അതി വിചിത്രമല്ലോ ഈ ‘സ്നേഹ’മെന്ന സംഗതി!

– Jaihoon

യാ അള്ളാഹ്‌ കൃപയാല്‍ നീ എന്നെ അനുഗ്രഹിച്ചീടണം
ഒരല്‍പം കൂടി ഇനിയും ജീവിക്കുവാന്‍
കാരണം,നിന്‍ പ്രിയങ്കരന്‍ ഒരുത്തരെ
കൂടെ കൂടെ ഞാന്‍ മേലിലും കൊതിച്ചീടൂ

ആ സ്നേഹത്തിലെന്‍ ഹൃദയം കത്തിക്കരിയട്ടെ
ആ പാത തുടരുവാന്‍ എന്‍ മനമൊരുങ്ങട്ടെ

സ്നേഹമെന്നു വിളിപെടും ഈ അപൂര്‍വസംഗതി
അതി വിചിത്രം തന്നെയല്ലോ നിശ്ചയം നിസ്സംശയം

വല്ല വിശ്രമോ ഒഴിവു വേളയോ ഒന്നുമേ
സ്നേഹം അനുവദിക്കില്ലൊരു കമിതാവിന്നൊരിക്കലും

എല്ലായ്പ്പോഴുമവന്‍ സുനിശ്ചയം
നിതാന്ത വ്യഥ പൂണ്ടുതന്നെ നില്‍പൂ
പൊതുജന മധ്യേസ്ത്ഥിതിചെയ്യവെത്തന്നെയും
സ്നേഹ വയലേലയില്‍ മേഞ്ഞിടും ആ ഹൃത്തടം…

സ്നേഹം എന്നു വെളിപ്പെടും ഈ അപൂര്‍വ്‌ സംഗതി
അതിവിചിത്രം ത്ന്നെയല്ലോ നിശ്ചയം, നിസ്സംശയം
പാത്രത്തിന്‍ അളവ്‌ എന്തുതന്നെയാകിലും
അരികും കവിഞ്ഞ്‌ ഒഴുകിടുന്നു ഈ മധു…

അതിനാല്‍,
ഓ പാപം പൊറുത്തിടും എന്റെ നാഥാ ‘അല്‍-ഗഫൂര്‍’
ആ സ്നേഹഭാജനത്തിന്‍ കൈവഴിയെത്തന്നെ ചരിച്ചിടാന്‍
എന്‍ ഹൃദയമൊന്നു മലര്‍ക്കെ തുറന്നിടൂ കൃപാലുവാം ഭയാംബുധേ…

നിന്‍ സ്നേഹഭാജനത്തെ കണ്‍കുളിര്‍ക്കെയൊന്നു കണ്ടിടാന്‍
പരിശുദ്ധവും നിഷ്കളങ്കവും ആയിടട്ടെ മമഹൃത്തടം

നിന്‍ പ്രോക്ത്സൂക്തികള്‍ നാടുനീളെ പരത്തിടാന്‍
അത്രക്കു കേമനാം ഒരുഗ്ര വാഗ്മിയല്ല ഞാന്‍
എങ്കിലും നീ എന്നെ ചേര്‍ത്തിടൂ ദയാനിധേ
നിന്‍ പ്രിയനെ അളവറിയാതെ സ്നേഹിപ്പോരൊരുത്തരില്‍

ദുരയും അഹന്തയും ‘ഞാന്‍’ എന്നൊരു ഭാവവും
ഇല്ലയെന്നില്‍ തീരെയും കടുമണിയോളമെങ്കിലുാ‍

എന്‍ ഹൃദയമൊട്ടുമേ അസൂയമേയാതെ നോക്കണേ
ഉണക്ക വിറകില്‍ തീനാളമെന്ന പോല്‍ അതാളിപ്പിടിച്ചു കേറുമേ…
എന്നെ ധീരനാക്കണേ, വീരശൂരനാക്കണേ
പക്ഷേ കോപ ക്രോധാദികള്‍ തീരെ തീണ്ടാതിരിക്കണേ

ഉല്‍ക്കര്‍ഷേഛ തന്‍ അത്യുന്നതങ്ങളില്‍
താനെന്നുമുണ്ടൊരു നിത്യാഭിലാഷിയായ്‌
മരണമെന്നില്‍ അതിന്‍ കളി വിളയാടുവോളവും
നിലക്കില്ലൊരിക്കലും അനുസ്യൂതമാം ഈ സ്വപ്നധാര..

പക്ഷേ ഓ അത്യുദാരനാം രക്ഷിതാവേ,
പരമദുഷ്ടനാം അഭിശപ്തനാം പിശാചിനുപോലുമേ
ഏറെ ഇളവുകള്‍ സദയം കനിഞ്ഞവനല്ലൊ നീ.

അതുകൊണ്ടുതന്നെ,
ഖബ്റ്റക്കുള്ളില്‍ ഞെങ്ങി ഞെരുങ്ങവേ,
ആ ഖമറൊളിയെ ഒന്നു വണങ്ങുവാന്‍
ഈ മഹാപാപിയെ ഒന്നു കനിയണേ…

സ്നേഹമെന്നു വിളിപ്പടും ഈ അപൂര്‍വസംഗതി
അതിവിചിത്രം തന്നെയല്ലോ നിശ്ചയം നിസ്സംശയം
നിന്‍ സ്നേഹഭാജനത്തെ ഓര്‍ക്കുമ്പോഴതെപ്പോഴും
എന്‍ വ്യഥകളത്രയും പോഴിയുമേ,പാതിയെങ്കിലും തീര്‍ത്തുമേ…

Translated by Alavi Al Hudawi.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top