ചന്ദൃക, JUN 2005
ഷാര്‍ജ: ഭൂതകാലത്തിന്റെ വേരുകള്‍ നഷ്ടപ്പെട്ട പുതിയ തലമുറയെ ചരിത്രത്തിന്റെ കൈവഴികളിലൂടെ മുജീബ് റഹ്‌മാന്‍ എന്ന ബിസിനസ് വിദ്യാര്‍ത്ഥി. അറബ് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന ഷാര്‍ജയില്‍ നിന്നാണ് എടപ്പള്‍ സ്വദേശിയായ മുജീബ് തന്റെ പുതിയ പദ്ധതി രൂപകല്‍പ്പന ചെയ്യുന്നത്.
ഇന്തോ-അറബ് ബന്ധങ്ങളുടെ കഥ ചികഞ്ഞ്, ഇന്റര്‍നെറ്റിലൂടെ കഴിഞ്ഞ കാലങ്ങളുടെ അനശ്വര മുഹൂര്‍ത്തങ്ങള്‍ പുനരവതരിപ്പിക്കുകയാണ് മുജീബ്. പ്രമുഖ ചരിത്രകാരന്മാരുമായി നടത്തിയ വീഡിയോ അഭിമുഖങ്ങളോടൊപ്പം ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളും കോര്‍ത്തിണക്കിയാണ് മുജീബ് വെബ്‌സൈറ്റ് ഒരുക്കുന്നത്. ദക്ഷിണേന്ത്യയില്‍ അറബി സാഹിത്യവും കവിതയും സൃഷ്ടിച്ച സ്വാധീനവും വെബ്‌സൈറ്റില്‍ വിവരിക്കുന്നുണ്ട്.
പ്രവാചകന്റെ ജീവിത കാലത്തുതന്നെ ഇസ്ലാം ആശ്ലേഷിക്കാന്‍ ഭാഗ്യം ലഭിച്ച ചേരമാന്‍ പെരുമാളിന്റെ ചരിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് മുജീബ് ഈ ദൌത്യത്തിനിറങ്ങിയത്.
സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ ഗ്രന്ഥങ്ങളും മറ്റ് ചരിത്ര പുസ്തകങ്ങളും അടിസ്ഥാനമാക്കിയാണ് ഈ യുവാവ് ഗവേഷണം നടത്തിയത്. സാമൂതിരിയുടെയും മരക്കാര്‍മാരുടെയും ധീരചരിത്രങ്ങളും പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടങ്ങളും തീഷ്‌ണമായ കഥകളും വെബ്‌സൈറ്റില്‍ കടന്നുവരുന്നു. ചരിത്രപരമായ മറ്റ് വെബ്‌സൈറ്റുകളില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാര്‍ക്കും യുവാക്കള്‍ക്കും എളുപ്പം മനസ്സിലാക്കാവുന്ന രീതിയിലാണ് മുജിബ് തന്റെ പദ്ധതി ഒരുക്കുന്നത്. ഇന്നലെകളുടെ തീഷ്‌ണമായ അനുഭവങ്ങളെ പുതിയ തലമുറക്ക് കൈമാറാനും പ്രവാസികളുടെ ഗൃഹാതുര സ്‌മൃതികള്‍ തട്ടിയുണര്‍ത്താനും വെബ്‌സൈറ്റ് പ്രേരകമാകുമെന്ന് മുജീബ് റഹ്‌മാന്‍ (ള്‍ള്‍ളൃദയമസസഷണസശ) കരുതുന്നു.
തത്വചിന്തകനായ പ്രശസ്‌ത കവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ആരാധകനായ മുജീബ്, അബ്‌ദുസ്സമദ് സമദാനിയുടെ പ്രഭാഷണങ്ങള്‍ നേരത്തെ ഇന്റര്‍നെറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ‘മണല്‍ കാടുകളില്‍നിന്ന് വയലേലകളിലേക്ക്’ എന്ന് പേര്‍ നല്‍കിയ പദ്ധതി പൂര്‍ത്തിയാവുന്നതോടെ വെബ്‌സൈറ്റിന്റെ വിലാസം പരസ്യപ്പെടുത്തുമെന്നും മുജീബ് പറഞ്ഞു.