– Jaihoon
ആ ദിനം മുഴുക്കെയും ഞാന്‍ കഠിന കഠോരമായ് നൊന്തിരുന്നു
പ്രകാശമറ്റ അതിസാഹസത്താല്‍ എന്‍ ഹൃത്തിനും തിമിരം പിടിച്ചിരുന്നു
പലതും ഓര്‍ത്തോര്‍ത്ത് ഞാന്‍ ഖിന്നനായ് വിശമിച്ചിരുന്നു
ഇത്തിരി തുള്ളികള്‍ എന്‍ കണ്‍കളില്‍ മങ്ങലേല്പിച്ചിരുന്നു
ജിജ്ഞാസപൂര്‍വ്വം ഞാന്‍ അറിയാന്‍ കൊതിച്ചു
എന്‍ ഹൃദയത്തിനവ്വിധം പ്രഹരമേല്പിച്ചതെന്തേ?
എന്‍ ദേഹം പിന്നിപ്പിളര്ന്നു കീറി
അത് നിദ്രപൂകിടാന് കൊതിച്ചു
പക്ഷേവേദനക്കൊടുമയില് വിങ്ങിവീര്‍ത്ത്
ശരിക്കുമെന് ഹൃദയം തലകുത്തി വീണു
സര്‍വവും വാരിപ്പുണരുന്ന ആ മഹല്‍
കരുണാമൃതം ഏറെക്കൊതിച്ചു ശരിക്കു ഞാന്‍
ഇതുപോലെ വീണ്ടും ഒരിക്കല്‍ വിളിക്കുവാന്‍
‘ഈ രാപ്പാടിയിതാ ഇപ്പോള്‍ വീണ്ടും കിറുക്കനായ്’
പിന്നീട് നട്ടപ്പാതിരാക്ക്
എന്‍ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു
എന്‍ ഭയാശങ്കകളത്രയും അകാരണം
മേലെ പിശാച് പരിഹാസ ക്രൌര്യം ചൊരിഞ്ഞിടുന്നു
എല്ലാം അതിധ്രുതം, സര്‍വ സാധാരണം
വേദനയാതൊന്നും ബാക്കിയില്ല
പരാതിപ്പെടാനും ഇനിയൊന്നുമില്ല
അത്യപൂര്വ്വമാം ഒരു കഥയിത്,
എന്നില്‍ സന്തോഷം നിറച്ചതും സന്താപം വിതച്ചതും
എല്ലാം അതേയൊരു പനിനീര് സുമം തന്നെയാം
ജീവിതാനുഭവങ്ങളില്‍ ഇതു സര്‍വ്വസാധാരണം
ഏതു സുന്ദരിപ്പനിനീരിനും പിറകെയുണ്ടൊരു മുള്‍മുന
വെടിയല്ലെ നീ നിന്റെ ആത്മാവൊരിക്കലും
മുള്ളിന്റെ വേദന ഏല്പിച്ച് മൂര്‍ച്ചയില്‍
ഈ സുന്ദരസുരഭില പൂവിനെ ചൊല്ലിയാം
പകലന്തിയോളം നീ കനവു നെയ്തത്…
പനിനീരിനെപ്പറ്റിയും മുള്ളിനെപ്പറ്റിയും
ഒരു സ്വല്പമാത്രമേ ചിന്തിച്ചിടാവു നീ
പ്രത്യുത നീ സദാ ധ്യാനിച്ചിടേണ്ടത്
എല്ലാം പടച്ചവന് നാഥന് ഒരുത്തനെ…
ഓ കമിതാക്കളേ ഗര്‍വു വേണ്ട ഒരിക്കലും
ഈ തീവ്ര സ്നേഹത്തിലോ ഉഗ്ര ദ്വേഷത്തിലോ
സ്വന്തം നിലയ്ക്ക് വിലയിട്ടുനോക്കിയാല്‍
ഒരുചില്ലിക്കാശിനും വിലയൊക്കാത്തവനാണു നീ
അവന്റെ സാക്ഷാല്‍ ദാസനായിടുന്ന പക്ഷം
നിന് കിരിിടം കണ്ട് മാലാഖമാരും കൊതി പൂണ്ടിടും
അവന്റെ ഉദ്യാനത്തില്‍ നീ നിന്‍സ്നേഹം നടുന്ന പക്ഷം
നരകതുല്യമാം ഭാരങ്ങളില് നിന്നൊക്കെയും നീ പൂര്ണമുക്തന്
സ്നേഹമൊരിക്കലും സ്നേഹമല്ല;
അവന്റെ സ്നേഹത്തിനതില് പങ്കേതുമില്ലേല്
നിന്റെ സ്നേഹം അവനൊരുത്തനാം
നിന്റെ ദ്വേഷവും അതുപോലെ തന്നെയാം
അവനു വേണ്ടിയല്ലാത്തതൊക്കെയും
നഷ്ടത്തിന് പാത്രമാം ആപത്തുഹേതുവാം…
Dec 6, 2007
Translated by Alavi Al Hudawi.