ഐക്യശ്രമങ്ങളില്‍ വിജയം അകലെയല്ല:സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
Sayyid Munawwar Ali Shihab Thangal on the scope of Muslim unity in Kerala(തയ്യാറാക്കിയത് മഹ്മൂദ് പനങ്ങാങ്ങര)
മുസ്ലിം സമുദായത്തെ എക്കാലത്തും അലട്ടിക്കൊണ്ടിരിക്കുന്ന എടാകൂടങ്ങളാണ് അനൈക്യങ്ങളും ഭിന്നിപ്പുമെല്ലാം. റസൂല്‍ തിരുമേനി (സ)യുടെ വിയോഗാനന്തരം പലപ്പോഴായി മുസ്ലിം സമുദായം പല വിഷയങ്ങളില്‍ ഭിന്നിച്ചു കൊണ്ടിരുന്നു. ഖുലഫാഉ റാശിദുകളുടെ കാലത്ത്, അവരുടെ ശക്തവും നീതിയുക്തവുമായ ഭരണം കാരണം ഒരുവിധം കുഴപ്പങ്ങളെല്ലാം അടിച്ചമര്‍ത്താന്‍ അവര്‍ക്കായി. എന്നാലും ഭിന്നിപ്പുകള്‍ തലപൊക്കാതിരുന്നില്ല. പല ഖലീഫമാരെയും സ്ഥാനഭ്രഷ്ടരാക്കുന്നതിലേക്കും അംഗീകരിക്കാതിരിക്കുന്നതിലേക്കും കൊന്നൊടുക്കുന്നതിലേക്കും വരെ ഇത്തരം അനൈക്യങ്ങള്‍ കൊണ്ടെത്തിച്ചു.ഇന്നും അത്തരം അസ്വാരസ്യങ്ങള്‍ മുസ്ലിം സമൂഹത്തെ വളരെ ശക്തമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഒറ്റക്കെട്ടായി നില്‍ക്കേണ്ട പൊതുപ്രശ്നങ്ങളില്‍ പോലും രണ്ടായി തിരിഞ്ഞ് പരസ്പരം പോര്‍വിളികള്‍ നടത്തി തമ്മിലടിച്ച് പിരിയുന്ന ദയനീയ കാഴ്ചകളാണ് മാധ്യമങ്ങളും അനുഭവങ്ങളും നമുക്ക് പറഞ്ഞുതരുന്നത്. സ്വന്തം സഹോദരനാണെന്നതുപോലുമോര്‍ക്കാതെ പൊതുസമൂഹത്തിന് മുമ്പാകെ അപമാനിക്കുകയും തെറിയഭിഷേകങ്ങള്‍ നടത്തുകയും, വിദ്വേഷത്തിന്റെ കാഠിന്യം ഏറുന്നതിനനുസരിച്ച് തികഞ്ഞ അന്ധത കൊണ്ട് കഴുത്തറുക്കുകയും വരെ ചെയ്യുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ നമുക്കിന്ന് വാര്‍ത്തയേ അല്ലാതായിരിക്കുന്നു. ഇത്തരം സംഭവവികാസങ്ങളോട് നമ്മുടെ മനഃസാക്ഷി പ്രതികരിക്കാതെയായിരിക്കുന്നു, എല്ലാം സാധാരണ സംഭവങ്ങളാണെന്ന പോലെ. പ്രാദേശികതലം മുതല്‍ അന്തര്‍ദേശീയതലം വരെ മുസ്ലിം സമൂഹത്തിന്റെ അവസ്ഥ ഇതുതന്നെയാണ്. ഈയടുത്ത്, ഇറാഖിന്റെ മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈനെ ഭീകരചെകുത്താന്‍ ജോര്‍ജ് ബുഷും അയാള്‍ പ്രതിനിധീകരിക്കുന്ന അമേരിക്കയും തൂക്കിലേറ്റാന്‍ വിധിച്ചപ്പോള്‍ മുസ്ലിം സമുദായത്തിലെ ഭിന്നിപ്പിന്റെ ആഴം വ്യക്തമാക്കുന്ന ഒരു സംഭവം പരസ്യമായി അരങ്ങേറുകയുണ്ടായി. വധശിക്ഷാവിധിക്കെതിരെ ലോകമൊന്നടങ്കം പ്രതിഷേധിച്ചപ്പോള്‍, മുസ്ലിം സമുദായത്തിന്റെ പ്രതിനിധിയാണെന്ന പ്രാഥമിക പരിഗണന പോലും നല്‍കാതെ സദ്ദാമിനെതിരെയുള്ള വിധിയെ സ്വാഗതം ചെയ്തല്ലോ ഇറാന്‍. അമേരിക്കയുടെ അടുത്ത ഇരകളാണവര്‍. എന്നിട്ടുമവര്‍, പൊതുശത്രുവിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കാന്‍ ഒരുമ്പെടാതെ പഴയ വൈരാഗ്യത്തിന്റെ പേരില്‍ ശത്രുവിന് ഓശാന പാടി… ഇതാണ് അന്തര്‍ദേശീയതലത്തിലെ മുസ്ലിം അനൈക്യത്തിന്റെ ‘ഉത്തമ’മാതൃക.അതേസമയം, സഊദി അറേബ്യയുടെ മാധ്യസ്ഥതയില്‍ ഫലസ്തീനിലെ ഹമാസും ഫത്തഹ് പാര്‍ട്ടിയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചത് ഏറെ ശ്രദ്ധേയമാണ്. അമേരിക്കക്ക് വലിയ തിരിച്ചടി നല്‍കി ഈ ശ്രമങ്ങള്‍. ‘ഡിവൈഡ് ആന്റ് റൂള്‍’ എന്ന തങ്ങളുടെ പോളിസി പാളുകയാണോ എന്നായിരുന്നു അവരുടെ ഭയം. അതുപോലെ, ദീര്‍ഘകാലമായി സഊദിയുമായി പ്രശ്നത്തിലായിരുന്ന ഇറാന്‍ അനുരജ്ഞന-ഐക്യശ്രമങ്ങള്‍ക്ക് മുന്നോട്ടുവന്നതും പ്രതീക്ഷക്ക് ഒരുപാട് വകനല്‍കുന്നു.
ഇവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ്. നേരത്തെ വിവരിച്ചതുപോലെത്തന്നെയാണ് മുസ്ലിം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ ആത്യന്തികമായ വശം. പല കാരണങ്ങളുടെ പേരിലും അവര്‍ വിഘടിച്ചു നില്‍ക്കുന്നു. പൊതുശത്രുവിനെതിരെ ഒന്നായി അണിനിരക്കാന്‍ അത്തരം ലഘുകാര്യങ്ങള്‍ അവരുടെ മുമ്പില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു.
അന്താരാഷ്ട്ര തലത്തില്‍ ഇതാണ് കാര്യം. പ്രാദേശിക തലത്തിലും സംഗതി ഒട്ടും വ്യത്യസ്തമല്ലെന്ന് പറയേണ്ട ആവശ്യമില്ല. നമ്മുടെ മുമ്പില്‍ നടക്കുന്നതെന്താണെന്ന് എഴുതിയും പറഞ്ഞും തരേണ്ട ആവശ്യമില്ലല്ലോ. കാക്കത്തൊള്ളായിരം സംഘടനകളുണ്ട് ഈ കൊച്ചു കേരളത്തില്‍ മുസ്ലിംകള്‍ക്ക്. എല്ലാവര്‍ക്കും തങ്ങളുടെ സംഘടന തന്നെയാണ് വലുത്. സംഘടന വിട്ട് കളിയില്ല. അത് നല്ലതുതന്നെ. പക്ഷേ, പൊതുപ്രശ്നങ്ങളിലും അന്ധമായ നിലപാടുകളും സംഘടനാപ്രേമവും കൈക്കൊണ്ടാല്‍ മുസ്ലിംസമുദായത്തിന് അത് വലിയ നഷ്ടങ്ങളാണ് വരുത്തി വെക്കുക. ഒരു പ്രത്യേക വീക്ഷണത്തിലൂടെ നോക്കുമ്പോള്‍ മുസ്ലിം സമുദായത്തിനിടയില്‍ ഐക്യം സാധ്യമല്ലെന്നാണെന്റെ വീക്ഷണം. കാരണം അത്രക്കും ആഴത്തിലാണ് ഓരോരുത്തരെയും തങ്ങളുടെ നാടും ആശയവും ആദര്‍ശവും പിടികൂടിയിരിക്കുന്നത്. അവയില്‍ ഒരു വിട്ടുവീഴ്ചക്ക് പൊതുവെ ആരും ഒറ്റയടിക്ക് തയ്യാറാവില്ല. അങ്ങനെ ഏതെങ്കിലും ഒരു വശം അല്‍പം താഴ്ന്നുകൊടുക്കാത്ത കാലത്തോളം പ്രശ്നങ്ങള്‍ അവസാനിക്കുകയോ ഐക്യത്തിന് വഴിയൊരുങ്ങുകയോ ഇല്ല.
മലേഷ്യയില്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്ത് ഞങ്ങള്‍ വിദ്യാര്‍ഥികള്‍ ഇങ്ങനെയൊരു ശ്രമം നടത്തിയിരുന്നു. നൂറില്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം വിദ്യാര്‍ഥികളുണ്ടവിടെ. എല്ലാവരെയും അണിനിരത്തി ഒരു മുസ്ലിം ഉമ്മഃ യൂനിറ്റി കൌണ്‍സില്‍ രൂപീകരിച്ചു. ആഗോളതലത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ ഐക്യം കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ അന്വേഷിക്കുകയും അതിന് പശ്ചാത്തലം സൃഷ്ടിക്കുകയുമായിരുന്നു സംഘടനയുടെ ലക്ഷ്യം. പക്ഷേ, വളരെ ദയനീയമായി പരാജയപ്പെടുകയായിരുന്നു ആ സംരംഭം. കൌണ്‍സിലിന്റെ പ്ലാറ്റ്ഫോമില്‍ കണ്‍വെന്‍ഷനുകളിലും മീറ്റിങ്ങുകളിലും പങ്കെടുക്കുന്നവരെല്ലാം ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് വാചാലമായി സംസാരിക്കും. അവിടെ എല്ലാവരും ഒന്നായിരിക്കും. ആര്‍ക്കും ആരോടും എതിര്‍പ്പോ വിദ്വേഷമോ ഉണ്ടായിരിക്കില്ല. എന്നാല്‍ പുറത്തിറങ്ങിയാല്‍ ആര്‍ക്കും ഒന്നുമുണ്ടാവില്ല. ഓരോ രാജ്യക്കാര്‍ക്കും തന്റെ രാജ്യക്കാരനായിരിക്കും മേറ്റ്ല്ലാവരെക്കാളും വലുത്. ഈ ആഫ്രിക്കക്കാരൊക്കെ അത്തരം ചിന്താഗതിയുടെ ആശാന്മാരാണ്. എത്രത്തോളമെന്നാല്‍, സംഘടനയുടെ തിരഞ്ഞെടുപ്പ് വരുമ്പോള്‍ അതിന്റെ പ്രസിഡന്റും സെക്രട്ടറിയുമൊക്കെ സ്വന്തംരാജ്യക്കാരനെ ആക്കാനായിരിക്കും ഓരോരുത്തരുടെയും കൊണ്ടുപിടിച്ച ശ്രമങ്ങള്‍.
ഐക്യത്തിനുള്ള ശ്രമങ്ങള്‍ ഇനി നടക്കുകയാണെങ്കില്‍ അത് നാം വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നുതന്നെയാണുണ്ടാകേണ്ടത്. ലോകത്ത് സാധ്യമായ വിപ്ലവങ്ങള്‍ക്കു പിന്നിലെല്ലാം വിദ്യാര്‍ഥികളുടെ ആത്മാര്‍ഥവും ചടുലവും ആവേശകരവുമായ കരങ്ങളായിരുന്നു. ഇതിനും നമ്മള്‍ ആത്മാര്‍ഥമായി ശ്രമിച്ചാല്‍ വിജയം അകലെയാവില്ല.
assalamu alaikum,mr.jaihoon, i heared about you from madhyamam daily yesterday,i visited today ur site,its great,have a good future.may allah bless you.
try again to unity of ummah