ഇസ്ലാമിക കല : സൗന്ദര്യവും ആസ്വാദനവും- Ch. 10

ഇസ്ലാമിക കല : സൗന്ദര്യവും ആസ്വാദനവും
മോയിൻ മലയമ്മ ഹുദവി
അസാസ്‌ ബുക്‌ സെൽ
അൽഹുദാ സ്റ്റുഡന്റ്സ്‌ അസോസിയേഷൻ, ദാ​‍ൂൽഹുദാ ഇസ്ലാമിക്‌ അക്കാദമി
ഹിദായനഗർ, ചെമ്മാട്‌, പി.ബി.3, തിരൂരങ്ങാടി-676306, മലപ്പും
Islamika Kala : Saundaryavum, Aswaadanavum
Moin Malayamma Hudawi

10
അതിശയിപ്പിക്കുന്ന അലങ്കാര രൂപങ്ങൾ

അദൃശ്യങ്ങളിലേക്ക്‌ വ്യാപിച്ചുകിടക്കുന്ന അലങ്കാര രൂപങ്ങളാണ്‌ അറബെസ്ഖ്‌. ഇതര കലാശൈലികളിൽ നിന്ന്‌ തുലോം ഭിന്നമായി അസ്ഥിരതയും അനശ്വരതയും മുന്നോട്ടുവെക്കുന്ന ഇത്‌ ഇസ്ലാമിക കലാരൂപങ്ങളുടെ അവിഭക്ത കോണുകളായാണ്‌ പരിഗണിക്കപ്പെടുന്നത്‌. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കാഴ്ചകൾക്കപ്പുറത്തുള്ള ഒരു മഹാ വിഹായസ്സിലേക്കാണ്‌ ഇത്‌ വാതിൽ തുറക്കുന്നത്‌.

റോമൻ അലങ്കാര കലയെ സൂചിപ്പിക്കുന്ന റോമനസ്ഖ്‌ പോലെ അറബ്‌ അലങ്കാര കലയെക്കുറിക്കുന്ന പാദമാണിത്‌. എണ്ണമറ്റ അലങ്കാര വഴികളിൽ വ്യതിരിക്തത നിലനിറുത്തി പുതിയൊരു വീക്ഷണത്തെയും സമീപനത്തെയുമാണിത്‌ പ്രതിനിധീകരിക്കുന്നത്‌. നിഘണ്ടുകളുടെ ഭാഷയിൽ പറഞ്ഞാൽ ഇലകളും തണ്ടുകളും മറ്റു സസ്യരൂപങ്ങളും വിചിത്രരീതിയിൽ കെട്ടുപിണഞ്ഞ്‌ കിടക്കുന്നതിനെ ചിത്രീകരിക്കുന്ന ശിൽപകല, അല്ലെങ്കിൽ ചിത്രകലയാണ്‌ ഇസ്ലാമിക കല അനാവരണം ചെയ്യുന്ന അറബെസ്ഖ്‌. സത്യത്തിൽ ദൈവിക വിസ്മയങ്ങളുടെ കലവറയായ പ്രകൃതിയുടെ പുതിയൊരു ആവിഷ്കാര രീതിയാണിത്‌. ദൈവാസ്തിക്യം തുളുമ്പുന്ന ഹരിത കഞ്ചുകം കണക്കെ ഇലകളുടെയും വള്ളിരൂപങ്ങളുടെയും അതിഭൗതികതയിലേക്കുള്ള അവതരണമാണിവിടെ. അറിവിന്റെ ഉപരിതലത്തിൽ നിന്ന്‌ തുടങ്ങി ദർശനത്തിന്റെ കാണാപ്പുറങ്ങളിലേക്ക്‌ ദ്രഷ്ടാവിന്റെ വികാരങ്ങളെ ആവാഹിക്കലാണ്‌ സ്വഭാവം.

കേവലം അലങ്കാര രൂപമെന്നതിലുപരി ഭക്തജനത്തെ സംബന്ധിച്ചിടത്തോളം വിശുദ്ധ വിഹാര കേന്ദ്രമാണിത്‌. സുപ്രസിദ്ധ കലാനിരൂപകനായ ഇസ്മാഈൽ റാജി ഫാറൂഖി പറഞ്ഞതുപോലെ ഏകനായ ദൈവത്തിന്റെ പാവന സാന്നിധ്യത്തിലേക്കാണ്‌ ഇവകളോരോന്നും ചെന്നുമുട്ടുന്നത്‌.(2) അതിനാൽ ഇതര വിശ്വാസ പ്രമാണങ്ങളോട്‌ സാധർമ്യത നിലനിറുത്തി ഇവ ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ ലാവണ്യതത്ത്വങ്ങളുമായി ഒത്തുപോകുന്ന ഒരു കലാരൂപമാണ്‌. അനുകരണീയ ശൈലിയിലും താളത്തിലും തെളിഞ്ഞുവരുന്ന അറബെസ്ഖിലെ അനന്തതയിലേക്ക്‌ മറയുന്ന അലങ്കാരങ്ങൾ പഞ്ചേന്ദ്രിയങ്ങൾക്കപ്പുറത്തെ ഒരു ലോകത്തെയും അതിന്റെ വിധാതാവായ ഏകചക്രാധിപതി തമ്പുരാനെയുമാണ്‌ സൂചിപ്പിക്കുന്നത്‌. ദൈവിക സ്മരണ കുത്തിനിറച്ച ഹൃദയവുമായി വരുന്നവരും ആത്മബോധത്തിന്റെ ധ്യാന ലഹരിയിൽ ആറാടുന്നവരും ഇതിലൂടെ ഉന്നതങ്ങളിലേക്ക്‌ കയറിപ്പോകുന്നു. അവർക്കു മുമ്പിൽ ദൈവിക സമക്ഷം അണയാനുള്ള സോപാനങ്ങളാണിവ.
പതിനൊന്നാം നൂറ്റാണ്ടിൽ ഖുറാസാനിൽ നിർമിതമായ രിബാഥെ ശരീഫ്‌ മുതൽ ആഗ്രയിലെ ഇഅ​‍്തിമാദുദ്ദൗലയുടെ മഖ്ബറയിൽ വരെ ഈ അലങ്കാര ശൈലിയുണ്ട്‌. ചുമരുകളിലും പരിസരങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഈ ദലാലങ്കാരം എന്തുകൊണ്ടും നയനമുള്ളവരെ ആകർഷിക്കുന്നു. ഒരു ശാന്തിബിന്ദു പോലെ ആത്മാവിലേക്ക്‌ പതിഞ്ഞുകൊണ്ടിരിക്കുന്നു.
ഇസ്ലാമിക കലയുടെ സവിശേഷതകളിലൊന്നായ അമൂർത്തസ്വഭാവ(അയ​‍െ​‍്മര​‍േ)മാണ്‌ അറബെസ്ഖിനെയും വ്യതിരിക്തമാക്കുന്നത്‌. കെട്ടിടങ്ങളുടെയും സസ്യങ്ങളുടെയും ബാഹ്യാകാരത്തിന്‌ ഭിന്നമായി ഇവക്ക്‌ ഒരാന്തരിക പശ്ചാത്തലമുണ്ട്‌. ചിന്നിച്ചിതറിയ ഹൃദയങ്ങളെ ഇവ ലക്ഷ്യത്തിലേക്കാനയിക്കുന്നു. അവിടെ നിന്ന്‌ നിയമയുക്തമായ പന്ഥാവിലൂടെ മുന്നോട്ട്‌ ആനയിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അറബെസ്ഖിന്റെ ചിത്രീകരണത്തിൽ പ്രകൃതിയുടെ തനിപ്പകർപ്പല്ല സ്വീകരിക്കുന്നത്‌. യാഥാർഥ്യത്തിലെ സൂക്ഷ്മവശങ്ങളുടെ പർവതീകരണമാണിവിടെ. അറബെസ്ഖിൽ മുന്തിരിവള്ളിയും ജാസ്മിൻ പുഷ്പവും അതേ പോലെ പകർത്തപ്പെടണമെന്നില്ല. പകരം അതിഭൗതികതയുടെ ലാഞ്ചനയുള്ള പരിവർത്തിത രൂപങ്ങളായിരിക്കും പ്രദർശിപ്പിക്കപ്പെടുന്നത്‌. സസ്യരൂപങ്ങൾ ഏതാവണമെന്നതിൽ നിശ്ചയമില്ല. അതിന്റെ അവതരണത്തിനാണ്‌ പ്രാധാന്യം. കാരണം, കലാകാരന്റെ മാറിമറിയുന്ന ഭാവനകളുടെ അനന്തര ഫലമാണിത്‌. ഇതിലെ ഇളക്കവും ചാഞ്ചാട്ടവും അവതരണത്തിലും പ്രതിഫലിക്കുന്നു. ദ്രഷ്ടാക്കളുടെ ഹൃദയങ്ങളെ മദിക്കുന്നത്‌ ഇവയാണ്‌.

ചരിത്രപരമായി, അറബെസ്ഖ്‌ സ്പാനിഷ്‌ കലാകാരന്മാരുടെ സംഭാവനയായാണ്‌ അനുമാനിക്കപ്പെടുന്നത്‌. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ രൂപംകൊണ്ട കലാരൂപങ്ങളിൽ അവരെ സംബന്ധിച്ചിടത്തോളം ഇതൊരു അതുല്യപ്രകടനമായിരുന്നു. ഇലകളും വള്ളികളും തണ്ടുകളും സമഞ്ജസമായി സമ്മേളിക്കുന്ന ഈ അസാധാരണ ശൈലിയെ അത്തൗരീഖ്‌ എന്ന പേരിലായിരുന്നു അവർ പരിചയപ്പെട്ടിരുന്നത്‌ എന്നുമാത്രം.

പക്ഷേ, അറബികൾക്കിടയിൽ ഈ അലങ്കാരശൈലി എത്തിപ്പെട്ടതിൽ പക്ഷാന്തരങ്ങളുണ്ട്‌. ടിറ്റസ്‌ ബർക്കററ്റിന്റെ അഭിപ്രായ(3)ത്തിൽ മധ്യകാലത്ത്‌ യൂറോപ്പ്‌ ആക്രമിച്ച മധ്യേഷ്യയിലെ നാടോടി വിഭാഗത്തിൽ നിന്ന്‌ അറബികൾ സ്വീകരിച്ചതാണ്‌ അറബെസ്ഖ്‌. കാരണം, സ്കൈതിയൻ (ടസ്യവേശമി) എന്ന പേരിൽ പ്രസിദ്ധരായ ഇവർക്ക്‌ സൂമോർഫിക്‌ (ദീ​‍ീ​‍ാ​‍ീ​‍ൃ​‍ുവശര) എന്ന ഒരു കലാരൂപം തന്നെ നിലവിലുണ്ടായിരുന്നു. അറുതിയും ഒടുക്കവുമില്ലാതെ അനന്തതയിലേക്ക്‌ വ്യാപിക്കുന്ന ഇവയാകാം ഒരു പക്ഷേ, മുസ്ലിംകളെ സ്വാധീനിച്ചിരുന്നത്‌.

ഇതൊരു അനുമാനം മാത്രം. പലരും പറയുന്നതനുസരിച്ച്‌ എവിടെ നിന്നോ ലഭിച്ച ചെറിയൊരു ആശയത്തിൽ നിന്ന്‌ മുസ്ലിം കലാകാരന്മാർ വികസിപ്പിച്ചെടുത്തതാണത്രെ അറബെസ്ഖ്‌. ഇസ്ലാമീകരണമെന്നോണം മൃഗങ്ങളുടെയും മനുഷ്യരുടെയും ആകാരങ്ങൾക്ക്‌ പകരം മുസ്ലിംകൾ സസ്യങ്ങളെ സ്വീകരിക്കുകയായിരുന്നു.

ഏതായിരുന്നാലും ഇവയിലെ ഓരോ പ്രകടനത്തിനും നിയമങ്ങളും കാര്യങ്ങളുമുണ്ട്‌. പ്രബലമായ അഭിപ്രായപ്രകാരം ഇതിലെ ചെടികളോ വള്ളികളോ ചെറുതാവുന്നതുകൊണ്ടോ വലുതാവുന്നതുകൊണ്ടോ ഒരു വിരോധവുമില്ല. പക്ഷേ, ഇവിടെ മർമപ്രധാനം ഓരോ ഇലകളുടെയും ഖാണ്ഡ ബന്ധമാണ്‌. അഥവാ, പരാശ്രയമില്ലാതെ സ്വതന്ത്രമായി ഒരില നിൽക്കുന്നത്‌ കലയുടെ അപൂർണതയാണ്‌. ദ്രഷ്ടാവിന്റെ ചിന്താനുസ്യൂതതയെ കുറിക്കാൻ ക്ഷണിക്കുകയാണ്‌ ഇത്‌ ചെയ്യുന്നത്‌. അതിനാൽ അനുസ്യൂതതയെ കുറിക്കാൻ എല്ലാം പരസ്പരം ബന്ധിതമാണ്‌. ഒരു കോണിൽ നിന്ന്‌ വീക്ഷിച്ചുതുടങ്ങിയാൽ അനന്തതയിലേക്ക്‌ നീങ്ങുകയോ തുടങ്ങിയതിൽ തന്ന തിരിച്ചെത്തുകയോ ചെയ്യുകയെന്നല്ലാതെ ഇതിന്‌ പുതിയ ഒരു മാനദണ്ഡവുമില്ല. ഈ അനുസ്യൂതതയാവട്ടെ ഉധൃത വചനം പോലെ ദിവ്യശക്തിയിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌.

പശ്ചാത്തലങ്ങളുടെ വ്യത്യാസമനുസരിച്ച്‌ അറബെസ്ഖിന്‌ വശ്യത കൂടുന്നുണ്ടെങ്കിൽ സങ്കീർണ രൂപങ്ങളിലെ പിണച്ചിലുകളും മിടച്ചിലുകളും സൗന്ദര്യവർധകങ്ങളാണ്‌. ഒരു കെട്ടിടത്തിലോ അതിന്റെ ചുമലങ്കാരത്തിലോ ഇതെത്രമാത്രം ഉപയോഗിക്കപ്പെടുന്നോ അത്രയും ആകർഷണീയത കൂടുകയേ ചെയ്യുന്നുള്ളൂ. അമവീ കാലഘട്ടത്തിലെ ചില എടുപ്പുകളും ഖിർബതുൽ മഫ്ജർ, ജാമിഅ ദിമശ്ഖ്‌ തുടങ്ങിയ ചില കൊട്ടാരങ്ങളും പള്ളികളും ഇതിനുദാഹരണങ്ങളാണ്‌.

ചടുലമായ സ്ഥായിമാറ്റങ്ങളോ സ്വരാവരോഹ വ്യതിക്രമങ്ങളോ പ്രകടമാവാത്ത ഏകതാനമായ അറബ്‌ സംഗീതം പോലെ ഇത്‌ പൊതുവെ പശ്ചാത്തല കാര്യക്ഷമതക്കായിരുന്നു കലാകാരന്മാർ ഉപയോഗിച്ചിരുന്നത്‌.(4) ഒഴിഞ്ഞുകിടക്കുന്ന എല്ലാ ഭാഗത്തും പുത്തനുണർവ്‌ നൽകാൻ ഇതവരെ സഹായിച്ചു. അതുകൊണ്ടുതന്നെ ചുമരുകളിൽ നിറഞ്ഞുനിൽക്കുന്ന ഇതിന്‌ ജനങ്ങൾക്കിടയിൽ അസാധാരണമായ സ്വീകാര്യത ലഭിക്കുകയായിരുന്നു. ഇസ്വ്ഫഹാനിലെ സഫാവീ നിർമിത ശൈഖ്‌ ലുഥ്ഫിയ്യാ മസ്ജിദ്‌ ഇതിനൊരു ഉദാഹരണമാണ്‌. കാലിഗ്രഫിയും ജ്യാമിതീയാലങ്കാരവും പരിധികളുമില്ലാതെ ചുമരുകളും മേൽക്കൂരയും നിറയെ അറബെസ്ഖ്‌ നിരന്നുകിടക്കുകയാണ്‌. ആരെയും പ്രസാദിപ്പിക്കുമാർ പച്ച, നീല, മഞ്ഞ, വെള്ള വർണങ്ങളാണ്‌ ഇതിനീ വശ്യത പകരുന്നത്‌. ഇനി, അതേ പള്ളിയുടെ മിഹ്‌റാബ്‌ വീക്ഷിക്കുമ്പോഴും അതേ വസ്തുതയാണ്‌ പുറത്തുവരുന്നത്‌.(5) സൗന്ദര്യപ്രകടനം അൽപം കൂടി കാര്യക്ഷമമാവുന്നു എന്നല്ലാതെ അവിടെ പുതുതായൊന്നും വന്നുചേരുന്നില്ല.

അറബെസ്ഖ്‌ അലങ്കാര രീതികൾ മുസ്ലിം ലോകത്തും പുറത്തും ധാരാളമുണ്ടായിരുന്നു. ഇന്നും പൈതൃകത്തിന്റെ ഓർമക്കുറിപ്പുകളായി പലയിടത്തുമവ തലയുയർത്തി നിൽക്കുന്നുമുണ്ട്‌. സൗന്ദര്യത്തിന്റെ സർവ സീമകളും മറികടന്ന താജ്മഹൽ തന്നെയാണ്‌ ഇതിനെ പ്രതിനിധീകരിക്കുന്നത്‌. കൂടാതെ സ്പെയ്നിലെ അൽഹംറാ കൊട്ടാരവും അതിലെ ജാസ്മിൻ പുഷ്പാവിഷ്കാരവും കൈറോയിലെ മംലൂകീ ഭരണകാലത്ത്‌ നിർമിതമായ ഖൈതബായ്‌ ശവകുടീരവും ഇസ്വ്ഫഹാനിലെ അബ്ദുൽബാഖി തിബ്‌രീസി പണിത ഷാ മസ്ജിദും ഇസ്തംബൂളിലെ സുൽഥാൻ അഹ്മദ്‌ മസ്ജിദും പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ സ്ഥാപിതമായ അങ്കാറയിലെ ബൈറാം മസ്ജിദും അറബെസ്ഖിന്റെ മറ്റു അലങ്കാര രൂപങ്ങളാണ്‌.
യൂറോപ്യൻ ദോഷൈക ദൃക്കുകളുടെ അഭിപ്രായത്തിൽ മുസ്ലിംകളിൽ റോമൻകലാശൈലിയിൽ നിന്ന്‌ മോഷ്ടിച്ചതാണ്‌. റോമനെസ്ഖ്‌ എന്ന്‌ അവർ വിളിക്കുന്നതിന്റെ മറ്റൊരു രൂപമാണ്‌ നാം പിന്തുടരുന്നതത്രെ.

ഏതായിരുന്നാലും, ഇസ്ലാമിക കലയെ സംബന്ധിച്ചിടത്തോളം വിശുദ്ധിയുടെ അടയാളമാണിത്‌. ഒരു നിശ്ചിതവൃത്തത്തിൽ നിന്ന്‌ തുടങ്ങി ഏർഎ സങ്കീർണതകളെയാണിത്‌ മുന്നിൽ കാണിക്കുന്നത്‌. എങ്കിലും പരിഷ്കൃത അറബെസ്ഖിനെ വീക്ഷിക്കുമ്പോൾ അവക്ക്‌ പലതിലും സ്വതന്ത്രഭാവങ്ങളുണ്ട്‌. അടിസ്ഥാനാലങ്കാരങ്ങളായ ദലങ്ങളോ സസ്യങ്ങളോ വ്യവർത്തിച്ചെടുക്കാനാവുന്നില്ല എന്നതാണ്‌ അവയിലൊന്ന്‌.

ചരിത്രപരമായി നോക്കുമ്പോഴും അറബെസ്ഖിന്‌ വാസ്തുകല പോലെ പ്രാചരമുണ്ടായിരുന്നില്ല. അമവീ കാലത്ത്‌ വികാസം പ്രാപിക്കാത്ത ഈ മേഖല അബ്ബാസീകാലത്താണ്‌ പ്രശസ്തി നേടുന്നത്‌. മുഖ്യമായും സ്പാനിഷ്‌ മുസ്ലിംകളായിരുന്നു പരിപോഷിപ്പിച്ചിരുന്നതെങ്കിലും പിന്നീട്‌ സൽജൂഖികളും ഫാഥിമികളും ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ്‌ പതിനഞ്ചാം നൂറ്റാണ്ടോടെ ഇന്ത്യ, പേർഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിലും ഇത്‌ വേരോട്ടം തുടങ്ങുന്നത്‌. 16-​‍ാം നൂറ്റാണ്ടായതോടെ യൂറോപ്യരെ സംബന്ധിച്ചിടത്തോളം അറബെസ്ഖ്‌ ഒരാവേശമായി മാറി.(6)

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top