മനം മടുത്ത ഒരായിരം ഹൃദയങ്ങളുടെ ആത്മപ്രകാശനം
അബ്ദു റഹ്മാന് ഹുദവി, പട്ടാമ്പി
സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്ഥാപിത താല്പര്യങ്ങളോടുള്ള നിരന്തര പോരാട്ടത്തിന്റെയും അംശങ്ങള്‍ കവിതകളിലൂടെ അവതരിപ്പിക്കുകയാണ് ‘ഹെന്ന ഫോര്‍ ദി ഹാര്‍ട്ട്’ എന്ന ജയ്ഹൂന്റെ കൃതി. ആത്മാവ് നഷ്ടപ്പെട്ട സമകാലിക ജീവിത പരിസരത്തില്‍ ഹൃദയത്തിനു പോലും മെയിലാഞ്ചി ചാര്‍ത്തേണ്ടി വരുമ്പോള്‍ കപടമുഖങ്ങളോട് രാജിയാവാന്‍ കഴിയാതെ കവി യാത്ര പറയുകയാണ് ‘ഉദ്യാനം മടുത്തൊരു വാനമ്പാടി’ എന്ന മലയാള വിവര്‍ത്തനത്തിലൂടെ. കപടമുഖങ്ങളും കള്ളനാണയങ്ങളും നമ്മുടെ ചുറ്റുപാടുകളില്‍ നിറഞ്ഞാടുമ്പോല് ഉത്തമസ്നേഹത്തിന്റെയും ദൈവിക സമര്‍പ്പണത്തിന്റെയും ദീപം കൊളുത്തി ഇരുട്ടു മാറ്റാനുള്ള ശ്രമമാണ് ഈ കവിതാ സമാഹാരത്തിലൂടെ കവി നടത്തുന്നത്. ‘ഉദ്യാനം മടുത്തൊരു വാനമ്പാടി’ മനം മടുത്ത ഒരായിരം ഹൃദയങ്ങളുടെ ആത്മപ്രകാശനമാണ്
പ്രഗദ്ഭ വാഗ്മിയും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി ലക്ചററുമായ അലവില്‍ ഹുദവി മുണ്ടപറമ്പാണ് ഈ കൃതിയുടെ വിവര്ത്തകന്. ഇസ്ലാമിക സാഹിത്യ അക്കാദമി (ഇസ, കോഴിക്കോട്) ആണ് ഈ പുസ്തകം പുറത്തിറക്കുന്നത്.
ജയ്ഹൂന്റേതായി ഇതിനകം മൂന്നു ഗ്രന്ഥങ്ങള്‍ വെളിച്ചം കണ്ടിട്ടുണ്ട്. 2001ലാണ് ജയ്ഹൂന്റെ പ്രഥമ കവിതാ സമാഹാരമായ ‘ഈഗോപ്റ്റിക്സ്’ പ്രകാശിതമായി. 2003ല്‍ രണ്ടാമത്തെ കാവ്യസമാഹാരം ‘ഹെന്ന ഫോര്‍ ദി ഹാര്‍ട്ട്’ അമേരിക്കയില്‍ നിന്നും പുറത്തിറങ്ങി. മുന്നാമത്തെ കൃതി ‘ദി കൂള്‍ ബ്രീസ് ഫ്ര്ം ഹിന്ദ്’ എന്ന നോവലിന്റെ രണ്ടാം എഡിഷന് ഡല്‍ഹിയില്‍ വെച്ച് പ്രകാശനം ചെയ്യാനിരിക്കുന്നു.
ജയ്ഹൂന് ഡോട്ട് കോം എന്ന സ്വന്തം സൈറ്റിലൂടെയാണ് വിദ്യാഥിയായിരിക്കെ ജയ്ഹൂന് തന്റെ സര്‍ഗ്ഗയാത്ര തുടങ്ങിയത്. ആകര്‍ഷകമായ ഡിസൈനിംഗിലും സര്‍ഗ വിഭവങ്ങളിലും മികച്ചു നില്ക്കുന്ന ഈ സൈറ്റിന് പ്രതിമാസം പതിനായിരക്കണക്കിനാണ് സന്ദര്‍ശകര്‍.
നിലവിലെ സാമ്പത്തിക സംവിധാനങ്ങള്‍ പാവപ്പെട്ട കര്‍ഷകരെയും വിദ്യാര്‍ഥികളെയും കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന കേരളീയ സാഹചര്യത്തില്‍ ഇസ്ലാമിക ബാങ്കിംഗിന്റെ സാധ്യതകള്‍ അന്വേഷിക്കുന്ന ഒരു വെബ്-ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ ജയ്ഹൂന്. ദൃശ്യമാധ്യമ രംഗത്ത് തന്റെ കഴിവ് തെളിയിക്കാന്‍ ജീവന് ടി.വിയിലെ ‘ഖാഫില’ എന്ന റംസാന് പ്രോഗ്രാമില്‍ കാമ്പസിലെ നോമ്പുകാലം എന്ന പരിപാടിയുടെ അവതാരകനായി ഈ പ്രതിഭ വേഷമണിഞ്ഞിട്ടുണ്ട്.