Religion & Spirituality in Era of Globalization
Zainul Abideen K. Purathoor
(First prize Winner of JAIHOON.TV Literary Contest 2008)
ആഗോളവത്കരണ കാലത്തെ മതവും ആത്മീയതയും
തയ്യാറാക്കിയത്: സൈനുൽ ആബിദീൻ. കെ. പുറത്തൂർ
ആത്മീയതയോടുള്ള അഭിനിവേശം മനുഷ്യന്റെ പ്രധാന നൈസർഗിക വാസനകളിലൊന്നാണ്. മനുഷ്യന് മനുഷ്യനായി ജീവിക്കാൻ അത് കൂടിയേ തീരൂ. എന്നാൽ മനുഷ്യന്റെ എല്ലാ നൈസർഗ്ഗിക വാസനകളെയും ചോദനകളേയും കച്ചവടച്ചരക്കാക്കുക എന്നത് ആഗോളവത്കരണകാലത്തെ ചില മുതലാളിത്ത ശ്രമമാണ്. കപടസന്യാസിമാരിലൂടെ നമ്മുടെ നാട്ടിൽ തഴച്ച് വളരുന്ന ആൾദൈവ വ്യവസായം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമത്രെ.
നവ ആത്മീയത, അരാഷ്ട്രീയത, സമൂഹം
ശരീരത്തോടൊപ്പം മനസ്സും ആത്മാവും കൂടിയുണ്ട് എന്നതാണ് മനുഷ്യന്റെ സവിശേഷത. അവനെ മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യാൻ പ്രേരിപ്പിക്കുന്നതും പരക്ഷേമതൽപരനാക്കുന്നതും ഈ ആത്മാവിന്റെ സാനിദ്ധ്യമാണ്. ഒരു ആത്മാവ് നഷ്ടപ്പെട്ടിട്ട് ഈ ലോകം മുഴുവൻ നേടിയിട്ടെന്തു കാര്യം എന്ന ബൈബിൾ വചനവും “തീർച്ചയായും ആത്മാവിനെ സംസ്കരിച്ചവൻ വിജയിച്ചു അതിനെ മലിനമാക്കിയവൻ പരാജയപ്പെട്ടു.” എന്ന ഖുർആനിക പ്രസ്താവനയും ആത്മാവിന്റെ പ്രാധാന്യമാണ് അടയാളപ്പെടുത്തുന്നത്. മതത്തിലേക്കും ആത്മീയതയിലേക്കുമുള്ള തിരിച്ചു പോക്ക് ഇന്ന് ലോകത്തിന്റെ എല്ലാ ഭഗത്തും ദൃശ്യമായിക്കൊണ്ടിരിക്കുന്നത് ഒരു നവീന പ്രവണതയാണ്. ഭൗതിക ജീവിത രീതികളിൽ അഭിരമിക്കുന്ന മുതലാളിത്ത രാജ്യങ്ങളും ഭൗതിക വാദത്തിന്റെ ഈറ്റില്ലമായിരുന്ന പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങളും ഇതിനപവാദമല്ല. ഇന്നും കമ്യൂണിസ്റ്റ് രാജ്യമായി അറിയപ്പെടുന്ന ചൈന ഈയിടെ അതിന്റെ ഭരണഘടനയിൽ അതിനെ അംഗീകരിച്ചതു മനുഷ്യപ്രകൃതിയുടെ നേട്ടമായ ആത്മീയതയോടും മതത്തോടും യുദ്ധം ചെയ്യുന്നത് പാഴ്‌വേലയാണെന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്.
ആത്മാവ് നഷ്ടപ്പെട്ട ആത്മീയത
മതത്തിനും ആത്മീയതക്കും കൈവന്ന ഈ അനുകൂലാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് നവ ആത്മീയ പ്രസ്ഥാനങ്ങൾ എന്ന് വിശേഷിക്കപ്പെടാവുന്ന ഒരുതരം കപട ആത്മീയതയും അടുത്തകാലത്തായി ലോകത്ത് ശക്തിപ്പെട്ട് വരികയാണ്. ചിലയിടങ്ങളിൽ പരമ്പരാഗത മതങ്ങളുടെ വിശ്വാസാചാരങ്ങളോടോ സാമൂഹ്യ ദൗത്യങ്ങളോടോ പ്രതിബദ്ധതയില്ലാത്ത ആൾദൈവങ്ങളുടെയും കൾട്ടുകളുടെയും രൂപത്തിലാണെങ്കിൽ മറ്റു ചില സ്ഥലങ്ങളിൽ ഒരിക്കലും അവസാനിക്കാത്ത ആത്മീയ അന്വേഷണങ്ങളുടെ പേരിലുള്ള പാലായനത്തിന്റെ രൂപത്തിലാണ് ഈ ആത്മീയത പ്രത്യക്ഷപ്പെടുന്നത്. സ്വാർത്ഥതയും ഭോഗപരതയും മുഖമുദ്രയായ മുതലാളിത്ത ജീവിത രീതിയുടെയും വികസന സംസ്കാരത്തിന്റെയും ഉപോൽപ്പന്നമാണ് ഈ കപട ആത്മീയതയും എന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കേരളത്തിലെ എല്ലാ മതസമൂഹങ്ങളിലും വ്യത്യസ്ത രീതിയിലുള്ള ആൾ ദൈവങ്ങളും കൾട്ടുകളും രൂപം കൊണ്ടിട്ടുണ്ട്. മനുഷ്യന്റെ ചിന്താപരവും മാനസികവുമായ വളർച്ചയെത്തുടർന്ന് കൂമ്പടഞ്ഞുപോയ പ്രാചീന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ആധുനിക മാർകറ്റിങ്ങിന്റെയും മാനേജ്മന്റിന്റെയും തന്ത്രം ഉപയോഗിച്ചുള്ള വിപണനമാണ് നവ ആത്മീയത പ്രസ്ഥാനങ്ങളുടെയെല്ലാം പൊതുവായ സവിശേഷത. ഒരുതരം മതസമന്വയവും സർവ്വ്വമത സത്യവാദവും പരോക്ഷമായി ഉയർന്നതു കാരണം മതേതര പ്രതിച്ഛായയും ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഭജനകളും ജീവനതലയും കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങളും നാമമാത്ര പ്രാർത്ഥനകളും നാമമാത്ര പ്രർത്ഥനാ സമ്മേളനങ്ങളുമെല്ലാം പ്രതിനിധീകരിക്കുന്നത് കച്ചവടവത്കരിക്കപ്പെട്ട ആത്മീയതയെയാണ്.
ചരക്കായ് മാറുന്ന ആത്മീയത
എല്ലാം ചരക്കുകളാക്കി ഭംഗിയായി പൊതിഞ്ഞ് മനോഹരമായി വിപണികളിലെത്തിച്ച് ശക്തമായ മാധ്യമങ്ങൾ വഴി വിശ്വസുന്ദരമായ വൻ ലാഭം കൊയ്യുകയെന്നുള്ളത് മാത്രമായിത്തീർന്നിട്ടുണ്ട് ആധുനിക വിപണി സമ്പട്ഘടനയുടെയും അതിന്റെ സംസ്കാരത്തിന്റെയും ഒരേയൊരു ലക്ഷ്യം. മതവും ആത്മീയകാര്യങ്ങളും വിദ്യാഭ്യാസവും സാംസ്കാരികമൂല്യങ്ങളും വരെ ഇങ്ങനെ ചരക്കുകളാക്കി വിറ്റഴിക്കപെടുന്നു. എല്ലാറ്റിന്റെയും തന്ത്രങ്ങൾ ഒന്നു തന്നെ. ഒരു ബ്രാന്റ് നെയിം അത് ബഹുജനങ്ങളുടെ മനസ്സിൽ എങ്ങനെയെങ്കിലും ഉറപ്പിച്ചുകിട്ടിയാൽ ജയിച്ചു. അതിനുവേണ്ടി കോടിക്കണക്കിന് പണം ചിലവഴിക്കുക എന്നത് ഇന്നത്തെ സാധാരണ ഒരു തന്ത്രം മാത്രം. ആൾ ദൈവങ്ങളുടെ ആശ്ലേഷങ്ങളിൽ അമരാനും ദർശനം ലഭിക്കാനും ജീവന കലയിൽ പങ്കുകൊള്ളാനും ക്യൂ നിൽക്കുന്നവരിൽ മന്ത്രിമാർ, രാഷ്ട്രീയപ്രമുഖർ, ഉദ്യോഗസ്ഥ മേധാവികൾ, വ്യവസായികൾ തുടങ്ങി എല്ലാവരുമുണ്ട്. ഇതിലൂടെ ചോദ്യം ചെയ്യാനാവാത്ത അധികാരകേന്ദ്രങ്ങളായി ഈ ആത്മീയ കേന്ദ്രങ്ങൾ മാറുകയാണ്. ഇത്തരം കേന്ദ്രത്തിൽ ദുർമരണങ്ങളും കൊലപാതങ്ങളും വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ നിയമത്തിനതീതരായതിനാൽ ഒരന്വേഷണവും നടത്തപ്പെടാതെ പോകുകയാണ്. സേവന പ്രവർത്തനങ്ങൾക്കുവേണ്ടിയും അല്ലാതെയും ധാരാളം വിദേശ പണം ഒഴുകിയെത്തുകയാണ് ഈ ആത്മീയ കേന്ദ്രങ്ങളിലേക്ക്. പക്ഷേ എവിടെയും കണക്ക് ബോധിപ്പിക്കേണ്ടതില്ലാത്ത വിധം സുരക്ഷിതമാണവ.
മറയില്ലാത്ത സാമ്പത്തിക ചൂഷണം.
രോഗശാന്തി, സന്താനസൗഭാഗ്യം, മാനസികോല്ലാസം, തുടങ്ങിയ മോഹന വാഗ്ദാനങ്ങളുമായാണ് എല്ലാ ആത്മീയ കേന്ദ്രങ്ങളും ഭക്തന്മാരെ ആകർഷിക്കുന്നത്. ധ്യാനം, സദ്‌വചനങ്ങൾ, വ്യായാമമുറകൾ, പൂജാവിധികൾ, ദിവ്യ രോഗശാന്തി എന്നിവയടങ്ങുന്ന ആത്മീയ പാക്കേജ് സൗജന്യമല്ല. നല്ല ഫീസുണ്ട്. 500 രൂപ മുതൽ മേലോട്ട്. ആത്മീയ വികസനത്തിന്റെ ഓരോ ഘട്ടം കടക്കുന്നതിനും പ്രത്യേകം പ്രത്യേകം ഫീസുകളാണ്. പലർക്കും ആത്മീയത മാർകറ്റ് ചെയ്യാൻ സ്വന്തമായ ചാനലുകളോ ചാനൽ പരിപാടികളോ ഉണ്ട്. ഇതിന്റെ പോരിശ വിവരിക്കുന്ന ടെലിഫിലിമുക്കളും മ്യൂസിക് ആൽബങ്ങളും വരെ സുലഭമാണ്. ധ്യാനകേന്ദ്രങ്ങളുടെ രോഗശാന്തി ശുശ്രൂഷയും ആനന്ദോൽസവങ്ങളും ഭജനയും, പ്രാർഥനാ സമ്മേളനങ്ങളും സ്പോൺസർ ചെയ്യാനും പരസ്യം ചെയ്യാനും മാധ്യമങ്ങൾ മത്സരിക്കുകയാണ്. ഭക്തന്മാരെ വരിക്കാരായും പ്രേക്ഷകരായും ലഭിക്കുന്നതിലാണ് മാധ്യമങ്ങളുടെ കണ്ണ്. സിദ്ധന്മാരും അത്മീയാചാര്യന്മാരും ഭക്തന്മാരെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ഒട്ടേറെ കഥകൾ പുറത്ത് വന്നിട്ടുണ്ട്. ഉദാര ലൈംഗികതയുടെ ആത്മീയാചാര്യനായിരുന്ന രജനീഷിന്റെ ആശ്രമവും കുത്തഴിഞ്ഞ ലൈംഗികതയുടെ കേന്ദ്രമായിരുന്നു. ലൈംഗികത ആത്മീയ സായൂജ്യത്തിന്റെ മാർഗമായി സ്വീകരിച്ചതായി ആരോപിക്കപ്പെട്ട മുസ്ലിം കൾട്ടാണ് സ്വിറ്റ്സർലന്റിൽ ജനിച്ച് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ‘ഫ്രിജോഫ് ഷുവോൺ’ അഥവാ ഈസാ നൂറുദ്ദ്ൻ ‘മറിയമിയ’ ത്വരീഖത്ത്. ഷുവോൺ ആത്മീയതയുടെ മറവിൽ സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി സിയാഉദ്ദ്ൻ സർദാറും ഷുവോൺ കൾട്ടിൽ നിന്ന് പുറത്തു വന്ന മാർക്ക് കോസ്ലോയും ആരോപിച്ചിരുന്നു.
ആത്മീയതയുടെ വിപണന സാധ്യതകൾ
ആത്മീയത ലാഭകരമായ കച്ചവടച്ചരക്കാണിപ്പോൾ. ഒരു വലിയ ബിസ്നസ് മേഖല. കാര്യമായ മുതൽമുടക്കില്ലാതെ വൻലാഭം കൊയ്യുന്ന ഈ വ്യാപാരത്തിന്റെ വിപണന സാധ്യത തിരിച്ചറിഞ്ഞ് രംഗപ്രവേശം ചെയ്യുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജാതി-മത-ദേശ-ഭാഷ വ്യത്യാസങ്ങളില്ലതെ ‘നാനാത്വത്തിൽ ഏകത്വം’ അനുയായി വൃന്ദത്തിൽ രൂപപ്പെടുന്നതോടെ ആത്മീയ വ്യവസായങ്ങൾ സർവസ്വീകാര്യങ്ങളായി മാറുന്നു. ആത്മീയ ഫാക്ടറികളിലേക്കുള്ള ക്യൂവിന്റെ നീളവും അവിടങ്ങളിലെ സദസ്സുകളുടെ സാന്ദ്രതയും വർദ്ധിക്കുന്നതിനനുസരിച്ച് ബാങ്ക് ബാലൻസുകളുടെയും ഗ്രാഫ് കുത്തനെ ഉയരുന്നു. ധനം, സ്ഥാനം, അധികാരം, ആദരം, ആഹാരം, തുടങ്ങിയവയൊക്കെയാണ് ഇതുവഴി നേടിയെടുക്കാവുന്ന ലാഭം.
ആധുനിക ആത്മീയതയും, ആൾ ദൈവങ്ങളും
ആത്മീയതയുടെ വാണിജ്യസാധ്യതകൾ തിരിച്ചറിഞ്ഞ ചിലർ പുതിയ വിശ്വാസരീതികളും ആരാധനാ കലകളും ആവിഷ്കരിച്ച് രംഗത്തെത്തി. മറ്റു ചിലർ ചരിത്രത്തിലെ ചില പ്രത്യേക ഘട്ടങ്ങളിൽ പിറവിയെടുത്ത ആത്മീയ സരണികളിൽ പൊടിത്തട്ടിയെടുത്ത് തേച്ചുമിനുക്കി ആധുനികതയുടെ വാർണിഷിട്ട് അവതരിപ്പിച്ചു. അങ്ങനെ ആൾ ദൈവങ്ങളും കൾട്ടുകളും ആത്മീയ സരണികളുമെല്ലാം ചേർന്ന് ഒരു വാണിജ്യ ശൃംഖല തന്നെ രൂപമെടുത്തു. മാഞ്ചിയം, ലിസ്-ഹിമാല്യ, മണിചെയിൻ തട്ടിപ്പുകളുടെ ആത്മീയ പതിപ്പുകൾ! അമ്മ, ശ്രീ.ശ്രീ, ബാബ മുതൽ ശൈഖ്, ഖലിഫ, ഔലിയ വരെയുള്ളവർ ഈ കണ്ണിയിൽ ഒന്നുചേർന്നു. അഥവാ ആൾദൈവങ്ങളും കൾട്ടുകളും ചില ത്വരീഖതുകളുമെല്ലാം ഇന്ന് ഒരേ ധാരയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇവരുടെ ആശ്രമങ്ങളിലും മഠങ്ങളിലും അജ്ഞരായ മുസ്ലിംകൾ മാത്രമല്ല സമുദായ രാഷ്ട്രീയ നേതാക്കളും അഭയം തേടിയെത്തുന്നു.
ആഗോള ബന്ധം
അമൃതാനന്ദമയിയുടെ ചൈതന്യം ഹിന്ദുത്വവാദികളെ മാത്രമല്ല, ആഗോള വ്യാപാര താൽപര്യങ്ങളുള്ള വൻകിട വ്യവസായ സാമ്രാജ്യങ്ങളേയും ഉന്മത്തരാക്കുന്നുണ്ട്. കോർപറേറ്റ് മൂലധനവും മതവാദവും കൈകോർത്തുനിൽക്കുന്ന വർത്തമാന സാഹചര്യത്തിൽ ഇതിന് ഏറെ പ്രസക്തിയുണ്ട്. ‘ആഗോള ഗുരു’ എന്ന അമ്മയുടെ വാഴ്ത്തപ്പെട്ട പദവി തങ്ങളുടെ മൂലധന താൽപര്യങ്ങൾക്കും തുണയാകുമെന്ന് കോർപറേറ്റ് മൂലധന ഉടമകൾ കരുതുന്നുണ്ടാവാം. ജന്മദിനാഘോഷത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന വ്യവസായ പ്രമുഖരുടെ ഉച്ചകോടി 2020-ഓടെ വികസിതമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുക എന്ന നിശ്ചയത്തോടെയാണ് പിരിഞ്ഞത്. പുതിയ കാലം കമ്പോളത്തെ തന്നെ ദൈവമായി മാറ്റിയിരിക്കുന്നു എന്ന് കരുതുന്നവരുമുണ്ട്. എല്ലാ വിധ വിശ്വാസങ്ങൾക്കും മൂല്യങ്ങൾക്കും ഉപരിയായി കമ്പോളത്തിന് കൈവന്നിരിക്കുന്ന അപ്രമാദിത്വത്തെക്കുറിച്ചാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ വിശ്വാസത്തെയും മതത്തെയും ആത്മിയതയെയും ആഗോള വിപണിയിൽ വൻ സാധ്യതകളുള്ള വിൽപനച്ചരക്കാവുന്ന സാഹചര്യവും ഇതിന് അനുബന്ധമായുണ്ട്. 191 രാഷ്ട്രങ്ങളുടെ പതാകകളാണ് അമൃതവർഷത്തിൽ കൊച്ചിയിൽ പറന്നത്. 8500 ഓളം വിദേശ പ്രധിനിതികൾ റജിസ്റ്റർ ചെയ്തപ്പോൾ പല ദിവസങ്ങളായി ആഘോഷചടങ്ങുകളിൽ പങ്കെടുത്തവർ അതിലും ഏറെയാണ്. വാൾസ്ട്രീറ്റ് ജേണൽ, ന്യുയേർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ് എന്നിവയുടേത് ഉൾപ്പടെ നിരവധി വിദേശപത്ര പ്രതിനിധികളും ഇത് റിപ്പോർട്ട് ചെയ്യാനെത്തിയിരുന്നു. മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിന്റെ മകൾ ഉൾപ്പടെ പ്രമുഖരായ പല വ്യക്തികളും സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുത്തു. ഇതെല്ലാം അമ്മയുടെ കാരുണ്യത്തിന്റെ അതിർത്തികളില്ലാത്ത പ്രവാഹങ്ങളായി മാത്രം ദർശിക്കാൻ കഴിയില്ല. പുതിയ ആത്മീയ പ്രസ്ഥാനങ്ങൾ അഗോളീകരിക്കുക എന്നത് ആഗോളീകരണ ഘട്ടത്തിലെ ഒരു പ്രവണതയാണെന്നാണ് സാമൂഹിക ശസ്ത്രജ്ഞർ നിരീക്ഷിക്കുന്നത്.
ധ്യാനവും ജീവനകലയും
മനുഷ്യന്റെ വിഹ്വലതകളെ നിസ്സാര പൊടിക്കൈകളിലൂടെ ആത്മീയ തട്ടിപ്പുകൾ മുതലെടുക്കുന്നു. ഏതെങ്കിലും യോഗാസന മുദ്രയിൽ മന്ത്രം ചൊല്ലുക, കണ്ണടച്ച് ജപകർമത്തിലേർപ്പെടുക തുടങ്ങിയവ സധാരണ രീതികൾ. പരിസരങ്ങളിലും ഉപാസകന്റെ അവബോധത്തിലും നിഗുഢതയുടേയും ഭക്തിയുടേയും പരിവേഷവും കൃത്രിമമായി സൃഷ്ടിക്കുന്നു. കുന്തിരിക്കത്തിന്റെയോ മറ്റോ പുകയും സുഗന്ധവും പ്രത്യേകത നിറത്തിലുള്ള അരണ്ട വെളിച്ചം എന്നിങ്ങനെ. യഥാർഥത്തിൽ ഒന്നും ചെയ്യാതെ വെറുതെ കുത്തിയിരുന്നാലും ഞരമ്പുകൾക്ക് നല്ല അയവും മനസ്സിന് സുഖവും കിട്ടും. ഒരാൾക്ക് തനിയെ പരീക്ഷിക്കാവുന്ന ഇത്തരം കാര്യങ്ങൾ അധ്യാത്മിക വിദ്യകളാക്കി മാറ്റുകയാണ്. മെസ്മറിസം, മാജിക്, ഹിപ്നോട്ടിസം മുതലായവ വഴി ഭക്തന്മാരെ അത്ഭുത പരതന്ത്രരാക്കുന്ന ആത്മീയതക്കാരുമുണ്ട്. അന്തരീക്ഷത്തിൽ നിന്ന് ഭസ്മവും വാച്ചുകളും സൃഷ്ടിക്കുന്ന ജാലവിദ്യക്കാരായ ചില ആൾ ദൈവങ്ങൾ ഇതിനുദാഹരണമാണ്.
ത്വരീഖത്തുകൾ; സെപ്തംബർ 11 ന് ശേഷം
2001 സെപ്തംബർ 11 ലെ പെന്റഗൺ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം സ്വൂഫിസത്തിനും ത്വരീഖത്തുകൾക്കും വൻ പ്രചാരണമാണ് നൽകപ്പെടുന്നതെന്ന് തെളിയിക്കുന്ന നിരവധി തെളിവുകളുണ്ട്. 2001-1- മാർച്ച് 28-ന് ജർമ്മനിയിൽ നടന്ന ജർമ്മൻ ഒറിയന്റലിസ്റ്റുകളുടെ ഇരുപത്തിയെട്ടാമത് സമ്മേളനത്തിൽ നടന്ന ചർച്ചകളിലൊന്ന് സ്വൂഫിസത്തെ കുറിച്ചായിരുന്നു. നഖ് ശബന്തി – തീജാനി ത്വരീഖത്തുകൾ അതിൽ പ്രത്യേകം ചർച്ച ചെയ്യപ്പെടുകയുണ്ടായി. നഖ് ശബന്തി ത്വരീഖത്തിന്റെ ശൈഖായ അഹ്മദ് കഫ്താറോയുടെ നെതൃത്വത്തിൽ ഇംഗ്ലിഷ് – ഫ്രഞ്ച് – ഇസ്ബാനി ഭാഷകൾ പഠിപ്പിക്കുന്ന ഒരു സ്ഥാപനം 2002 – ൽ ആരംഭിക്കുകയുണ്ടായി. ഈ ഭാഷകൾ സംസാരിക്കുന്ന വിദ്യാർത്ഥികളെയും അവ പഠിപ്പിക്കാൻ താൽപര്യമുള്ള അറബി വിദ്യാർത്ഥികളെയുമാണ് ഈ സ്ഥാപനം ലക്ഷ്യം വെക്കുന്നത്. ബൾഗേറിയയിലെ യൂറോപ്യൻ സാംസ്കാരിക കേന്ദ്രം സ്വൂഫിസത്തെക്കുറിച്ച് ഒരു സമ്മേളനം 12-07-2000 ന് സംഘടിപ്പിക്കുകയുണ്ടായി. ഇസ്കന്ദറിയ്യയിൽ 2003 – ഏപ്രിലിൽ നടന്ന ഒരു ലോക സമ്മേളനം ശാദുലിയ്യ ത്വരീഖത്തിനെക്കുറിച്ചായിരുന്നു. യുനസ്കോ വൈജ്ഞാനിക പഠന ഗവേഷണങ്ങൾക്ക് വേണ്ടിയുള്ള ഫ്രഞ്ച് ദേശീയ കേന്ദ്രം, ഫ്രഞ്ച് വിദേശ കാര്യ മന്ത്രാലയം തുടങ്ങിയ ഔദ്യോഗിക അനൗദ്യോഗിക വേദികളാണ് ഇത്തരം സമ്മേളനങ്ങൾക്ക് നേതൃത്വം നൽകിയത്. 2004 – ൽ ഡെന്മാർക്കിൽ ഇരുപതു ദിവസങ്ങൾ നീണ്ടുനിന്ന പ്രഭാഷണ പരമ്പരയാണ് സൂഫി ആചാര്യനായ മൻസൂറുൽ ഹല്ലാജിനെയും ഇബ്‌നുൽ അറബിയെയും, ഇബ്‌നുൽ ഫാദിനെയും കുറിച്ച് നടന്നത്. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പെയ്ന്തുണയോടെ ഈജിപ്റ്റ് ഔദ്യോഗികമായി സ്വൂഫിസത്തിനും ത്വരീഖത്തുകൾക്കും വൻ പ്രചാരണവും പ്രോത്സാഹനവും നൽകിക്കൊണ്ടിരിക്കുകയാണ്. അറബ് ഇസ്ലാമിക ലോകത്തെ ഷണ്ഢീകരിക്കുവാനും വരുതിയിൽ നിർത്തുവാനും സാമ്രാജ്യത്വ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ ഉന്മൂലനം ചെയ്യാനും ത്വരീഖത്തുകളുടെ പ്രചാരണത്തിലൂടെ സാധ്യമാവുമെന്നാണ് സാമ്രാജ്യത്വ ശക്തികളും അവരുടെ സഹയാത്രികരും പ്രതീക്ഷിക്കുന്നത്. (അൽ-ബയാൻ മാസിക – ലണ്ടൻ -മാർച്ച് – 2006 – ലക്കം 223 പേ. 46 – 53)
യഥാർഥ ആത്മീയത
മനുഷ്യ ജീവിതത്തെ ജീവസ്സുറ്റതാക്കുന്ന ചൈതന്യമാണ് പ്രവാചകന്മാർ പഠിപ്പിച്ച ആത്മീയത. വലിയൊരു സാമൂഹിക ലക്ഷ്യത്തിനുവേണ്ടി മനുഷ്യനെ ആന്തരികമായും ബാഹ്യമായും ശുദ്ദ്കരിക്കുന്ന നിരന്തര പ്രക്രിയയാണത്. മതങ്ങളിലെല്ലാം നിർദേശിക്കപ്പെട്ടിട്ടുള്ള ഉപാസനയിലുടെയാണ് ഈ ശുദ്ധീകരണ പ്രക്രിയ നടക്കുന്നത്. ഉപാസനയും അതിലൂടെ ഉത്ഭൂതമാകുന്ന ആത്മീയതയും കേവലം ലക്ഷ്യങ്ങളല്ല. സമൂഹ രചനയുടെ അടിത്തറയാണത്. ആത്മീയത സമൂഹരചനയുടെ അടിത്തറയാകുമ്പോൾ അത് വ്യക്തി തലത്തിൽ പരിമിതമല്ല. അതിന് സാമ്പത്തിക സാമൂഹിക സാംസ്കാരിക മാനങ്ങളുണ്ട്. ഇത് അവഗണിക്കുന്ന ആത്മീയത അപൂർണമാണ്. പരമ സത്യത്തെ അറിയുകയും കണ്ടെത്തുകയുമാണ് യഥാർഥത്തിൽ ആത്മിയതയുടെ അന്തഃസത്ത.
യഥാർഥ ആത്മീയതയുടെ മുഖങ്ങൾ
സഹനം, സമരം, സേവനം
പ്രവാചകന്മാരുടെ ജീവിതത്തിന് സഹനത്തിന്റെയും സമരത്തിന്റെയും സേവനത്തിന്റെയും മുഖങ്ങൾ ഉള്ളതായി മനസ്സിലാക്കാം. കൃത്രിമമായി ആത്മീയത മാനസിക വിഭ്രമങ്ങളിൽ ലയിക്കുന്നതിനു പകരം സഹജീവികളുടെ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി ക്ലേശങ്ങൾ വരിക്കുകയും അതിനായി സഹനത്തിന്റെ ഔന്നത്യം പ്രഘടിപ്പിക്കുകയും ചെയ്യുക എന്ന നിലപാടാണ് പ്രവാചകന്മാരുടേത്. പുരോഗനോന്മുഖവും ചലനാത്മകവുമായ സാമൂഹിക ഉള്ളടക്കമുള്ള ദർശനങ്ങളാണ് അവർ മുന്നോട്ട് വെച്ചതു. അധ്യാത്മിക മുക്തിയും സാമൂഹിക വിമോചനവും അവർക്ക് പ്രധാനങ്ങളായിരുന്നു. ഈ രീതിയിലുള്ള ആത്മീയതയുടെ യഥാർഥ മുഖങ്ങൾ കൈവരിക്കാൻ അഭിനവ സമുഹത്തിനും സാധിക്കണം. വ്യാജ സിദ്ധന്മാരുടെയും കപടസന്യാസികളുടെയും പിടിയിൽനിന്ന് സമുദായത്തെ മോചിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരുപാട് ഓഷോ – രജനീഷ് സഖ്യങ്ങളും വ്യാജ മാധവന്മാരും സൃഷ്ടിക്കപ്പെടും. ഇവരെ ആളും അർഥവും നൽകി വളർത്താനും സംരക്ഷിക്കാനും ഒരുങ്ങി പുറപ്പെട്ടിരിക്കുന്നത് ഇന്ത്യയിലെ ഭീകരമായ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളാണെന്ന് നാം ഓർക്കേണ്ടതുണ്ട്. ശക്തവും സമഗ്രവുമായ ബോധവത്കരണമാണ് ഇത്തരം ചൂഷണത്തിൽനിന്നും അന്ധവിശ്വാസത്തിൽ നിന്നും സിദ്ധന്മാരുടെ വിളയാട്ടത്തിൽനിന്നും സമൂഹത്തെ രക്ഷിക്കാനുള്ള ഒരേയൊരു മാർഗം.
തനിക്കേറ്റവുമടുത്ത സൃഷ്ടാവുമായി സംവദിക്കാന്‍ ഒരു ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും ജീവിതത്തില്‍ നിന്ന് ഒളിച്ചോടലല്ല മറിച്ച് ജീവിതത്തിലെ എല്ലാ കര്‍മ്മങ്ങളും അള്ളാഹുവിനുള്ള ആരാധന യാണെന്ന് മനസ്സിലാക്കി ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥമറിഞ്ഞ് ജീവിക്കലാണെന്നും സമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു.അതിനുതകും വിധം ഈ ലേഖനം രചിച്ച ആള്‍ക്കും പ്രസിദ്ധീകരിച്ച ജയ്ഹൂനും നന്ദി.