അതേ പഴയ വീഞ്ഞ്‌

അപ്പഴയ വീഞ്ഞുതന്നെ ഞാനിപ്പൊഴും വില്‍ക്കുന്നു
പേരുകള്‍ പക്ഷേ പലതരം പറയുന്നു.

രണ്ടു ദൈവദാസര്‍ ഒരിക്കല്‍ അടക്കം പറഞ്ഞു
ഹൃദയാന്തരങ്ങളിലെ ആശകള്‍ അവര്‍ പങ്കുവെച്ചു.

ഒരു ദാസന്‍ പറഞ്ഞു:

“ഈ ഭൂമിയിലെ ജീവിതം ഞാനത്ര ഗൌനിക്കുന്നില്ല;
ആശകളൊക്കെയും ഞാന്‍ കരുതി വെയ്ക്കുന്നതോ
മരണാനന്തരം വരുമൊരു ജീവിതത്തിനു മാത്രമാം…

എന്റെ ആത്മാവിന്‍ കൊതി ഇന്നിതൊന്നു മാത്രം
അവനെയൊരു നോക്ക്‌ കാണ്‍കയെന്നൊരാശമാത്രം.

തുള്ളിക്ക്‌ നിര്‍വൃതി കടലില്‍ ലയിക്കവേ
അതുപോലെ ഞാനും അവനില്‍ ലയിച്ചിടട്ടേ
കാലമിതെത്രയായ്‌ അവനെ വണങ്ങുന്നു, പക്ഷേ
ഇന്നോളമവനെ ഞാനൊരു നോക്കു കണ്ടില്ല.”

അപരന്‍ പ്രതികരിച്ചു;

“ഞാനും നിന്റെ അഭിലാഷം ഏറെ കൊതിക്കുന്നു
നിന്‍ വാക്കുകള്‍ എന്നില്‍ തീ കൊളുത്തുന്നു.

പക്ഷെ, മറ്റൊരാശക്ക്‌ ഞാനിന്ന്‌ കെഞ്ചിടുന്നു,
ഈ ജീവിതത്തില്‍ തന്നെ എനിക്കത്‌ പൂവണിഞ്ഞേ തീരൂ…

കലീം മൂസയെപ്പോല്‍ ദൈവദര്‍ശനാര്‍ത്ഥം
ത്വൂരി സീനാ മല മുകളില്‍ നില്‍പ്പുറപ്പിക്കും മുമ്പുതാന്‍
വേണം എനിക്കു കാണണം, ആ പ്രാണ പ്രണയ തേജസ്സിനെ.

ആ പൂര്‍ണ ചന്ദ്രനില്‍ നിന്ന്‌ പ്രസരിക്കട്ടെ എന്‍ മുഖം
ആ ശോഭ തന്നെയല്ലോ മധ്യാഹ്നസ്യൂര്യനു മേലിലും ജ്വലിച്ചിടൂ.

ആ മഹാനായകന്റെ തൊട്ടുപിന്നില്‍
അനുചരന്മാരായ്‌ അണി നിരക്കുവാന്‍ മാത്രമാം
മുമ്പെ നടന്നവരൊക്കെയും കിനാകണ്ടതും ഏറെ കൊതി പൂണ്ടതും.”

ഓ അനുവാചകാ!

ഹാ വിചിത്രം! ജൈഹൂന്‍ ഇന്നാ വദനദര്‍ശനം അത്രമേല്‍ കൊതിക്കുന്നു
സാക്ഷാല്‍ തമ്പുരാന്‍ തന്നെ തന്റെ സിംഹാസനത്തിലേക്കവനെ വിളിച്ചു എന്നാകിലും…

ഓ! ആ കഥ തന്നെ പിന്നെയും പിന്നെയും
അതേ പഴങ്കഥ തന്നെ പിന്നെയും ചൊല്ലിടൂ

അപ്പഴയ വീഞ്ഞു തന്നെ ഞാനിപ്പൊഴും വില്‍ക്കുന്നു
പേരുകല്‍ പക്ഷേ പലതരം പറയുന്നു

വാനമ്പാടി സ്വാഭാവികമായും മടങ്ങിയെത്തും
അവനെ കൊതിപ്പിക്കും പനനീര്‍ ചെടിയുള്ളിടം

ആറ്റം അതിന്റെ നൂക്ലിയസ്സിനു ചുറ്റും കറങ്ങിടും
ഒരു നൂറു കുതിരശക്തിയേക്കാള്‍ ബലമായി വലിച്ചിടും.

അതിനാല്‍…

അപ്പഴയ വീഞ്ഞു തന്നെ ഞാനിപ്പോഴും വില്‍ക്കുന്നു
പേരുകള്‍ പക്ഷേ പലതരം പറയുന്നു

സ്വല്ലള്ളാഹു അലാ മുഹമ്മദ്‌
സ്വല്ലളാഹു അലൈഹി വസല്ലം..

Translated by Alavi Al Hudawi
Apr 21, 2007

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top