ജൈഹൂൻ നദി ഒഴുകിക്കൊണ്ടേയിരിക്കുന്നു…

P.P. Sasindran’s featured article in Mathrubhumi about creative journey of Mujeeb Jaihoon (July 12 2013)

പി. പി. ശശീന്ദ്രൻ
മാതൃഭൂമി
July 12 2013

ആർദ്രമായ വരികളിലൂടെ ജൈഹൂൻ എന്ന മലയാളി ചെറുപ്പക്കാരൻ ഈ മണ്ണിൽ നിന്ന് അദ്ഭുതങ്ങൾ രചിക്കുന്നു. ഇംഗ്ലീഷിൽ കവിതകളെഴുതി ദേശാന്തരങ്ങൾ കടക്കുന്ന മലപ്പുറത്തുകാരൻറ ചിന്തകൾ ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ തലങ്ങളിലൂടെയും എഴുത്തായി വ്യാപരിക്കുകയാണ്. രാജ്യങ്ങൾക്ക് അതിർത്തികളോ ചിന്തകൾക്ക് അതിർ വരമ്പുകളോ വേണ്ടെന്ന വിശ്വാസത്തോടെയുള്ള ഒരു യാത്രയാണത്.
ഏഴ് പുസ്തകങ്ങൾ , നൂറുകണക്കിന് ചിന്താശകലങ്ങൾ …. കവിതയായും നോവലായും യാത്രാവിവരണങ്ങളായും ഇംഗ്ലീഷ് ഭാഷയിലൂടെ ചിന്തകൾ ആസ്വാദകരെ തേടുന്നു. തുർക്കിസ്താനിലെ മണ്ണിലും മനസ്സിലും ലാവണ്യമായ ജൈഹൂൻ നദി ഒഴുകിക്കൊണ്ടേയിരിക്കുന്നു. മുജീബ് റഹ്മാൻ എന്ന മലപ്പുറത്തുകാരൻ പടിഞ്ഞാറൻ ഭാഷയിലൂടെ സൂഫിസത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞപ്പോൾ സ്വന്തം പേരു തന്നെ ‘ജൈഹൂൻ ‘ എന്നാക്കി മാറി. എഴുത്തുകാരന്റെ തൂലികാനാമമാണ് ജൈഹൂൻ. നദിയുടെ പേര് സ്വയം സ്വീകരിച്ച മലപ്പുറത്തുകാരൻ ഇപ്പോൾ അറിയപ്പെടുന്നതും ആ പേരിനൊപ്പം തന്നെ. സൂഫികളുടെ കഥപറച്ചിലുകൾ ഇവിടെ അവസാനിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് മുജിബ് എന്ന പേര് ഉപേക്ഷിച്ച് ജൈഹൂൻ എന്ന തൂലികാനാമം സ്വീകരിച്ച് ആത്മീയരാഗമായി ആ യുവാവ് പെയ്തിറങ്ങിയത്. ജൈഹൂൻ ഇപ്പോൾ ഒരു നദി മാത്രമല്ല. വെബ്പോർട്ടലുകൾ പ്രചാരണം നേടുന്നതിനും മുമ്പേ ഇൻറർനെറ്റിന്റെ സാധ്യതകളിലൂടെ സർഗവൈഭവങ്ങൾക്ക് മേലാപ്പ് ചാർത്തിയ മലയാളിയാണ് ജൈഹൂൻ. മലപ്പുറം ജില്ലയിൽ എടപ്പാൾ സ്വദേശി മൊയ്തുണ്ണി ഹാജിയുടെയും സുലൈഖയുടെയും മകനായ മുജീബ് റഹ്മാൻ പ്രാഥമിക വിദ്യാഭ്യാസം പാതിവഴിയിലെത്തി നിക്കവെ മാതാപിതാക്കളുടെ ഒപ്പം കടൽ കടന്ന് ഷാർജയിലെത്തുകയായിരുന്നു . തുടർന്നുള്ള പഠനം ഇംഗ്ലീഷിലായതോടെ വായനയും ഇംഗ്ലീഷിൽ മാത്രമായി. പിന്നെപ്പിന്നെ മലയാളത്തിൽ ചിന്തിച്ച് ഇംഗ്ലീഷിൽ ചിലതൊക്കെ എഴുതിക്കൂട്ടുവാൻ മനസ്സ് പാകമാക്കുകയും എഴുത്തൊരു തപസ്സായി മാറുകയുമായിരുന്നു.

Jaihoon.com എന്ന സ്വന്തം വെബ് സൈറ്റിലൂടെയാണ് വിദ്യാർഥിയായിരിക്കെ ജൈഹൂൻ എഴുത്ത് തുടങ്ങിയത്. ഈ വെബ്സൈറ്റ് ആദ്യമാദ്യം പ്രവാസി മലയാളികളെ ആകർഷിച്ചു. പിന്നെപ്പിന്നെ അത് മറുനാട്ടുകാർക്കും പ്രിയങ്കരമായി തുടങ്ങി. അങ്ങനെ യൂറോപ്പിലേയും അമേരിക്കയിലേയും പശ്ചിമേഷ്യയിലേയും വായനക്കാരുടെ അഭിപ്രായങ്ങളുടെ ഉൾക്കരുത്തുമായി ജൈഹൂൻ എന്ന എഴുത്തുകാരൻ പുറം ലോകത്തെത്തുകയായിരുന്നു. ഇവിടെത്തന്നെ പഠിച്ചു വളർന്ന ജൈഹൂൻ, ഷാർജ ഇൻറർ നാഷണൽ എയർപോർട്ടിൽ ഫ്രീ സോൺ ലൈസൻസിംഗ് ഓഫീസറായി ഇപ്പോൾ ജോലിചെയ്യുന്നു.

2001 – ലാണ് ആദ്യ കവിതാസമാഹാരം ‘ഈഗോപ്റ്റിക്സ്’ പ്രസിദ്ധീകരിക്കുന്നത്. ജലാലുദ്ധീൻ റൂമിയുടെയും അല്ലാമാ ഇഖ്ബാലിന്റെയും സ്വാധീനം ഏറെ നിറഞ്ഞുനിൽക്കുന്നതായിരുന്നു അത്. കേരളത്തിൽ ജനിച്ച് ഗൾഫിൽ ജീവിക്കുന്ന സാഹചര്യത്തിൽ ദേശങ്ങൾക്കപ്പുറത്തുള്ള മാനവികതയ്ക്ക് ഏറെ പ്രസക്തിയുണ്ട് . അതുതന്നെയാണ് ജൈഹൂൻ ‘ഇഗോപ്റ്റിക്സി’ലൂടെ വരച്ചിടുന്നതും. രണ്ടാമത്തെ കവിതാസമാഹാരം 2003-ൽ അമേരിക്കയിൽ നിന്നാണ് പ്രസിദ്ധീകൃതമായത്- ‘ഹെന്ന ഫോർ ദി ഹാർട്ട്’. കാലത്തിന്റെ പൊള്ളത്തരങ്ങളെ രോഷാഗ്നി മുഴക്കുന്ന വരികളിലൂടെ ജൈഹൂൻ പരിഹസിക്കുകയായിരുന്നു ഇവിടെ. മാത്രമല്ല, സുന്ദരവസ്തുക്കളെപ്പോലെ സ്ത്രീകളെയും വിൽപ്പനച്ചരക്കാക്കുന്ന കാലത്തിന്റെ കയ്പ് നിറഞ്ഞ ഗതിവിഗതികളെയോർത്ത് നൊമ്പരപ്പെടുന്ന കാഴ്ചയും കാണാം ഈ പുസ്തകത്തിൽ. ഇഖ്ബാൽ ദർശനങ്ങളുടെ മാധുര്യവും നിരന്തരമായ അന്വേഷണ ത്വരയും ജൈഹൂനെ പരിപക്വമായ ഒരു എഴുത്തുകാരനാക്കി മാറ്റി .

ഇന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മേൽവിലാസമുണ്ടാക്കിയ ജൈഹൂന് ഇപ്പോഴും മലയാളത്തിൽ എഴുതുവാൻ കഴിയാതെപോകുന്നതിൽ വിഷമമുണ്ട്. പക്ഷേ, ഈ മലയാളിയുടെ കവിതാസമാഹാരം മലയാളത്തിൽ വിവർത്തനം ചെയ്തു ഇപ്പോൾ – ‘ഉദ്യാനം മടുത്തൊരു വാനമ്പാടി’ എന്ന കവിത ഇസ്ലാമിക സാഹിത്യ അക്കാദമിയാണ് പ്രസിദ്ധീകരിച്ചത്.

ജൈഹൂൻ എന്ന പേരിലൊരു ബ്ലോഗ് സംവിധാനം ചെയ്ത ജൈഹൂൻ മലയാളിത്തിൽ ജൈഹൂൻ ടി.വി. എന്ന പേരിലൊരു ഓൺലൈൻ ടി.വി.യും തയ്യാറാക്കിയിരിക്കുന്നു. പ്രമുഖരുമായുള്ള അഭിമുഖങ്ങളും പണ്ഡിതരുടെ പ്രഭാഷണങ്ങളും വെള്ളിയാഴ്ചകളിൽ വായിക്കപ്പെടുന്ന ഖുതുബയുടെ പരിഭാഷകളും ലോകത്തിനു മുന്നിൽ സമർപ്പിക്കുന്ന ജൈഹൂൻ ടി.വി. കാലികപ്രാധാന്യമുള്ള വിഷയങ്ങളിലും സജീവമായി ഇടപെടുന്നുണ്ട്.

ജൈഹൂൻ ഡോട്ട് കോമിന് വായനക്കാരുടെ എണ്ണം കൂടുമ്പോൾ അഭിമാനവും ആത്മനിർവൃതിയും അനുഭവിച്ച ജൈഹൂനെ ഒരിക്ക അമേരിക്കയിൽ നിന്ന് ഒരു വായനക്കാരൻ വിളിച്ചുപറഞ്ഞത് ‘ഞാൻ ഹജ്ജ് തീർഥാടന വേളയിൽ ജൈഹൂൻ ഡോട്ട് കോമിനുവേണ്ടി പ്രത്യേകം പ്രാർഥിച്ചിരുന്നു’ എന്നാണ് . അതുപോലെത്തന്നെ തന്നെക്കുറിച്ച് ജൈഹൂൻ ഡോട്ട് കോമിൽ പരാമർശിച്ചതുകണ്ട് മലയാളത്തിന്റെ സുഗന്ധമായ കമലാ സുരയ്യ കത്തെഴുതി അനുഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്തത് നല്ല ഒരു അനുഭവമായും ഇദ്ദേഹം കരുതുന്നു . വാലനൈ്റൻസ് ദിനത്തെക്കുറിച്ച് ജൈഹൂൻ ഡോട്ട് കോമി പ്രസിദ്ധീകരിച്ച ലേഖനം കാനഡയിലെ ഒരു കോളേജ് മാഗസിൻ പുനഃപ്രസിദ്ധീകരിക്കുവാനുള്ള അനുമതി തേടിയതും ഈ മലയാളിക്ക് ലഭിച്ച അംഗീകാരമായിരുന്നു .

ജൈഹൂന്റെ ‘ഹെന്ന ഫോർ ദി ഹാർട്ടി’ൻറ അറബി പരിഭാഷ പൂർത്തിയായിക്കഴിഞ്ഞു. സ്വീകാര്യമെങ്കിൽ ഞാനെൻറ മേലാപ്പ് നിങ്ങൾക്കഴിച്ചുതരാമെന്ന് പാടിപ്പറഞ്ഞ് മലയാളിയുടെ ഉൾത്തുടിപ്പുകളിലെവിടെയൊക്കെയോ മഴവില്ലുപോലെ നിറഞ്ഞുനിന്ന് ജൈഹൂൻ യാത്ര തുടരുമ്പോൾ അങ്ങകലെ ജൈഹൂൻ നദീതീരത്ത് നിന്നൊഴുകിവരുന്ന കാറ്റും പതുക്കെ ഒരു കവിത പാടിത്തരുന്നു: ഉദ്യാനം മറന്ന വാനമ്പാടികളെ, നിങ്ങൾക്കൊരുനിമിഷം ഇനി ഹൃദയസങ്കീർത്തനങ്ങളെ പ്രണയിക്കാം.

by PP Sasindran, Published in Mathrubhumi Gulf Feature, July 12 2013

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top