മതങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അപ്പുരത്തുള്ള സ്നേഹമാണ് ഈ പ്രവാചകവചനം. ഭാരതത്തിന്റെ നന്മയ്ക്കുള്ള അംഗീകാരവും.
ഷാർജയിൽ പ്രവാസി ജീവിതം നയിക്കുന്ന എടപ്പാൾ വെങ്ങിനിക്കര മുജീബ് റഹ്‌മാൻ ‘ജയ്ഹൂൺ’ എന്ന തൂലികാ നാമത്തിലാണ് സർഗരചന നടത്തുന്നത്. രണ്ടു കാവ്യസമാഹാരങ്ങളും ഈയിടെ പുറത്തിറങ്ങിയ ‘ദി കൂൾ ബ്രീസ് ഫ്രം ഹിന്ദ്’ഉം ആംഗലസാഹിത്യത്തിൽ അദ്ദേഹത്തിന്റെ സ്ഥാനമുറപ്പിച്ചു.
‘ജയ്ഹൂൺ’ തുർക്കിസ്ഥാന്റെ മണ്ണിലും മനസ്സിലും ലാവണ്യാനുഭവമായ നദീ പ്രവാഹം. നിളയുടെ സംസ്കാരതടത്തിൽ പിറന്ന് ഷാർജയിൽ പ്രവാസജീവിതം നയിക്കുന്ന ഒരെഴുത്തുകാരൻ ഇത് തന്റെ തൂലികാനാമമാക്കി. 26-ആം വയസ്സിൽ ആംഗലേയ സാഹിത്യപ്രപഞ്ചത്തിലെ സജീവസാന്നിദ്ധ്യമായിക്കഴിഞ്ഞ എടപ്പാൾ വെങ്ങിനിക്കര മുജീബ് റഹ്‌മാൻ ആണ് ‘ജയ്ഹൂൺ’ എന്ന പേരിൽ സർഗരചന നടത്തുന്നത്. പ്രതിഭയുടെ ലാവണ്യധാരയായ രണ്ടു കാവ്യസമാഹാരങ്ങളും ഈയിടെ പുറത്തിറങ്ങിയ ‘ദി കൂൾ ബ്രീസ് ഫ്രം ഹിന്ദ്’ഉം ജയ്ഹൂണിന്റെ ഇടമുറപ്പിച്ചു.
കൊച്ചി മുതൽ കാസർകോടു വരെയുള്ള യാത്രയ്ക്കിടയിൽ ഉണ്ടായ അനുഭവങ്ങളും കാഴ്ചകളുമാണ് ‘ദി കൂൾ ബ്രീസ് ഫ്രം ഹിന്ദ്’ എന്ന നോവലിന്റെ പ്രമേയം. ജന്മനാട്ടിൽ ഒരു പ്രവാസി നടത്തുന്ന ഗൃഹാതുര സഞ്ചാരത്തിന്റെ രേഖയല്ല ഇത്. താനില്ലാത്ത ഒരു ഇടവേളയിൽ ജന്മനാട്ടിൽ കാലം വരുത്തിയ പരിവർത്തനങ്ങൾ ഒരു ചരിത്ര കുതുകിയുടെയും മനുഷ്യസ്നേഹിയുടെയും കണ്ണുകളിലൂടെ കാണുകയാണ് ജയ്ഹൂൺ. ഈ യാത്ര വ്യക്തിയുടെ സ്വകാര്യ സഞ്ചാരമല്ല. ഒരു ജനസമുദായത്തിന്റെ ചരിത്രത്തിലൂടെയും കാലത്തിലൂടെയും സംസ്കാരത്തിലൂടെയുമുള്ള ബൃഹത്തായ സഞ്ചാരമാണ്.
വർത്തമാനത്തിന്റെ വ്യാകുലതകൾ ജയ്ഹൂണിനെ വേദനിപ്പിക്കുന്നുണ്ട്. നവസാമ്രാജ്യത്വത്തിന്റെ അധികാരമുഖം നമ്മുടെ സംസ്കാരത്തിന് മുകളിൽ ആധിപത്യമുറപ്പിച്ചതിൽ വേദനയും രോഷവുമുണ്ട്. ‘ശക്തിയാണ് ശരി’, ‘കയ്യൂക്കുള്ളവൻ കാര്യക്കാരൻ’ എന്നീ പഴയ പ്രമാണങ്ങൾ ഇന്നിന്റെ കാഴ്ചയാവുന്നു. സാമ്രാജ്യത്വം മനുഷ്യത്വത്തിനുമേൽ തേരോടുകയാണ്. ലോകം വികസിച്ചെന്ന് അവകാശപ്പെടുമ്പോഴും മനുഷ്യൻ ഇടുങ്ങിയ ചിന്തയിലേക്ക് ചുരുങ്ങിവരികയാണ്. മറ്റുള്ളവരുടെ വീക്ഷണങ്ങളും താൽപ്പര്യങ്ങളും വിശ്വാസങ്ങളും അംഗീകരിക്കാൻ നാം തയ്യാറല്ല. ഈ പശ്ചാത്തലത്തിലാണ് ‘ദി കൂൾ ബ്രീസ് ഫ്രം ഹിന്ദ്’ന്റെ രചന. അല്ലാമാ ഇഖ്ബാലിന്റെ കാവ്യശകലമാണ് ഈ തലക്കെട്ടിന് ആധാരം. ‘ദി കൂൾ ബ്രീസ്’ എന്ന പ്രയോഗം വളരെ അർത്ഥവത്താണ്. ‘ഹിന്ദിൽ നിന്നൊരു ഇളം തെന്നൽ എന്നെ പുണരുന്നു’ എന്ന് വിശുദ്ധ പ്രവാചകൻ പറഞ്ഞിട്ടുണ്ട്. ഇസ്ലാമിക വിശ്വാസമനുസരിച്ച് ദൈവത്തിന്റെ സൃഷ്ടികളിൽ വെച്ച് ശ്രേഷ്ഠം പ്രവാചക ജന്മമാണ്. അങ്ങനെയുള്ള പ്രവാചകനാണ് ഹിന്ദുസ്ഥാനിനെ ആശ്ലേഷിക്കുന്ന ഈ പരാമർശം നടത്തിയത്. മതങ്ങൾക്കും ദേശങ്ങൾക്കും അധികാരത്തിനും പ്രത്യയശാസ്ത്രങ്ങൾക്കും അപ്പുറത്തുള്ള സ്നേഹമാണ് ഈ പ്രവാചകവചനം; ഭാരതത്തിന്റെ നന്മയ്ക്കുള്ള അംഗീകാരവും. പ്രവാചകാംഗീകാരത്തിന് പാത്രമായ ഈ നന്മയാണ് ഭാരതത്തിന്റെ വലിപ്പം. മാനവസ്നേഹത്തിൽ അടിയുറച്ച ഒരു ജനതയ്ക്കേ ഈ ആദരം നേടാനും നൽകാനും കഴിയൂ.
2001-ലാണ് ജയ്ഹൂണിന്റെ പ്രഥമ കവിതാ സമാഹാരം ‘ഈഗോപ്റ്റിക്സ്’ പ്രസിദ്ധീകരിച്ചത്. ജലാലുദ്ദീൻ റൂമിയുടെയും അല്ലാമാ ഇഖ്ബാലിന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും സ്വാധീനം തന്റെ രചനകളിലുള്ളതായി ജയ്ഹൂൺ പറഞ്ഞു. ജനിച്ചത് ഒരു നാട്ടിൽ, വളർന്നത് മറ്റൊരു നാട്ടിൽ – ഇങ്ങനെ ജീവിതത്തിൽ രൂപപ്പെട്ട മിശ്രദേശീയതയിൽ നിന്നുകൊണ്ട് ദേശങ്ങൾക്കപ്പുറമുള്ള മാനവതയ്ക്കുവേണ്ടി ജയ്ഹൂൺ ‘ഈഗോപ്റ്റിക്സി’ൽ സ്വരമുയർത്തുന്നു.
2003-ൽ പ്രസിദ്ധീകരിച്ച രണ്ടാമത്തെ കാവ്യസമാഹാരം ‘ഹെന്ന ഫോർ ദി ഹാർട്ട്’ കാലത്തിന്റെ പൊള്ളത്തരങ്ങൾക്കെതിരെയുള്ള രോഷവും പരിഹാസവുമാണ്. അമേരിക്കയിൽ നിന്നു പ്രസിദ്ധീകരിച്ച ഈ പുസ്തകം വിപണി സംസ്കാരത്തിന്റെ കാലുഷ്യങ്ങൾക്കു നേരെയാണ് ബോംബെറിയുന്നത്. മറ്റെല്ലാ സുന്ദര വസ്തുക്കളെയും പോലെ സ്ത്രീയും വിൽപ്പനച്ചരക്കാകുന്ന കാലത്തെപ്പറ്റി കവി രോഷത്തോടെ സംസാരിക്കുന്നു.
എഴുത്തിലും വായനയിലും കൂടുതൽ ആഴങ്ങൾ തിരയുകയാണ് താനെന്ന് ജയ്ഹൂൺ പറഞ്ഞു. ഷാർജ തിരക്കിനിടയിലും ഇതിനു സമയം കണ്ടെത്തുന്നു. ഭാര്യ റഹ്മത്ത് ഇതിനുള്ള ആത്മീയ പിന്തുണ നൽകുന്നു. ബാപ്പ മൊയ്ദുണ്ണി ഹാജിയും ഉമ്മ സുലൈഖയും സഹോദരങ്ങളായ അജീബും ഹസീബും നജീബയും ജയ്ഹൂണിന്റെ സർഗ വ്യാപാരത്തിന് പ്രോത്സാഹനം നൽകുന്നു.
സി. സാന്ദീപനി, മാതൃഭൂമി ഗൾഫ് ഫീച്ചർ, Sep 2004
C. Sandeepani, Mathrubhoomi Gulf Feature
0 Responses
All the best Mr. Mujeeb Rahman…