഴയുടെ നിമന്ത്രണങ്ങള്‍ ശ്രവിച്ച്, ഗതകാല പ്രൗഢിയില്‍ ശിരസ്സുയര്‍ത്തിനില്‍ക്കുന്ന പാണക്കാട്ടെ കൊടപ്പനയ്‌ക്കല്‍ തറവാടിന്റെ പൂമുഖത്ത്, പല വിഭാഗങ്ങളില്‍ നിന്നുമുള്ള ജനസഹസ്രങ്ങള്‍, മുഹമ്മദലി ശിഹാബ് തങ്ങളെ കാണാനെത്തിയിരുന്നു. മന്ത്രിമാരും രാഷ്ട്രീയനേതാക്കളും പാവപ്പെട്ടവരും രോഗികളും വഴിപിരിയലിന്റെ വക്കത്തെത്തിനില്‍ക്കുന്ന ദമ്പതിമാരും പലതരം തര്‍ക്കങ്ങളില്‍പ്പെട്ട് ശത്രുതയില്‍ കഴിയുന്നവരുമൊക്കെയുണ്ടായിരുന്നു അവരില്‍. വന്നവര്‍ തിരിച്ചുപോയത് സംതൃപ്‌തിയോടെയും സമാധാനത്തോടെയും.
2000 ഒക്ടോബര്‍ എട്ടാം തീയതി കോട്ടക്കല്‍ വെച്ച് നടന്ന ‘മാതൃഭൂമി’യുടെ ഏഴാമത് എഡിഷന്റെ ഉദ്‌ഘാടനത്തെക്കുറിച്ച് ഓര്‍ക്കാതിരിക്കാനാവുന്നില്ല. തല്‍സംബന്ധമായി നടന്ന ചര്‍ച്ചകളില്‍ ഞങ്ങളെല്ലാം ഏകാഭിപ്രായക്കാരായിരുന്നു–മലപ്പുറത്തിന്റെ മഹാനായ പുത്രന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ‘മാതൃഭൂമി’യുടെ എക്കാലത്തെയും അടുത്ത ബന്ധു കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.കെ. വാരിയരും ചടങ്ങില്‍ സംബന്ധിക്കണം എന്ന കാര്യത്തില്‍. എന്റെ അഞ്ചുവയസ്സുകാരിയായ പേരമകള്‍ മയൂര (ശ്രേയാംസിന്റെ മകള്‍) യാണ് , ഉദ്‌ഘാടനം നിര്‍വഹിച്ച് നാടമുറിക്കാന്‍ കത്രിക തളികയില്‍ വെച്ച് ശിഹാബ്‌തങ്ങള്‍ക്ക് നല്‍കിയത്. തങ്ങളുടെ പ്രാര്‍ഥനയും അനുഗ്രഹങ്ങളും ‘മാതൃഭൂമി’യെ ധന്യമാക്കി.
തങ്ങളുടെ നിര്യാണവാര്‍ത്തയറിഞ്ഞപ്പോള്‍, എന്റെ പേരക്കുട്ടി മയൂര എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു: ”താത്തയറിഞ്ഞില്ലേ, നമ്മുടെ പാണക്കാട്ടെ തങ്ങള്‍ മരിച്ചുപോയി.” അഞ്ചാം വയസ്സില്‍ തങ്ങളെ നേരില്‍ക്കണ്ട അവളുടെ കുരുന്നുമനസ്സിലും ആ സ്‌നേഹനിധിയായ മനുഷ്യന്‍ ഇടം നേടിയിരുന്നു. കുറെ വര്‍ഷങ്ങളായി ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചുവരുന്ന റംസാന്‍ സപ്ലിമെന്റിന്റെ ആദ്യപതിപ്പ് കൊടപ്പനയ്‌ക്കല്‍ തറവാട്ടില്‍വെച്ച് ശിഹാബ് തങ്ങളാണ് പ്രകാശനം ചെയ്‌തത്. തങ്ങളുമായി ബന്ധപ്പെട്ട ഈ കാര്യങ്ങള്‍ ‘മാതൃഭൂമി’ എന്നും നന്ദിയോടെ സ്‌മരിക്കും.
1958-ല്‍ കയ്‌റോവിലെ വിഖ്യാതമായ അല്‍-അസ്‌ഹര്‍ സര്‍വകലാശാലയില്‍ ചേര്‍ന്നാണ് തങ്ങള്‍ ഉപരിപഠനം നടത്തിയത്. അറബിഭാഷയിലും സാഹിത്യത്തിലും അദ്ദേഹത്തിന് അപാര പാണ്ഡിത്യമുണ്ടായിരുന്നു. കയ്‌റോവിലെ വിദ്യാര്‍ഥി ജീവിതകാലത്ത്, പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെ’ു ഈജിപ്‌ത് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെയും പ്രസിഡന്റ് ഗമാല്‍ അബ്ദുള്‍ നാസറിനെയും കണ്ടതും അവരുടെ കൂടെനിന്ന് പടമെടുത്തതും ശിഹാബ് തങ്ങള്‍ അനുസ്‌മരിച്ചിട്ടുണ്ട്. ആ പടത്തില്‍ പ്രസിഡന്റ് നാസര്‍ ഒപ്പുവെച്ചിരുന്നു. നാസറിനെത്തുടര്‍ന്ന് പ്രസിഡന്റായ അന്‍വര്‍ സാദത്തുമായും തങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നു.
അല്‍-അസ്‌ഹറിലെ പഠനാനന്തരം അദ്ദേഹം കയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1966-ല്‍ മറ്റൊരുന്നത ബിരുദവും നേടി. ആ വര്‍ഷം തന്നെ ലിസാന്‍സ് അറബിക് ലിറ്ററേച്ചര്‍ ബിരുദവും തങ്ങള്‍ കരസ്ഥമാക്കി. ഇതിനിടയില്‍ ഈ വിജ്ഞാനോപാസകന്‍, കയ്‌റോ യൂണിവേഴ്‌സിറ്റിയിലെ ശൈഖ് അബ്ദുള്‍ ഹലീം മഹ്‌മൂദ് എന്ന സൂഫിവര്യന്റെ ശിഷ്യനായിരുന്ന ഒരു പണ്ഡിതന്റെ കൂടെ മൂന്നുവര്‍ഷം ദീര്‍ഘിച്ച സൂഫിസം കോഴ്‌സും പൂര്‍ത്തിയാക്കി.
കയ്‌റോവിലെ പഠനശേഷം അല്‍-അസ്‌ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി ചേരാനായിരുന്നു മോഹമെങ്കിലും പിതാവ് നാട്ടിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ശിഹാബ് പാണക്കാട്ടെത്തി. അക്കാലത്ത് പതിനായിരം രൂപയോളം വേതനം ലഭിക്കുന്ന അല്‍- അസ്‌ഹറിലെ അധ്യാപന ജോലിയുപേക്ഷിച്ചാണ് അദ്ദേഹം നാട്ടിലേക്ക് പോന്നത്. അതേക്കുറിച്ച് പിതാവ് സയ്യിദ് പൂക്കോയതങ്ങളോട് അദ്ദേഹത്തിന്റെ വിശ്വസ്‌തനായ പാണക്കാട് അഹമ്മദ് ഹാജി ആരാഞ്ഞപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു: ”ഇത്രയും വലിയ ശമ്പളമുള്ള ജോലി കോയമോന് വേണോ? നമുക്ക് കോയമോന്റെ പണം വേണ്ട. കോയമോനെ മതി” –ബാപ്പയുടെ പുന്നാര മോനായിരുന്നു കോയമോന്‍ എന്ന ശിഹാബ്.
പാണക്കാട്ട് തിരിച്ചെത്തിയശേഷം ശിഹാബ് തങ്ങള്‍ വായനയുടെയും എഴുത്തിന്റെയും ലോകത്തിലായി. പിതാവില്‍ നിന്ന് പലതും പഠിച്ചു. സയ്യിദ് വംശാവലിയുടെ പാരമ്പര്യം ഉള്‍ക്കൊണ്ട ശിഹാബ് തങ്ങള്‍ക്ക് കൊടപ്പനയ്‌ക്കല്‍ തറവാട്ടിലെ ശ്രദ്ധേയസാന്നിധ്യമാകാന്‍ ഏറെക്കാലം വേണ്ടിവന്നില്ല.
ഇവിടെ അദ്ദേഹത്തിന്റെ വംശാവലിയെക്കുറിച്ച് ‘സ്വമായി സൂചിപ്പിക്കട്ടെ. പ്രവാചകനായ മുഹമ്മദ് നബിയുടെ വംശപരമ്പരയില്‍പ്പെട്ടവരാണ് സയ്യിദുമാര്‍ അഥവാ തങ്ങന്മാര്‍. നൂറ്റാണ്ടുകള്‍ക്കുമുമ്പ് യെമനില്‍ നിന്ന് പായ്‌ക്കപ്പലില്‍ കടല്‍താണ്ടിയാണ് ശിഹാബ് തങ്ങളുടെ പിതാമഹന്മാര്‍ വളപട്ടണത്തെത്തിയത്. ഒരു തങ്ങളുടെ മകന്‍ അറയ്‌ക്കല്‍ രാജവംശത്തില്‍നിന്ന് വിവാഹം കഴിച്ച് കുറേക്കാലം അവിടെ ജീവിച്ചു. പിന്നീട് കോഴിക്കോട്ടേക്ക് താമസം മാറ്റി. അതിലൊരു താവഴി മുന്നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് പാണക്കാട്ടെത്തി. നബി തിരുമേനിയുടെ നാല്‌പതാമത് പേരക്കുട്ടിയാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന് ചരിത്രരേഖകള്‍.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ശിഹാബ്‌തങ്ങള്‍ സാഹിത്യതത്‌പരനായിരുന്നു. ‘മാതൃഭൂമി’യടക്കമുള്ള മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈജിപ്‌തിലെ പത്രപ്രവര്‍ത്തനം, സൂയസ് കനാലും നാസര്‍ പദ്ധതിയും, ലൈലാ ഖാലിദിന്റെ ആത്മകഥ, പിരമിഡുകള്‍, ഇബ്‌നു സീനയുടെയും അല്‍ ബറൂണിയുടെയും ജീവചരിത്രങ്ങള്‍ തുടങ്ങിയ രചനകള്‍ പഠനകാലത്ത് പ്രസിദ്ധീകരിച്ചവയിലുള്‍പ്പെടുന്നു. ഖലീല്‍ ജിബ്രാന്റെ ഒരു രചന (‘ശ്‌മശാനഭൂമി’) ശിഹാബ് തങ്ങള്‍ അറബിയില്‍നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ലളിതസുന്ദരമായ തങ്ങളുടെ ശൈലിക്ക് ഈ ഒരൊറ്റ രചന മതി, സാക്ഷ്യത്തിന്. പരിഭാഷയില്‍ നിന്നു ചില വരികള്‍:
”ആ രണ്ട് നഗരങ്ങളുടെ-ജീവിച്ചിരിപ്പുള്ളവര്‍ക്കും മരണപ്പെട്ടവര്‍ക്കുള്ളതുമായ ആ രണ്ട് നഗരങ്ങളുടെ-മധ്യത്തിലിരുന്നുകൊണ്ട് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. നിരന്തരമായ ചലനവും അനന്തമായ സംഘട്ടനവുമാണ് ഈ പട്ടണത്തില്‍! ശ്‌മശാനത്തിലാണെങ്കില്‍ നിശ്ചലമായ മൂകതയും മുറ്റിനി’ുന്ന പ്രശാന്തതയും. ആശയും നിരാശയും സ്‌നേഹവും ക്രൂരതയും കുബേരതയും കുചേലതയും ധര്‍മവും അധര്‍മവും ഒരു ഭാഗത്ത് പടപൊരുതുമ്പോള്‍, മറ്റൊരു ഭാഗത്ത് മണ്ണ് മണ്ണോടുചേരുകയാണ്. പിന്നീട് പ്രകൃതി അതിനെ വീണ്ടും സസ്യങ്ങളും ജീവികളുമാക്കി മാറ്റിമറിക്കുന്നു…” ഇപ്പോള്‍ ഈ വചനങ്ങള്‍ വീണ്ടും വായിക്കുമ്പോള്‍ മനസ്സില്‍ നൊമ്പരം.
അറബി ഭാഷയില്‍ കവിതകളും രചിച്ചിട്ടുണ്ട് ശിഹാബ്‌തങ്ങള്‍. തന്റെ മുഴുവന്‍ സമയവും, തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് നല്‍കിയ തങ്ങള്‍ക്ക് കൂടുതല്‍ സര്‍ഗാത്മകസൃഷ്‌ടികള്‍ രചിക്കുവാന്‍ കഴിഞ്ഞില്ല. അല്ലായിരുന്നുവെങ്കില്‍, മലയാളഭാഷയ്‌ക്ക് അനശ്വരമായ സംഭാവനകള്‍ അദ്ദേഹത്തില്‍നിന്ന് ലഭിക്കുമായിരുന്നു. മലയാളം-അറബിക്-ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെ നല്ലൊരു ശേഖരമുണ്ട്, കൊടപ്പനയ്‌ക്കല്‍ തറവാട്ടില്‍. അയോധ്യയിലെ ബാബ്‌റി മസ്‌ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ രാജ്യത്തിന്റെ പല ഭാഗത്തും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കേരളത്തിലും അന്തരീക്ഷം കലുഷിതമായിരുന്നു. ആ ഘട്ടത്തില്‍ മതസൗഹാര്‍ദം നിലനിര്‍ത്താന്‍ പാണക്കാട് തങ്ങള്‍ വഹിച്ച പങ്ക് ചരിത്രത്തില്‍ കുറിക്കപ്പെടും.
പൂന്തുറയില്‍ വര്‍ഗീയതയുടെ അഗ്‌നിനാളങ്ങള്‍ സര്‍വതിനെയും ഗ്രസിച്ചകാലം. എന്തും സംഭവിക്കാവുന്ന അന്തരീക്ഷം. ശിഹാബ് തങ്ങള്‍ പോലീസിന്റെ മുന്നറിയിപ്പുകള്‍പോലും അവഗണിച്ച് വീടുകളും കച്ചവടസ്ഥാപനങ്ങളുമൊക്കെ കത്തിയമര്‍ന്നുകൊണ്ടിരുന്ന പൂന്തുറയിലെത്തി. ഇതുസംബന്ധിച്ച് തങ്ങളുടെ തന്നെ വാക്കുകള്‍:
”തലേന്നുരാത്രി ചില മതഭ്രാന്തന്മാര്‍ അഗ്‌നിക്കിരയാക്കിയ ഒരു ക്ഷേത്രം ഈ യാത്രയ്‌ക്കിടെയാണ് ഞാന്‍ കണ്ടത്. അവിടെയിറങ്ങി, ആ ആരാധനാലയത്തിന്റെ തകര്‍ച്ചയില്‍ സങ്കടപ്പെടുന്ന ഹിന്ദു സഹോദരന്മാരെ ആശ്വസിപ്പിക്കേണ്ടത് അനിവാര്യമാണെന്നു തോന്നി. ഞാന്‍ കാര്‍ നിര്‍ത്താന്‍ പറഞ്ഞു.” അവിടെപ്പോയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെയോര്‍ത്ത് കൂടെയുണ്ടായിരുന്നവരൊക്കെ ആ സാഹസത്തില്‍ നിന്നു പിന്തിരിയാന്‍ അപേക്ഷിച്ചെങ്കിലും, അദ്ദേഹം ക്ഷേത്രത്തിലേക്ക് നടന്നു. തെല്ലിട സംശയത്തോടെ നിന്ന ക്ഷേത്രഭാരവാഹികള്‍ക്കും മറ്റും പാണക്കാട് വലിയ തങ്ങളെ സ്വീകരിക്കാന്‍ ഏറെ ചിന്തിക്കേണ്ടി വന്നില്ല. അവരോടൊപ്പമാണദ്ദേഹം കലാപം കത്തിയെരിച്ച പൂന്തുറ കടല്‍ത്തീരത്തേക്ക് പോയത്. അതേക്കുറിച്ച് പിന്നീട് ശിഹാബ് തങ്ങള്‍ പറഞ്ഞു:
”വല്ലാത്തൊരനുഭവമായിരുന്നു അത്. ഒരു വര്‍ഗീയ കലാപത്തില്‍ സര്‍വതും നഷ്‌ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍. വര്‍ഷങ്ങള്‍ നീണ്ട അത്യധ്വാനത്തിലൂടെ നേടിയെടുത്തതെല്ലാം ആ ഒരൊറ്റ രാത്രികൊണ്ട് നഷ്‌ടപ്പെടുമ്പോഴുണ്ടാകുന്ന കനത്ത വേദന. എന്നാല്‍ താങ്ങാനാവാത്ത ആ ദുഃഖഭാരത്തിനിടയിലും മറ്റൊരാള്‍ വേദനിക്കുന്നത് സഹിക്കാനാവാത്ത സ്‌നേഹസമ്പന്നര്‍. നിഷ്‌കളങ്കരായ കടലിന്റെ മക്കള്‍. അവരുടെ ദുഃഖങ്ങള്‍ പങ്കിടാന്‍, അവര്‍ക്ക് സാന്ത്വനം പകരാന്‍ പൂന്തുറയിലൂടെ കടന്നുപോയ നിമിഷങ്ങള്‍ മനസ്സില്‍ നിന്നൊരിക്കലും മായുമെന്നു തോന്നുന്നില്ല.” നാദാപുരത്തും അങ്ങാടിപ്പുറത്തുമൊക്കെ അനിഷ്‌ടസംഭവങ്ങളുണ്ടായപ്പോഴും അവിടെയൊക്കെ സമാധാനദൗത്യവുമായെത്തീ, ഈ വലിയ മനുഷ്യന്‍.
ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍: ”ഒരു സമുദായം അന്യസമുദായങ്ങളെ മോശമായി ചിത്രീകരിക്കുന്നിടത്താണ് വര്‍ഗീയത കാണേണ്ടത്. സ്വന്തം കാര്യം പറയുന്നത് വര്‍ഗീയതയല്ല. ജനാധിപത്യ വ്യവസ്ഥയില്‍ അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ എല്ലാ സംഘടനകള്‍ക്കും കൊടുക്കണം. മുസ്‌ലിങ്ങള്‍ ഹിന്ദുസംഘടനകളെയും ഹിന്ദുക്കള്‍ മുസ്‌ലിം സംഘടനകളെയും ആദരിക്കണം. മറിച്ചുള്ള നിലപാട് ശരിയല്ല.”
സഹോദരങ്ങളും മക്കളും മരുമക്കളും പേരമക്കളും മറ്റുമടങ്ങുന്ന ഒരു വലിയ തറവാടു മാത്രമല്ല, കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങള്‍ ഈ മഹാമനുഷ്യന്റെ ദേഹവിയോഗത്തില്‍ ദുഃഖിക്കുന്നു. തങ്ങള്‍ക്കേവര്‍ക്കും വേണ്ടപ്പെട്ടൊരാള്‍, ഏതു നേരത്തും ആശ്രയിക്കാവുന്നൊരു അത്താണി – അങ്ങനെയുള്ളൊരു വ്യക്തിയാണ് പെട്ടെന്ന് വിടപറഞ്ഞത്. അദ്ദേഹത്തിന് അന്ത്യാഞ്‌ജലികളര്‍പ്പിക്കാന്‍ പാര്‍ട്ടിയിലെ എന്റെ സഹപ്രവര്‍ത്തകന്‍ കെ. കൃഷ്‌ണന്‍കുട്ടിയോടൊപ്പം മലപ്പുറത്തെത്തിയപ്പോള്‍, ജനങ്ങളുടെ അനന്തമായി നീളുന്ന നിര കണ്ടു. രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക നേതാക്കളില്‍ പലരും മലപ്പുറം ടൗണ്‍ഹാളിലെത്തിയിരുന്നു. ശിഹാബ് തങ്ങളുടെ ചേതനയറ്റ ഭൗതികശരീരത്തിനരികെ, എല്ലാം നിയന്ത്രിച്ചുകൊണ്ട് പി.കെ.കുഞ്ഞാലിക്കുട്ടിയും അടുത്തുതന്നെ അബ്ദുസമദ് സമദാനിയും ഡോ. എം.കെ.മുനീറും പി.വി.അബ്ദുള്‍വഹാബുമടക്കമുള്ള പല നേതാക്കളും ഉണ്ടായിരുന്നു -വിതുമ്പിക്കൊണ്ട്. കേന്ദ്രമന്ത്രി ഗുലാംനബി ആസാദിനോടൊപ്പം എത്തിയ കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ.അഹമ്മദ് ദുഃഖമടക്കാനാവാതെ കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. സയ്യിദ് ബഷീറലി ശിഹാബ് തങ്ങളടക്കമുള്ള മക്കളും സയ്യിദ് ഉമറലി ശിഹാബ് തങ്ങളും ഹൈദരലി ശിഹാബ് തങ്ങളും മറ്റു സഹോദരങ്ങളും അവിടെ ഖനീഭവിച്ച ദുഃഖമായി.
എല്ലാ വീഥികളും മലപ്പുറത്തേക്ക് നീളുകയായിരുന്നു. പാണക്കാട്ടെ വലിയ തങ്ങളെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയവരില്‍ പലരും തേങ്ങിക്കരഞ്ഞു. ചിലര്‍ കരച്ചിലടക്കാന്‍ പാടുപെട്ടു. വികാരവിക്ഷുബ്ധ്‌ധമായൊരു കാഴ്‌ചയും അനുഭവവുമായിരുന്നു അത്. ഞാനും ആ ശാന്തമായ മുഖംകണ്ടു. തങ്ങള്‍ മനുഷ്യമനസ്സുകളില്‍ ജീവിക്കും… തലമുറകള്‍ അദ്ദേഹത്തെ കൃതജ്ഞതയോടെ സ്‌മരിക്കും.
-പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചരിത്രമായിരിക്കുന്നു
ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍: ”ഒരു സമുദായം അന്യസമുദായങ്ങളെ മോശമായി ചിത്രീകരിക്കുന്നിടത്താണ് വര്‍ഗീയത കാണേണ്ടത്. സ്വന്തം കാര്യം പറയുന്നത് വര്‍ഗീയതയല്ല. ജനാധിപത്യ വ്യവസ്ഥയില്‍ അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ എല്ലാ സംഘടനകള്‍ക്കും കൊടുക്കണം. മുസ്‌ലിങ്ങള്‍ ഹിന്ദുസംഘടനകളെയും ഹിന്ദുക്കള്‍ മുസ്‌ലിം സംഘടനകളെയും ആദരിക്കണം. മറിച്ചുള്ള നിലപാട് ശരിയല്ല.”
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചരിത്രമായിരിക്കുന്നു