നസീം ബീഗം, അറേബ്യ, ഫെബ്. 11 2004
മിസ്റ്റിസിസം നിര്‍വചനാതീതമാണ്. ആ അനുഭവത്തെ വാക്കുകളിലൂടെ വരച്ചു കാട്ടുക പ്രയാസമാണ്. എങ്കിലും പലകാലങ്ങളിലും പലരും അതെന്താണെന്ന് വിവരിച്ചു തരാന്‍ ശ്രമിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരനായ ഒരു മതത്തിലും വിശ്വസിക്കാത്ത ദൈവ ശാസ്ത്ര പണ്ഡിതന്‍ ഡീന്‍ ഇംഗെ മിസ്റ്റിസിസത്തിനു നല്‍കിയ നിര്‍വചനമാണ് പരക്കെ അംഗീകരിക്കപ്പെടുന്ന ഒന്ന്.
“കേവലം ഭക്തന്മാര്‍ക്ക് ഈ അനുഭൂതി ഉണ്ടാകാം. ചിന്തകന്മാര്‍ക്കും ഉണ്ടാകാം. പ്രകടന സമര്‍ത്ഥരായ ആളുകള്‍ക്ക് അനുഭൂതി ഉണ്ടാകുമ്പോള്‍ അവര്‍ അതിനൊരു ആവിഷ്കരണം നല്‍കാനായി ആഗ്രഹിക്കുന്നു. അത് എളുപ്പമല്ലെന്ന് അവര്‍ക്കറിയാം. എങ്കിലും എങ്ങനെയെങ്കിലും ആവിഷ്കരിച്ചേ തീരൂ. അത്ര മഹത്താണ് ആ അനുഭവം. ഒടുവില്‍ ഒരു വിധത്തില്‍ അവര്‍ ആവിഷ്കരിക്കുന്നു.”
ചിലര്‍ കവിതയെഴുതി ആയിരിക്കും ആ അനുഭവത്തെ പകരുക. മട്ടു ചിലര്‍ പാടും. മിസ്റ്റിക്കുകളും മിസ്റ്റിസിസവും കാലദേശങ്ങള്‍ക്കതീതമായി നിലകൊള്ളുന്നവരാണ്. ജലാലുദ്ദീന്‍ റൂമി, ടാഗോര്‍, ഖലീല്‍ ജിബ്രാന്‍, വില്യം ബ്ലേക്ക് തുടങ്ങി എത്രയോ മഹദ്കവികള്‍ മതസ്പര്‍ശമില്ലാത്തവര്‍, ഉള്ളവര്‍- എങ്കിലും മിസ്റ്റിസിസത്തിന്റെ അടിസ്ത്ഥാന സ്വഭാവം ഏതെങ്കിലുമൊരു മതത്തിലെത്തി നില്‍ക്കുന്നതാണ് പലപ്പോഴും കാണുന്നത്.
പഠനകാലത്ത് യാദൃശ്ചികമായി സൂഫി മിസ്റ്റിസിസത്തിലൂടെ കടന്നുപോകുകയും അത് വല്ലതെ ബാധിക്കുകയും ചെയ്തപ്പോള്‍ കവിതകളിലൂടെ, ചെറിയ ലേഖനങ്ങളിലൂടെ തന്റെ ഉള്ള് ആവിഷ്കരിക്കാന്‍ തുടങ്ങിയതാണ് ജയ്ഹൂന്‍. അതിലേക്കായി ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി. ഇന്ന് ലോകമെങ്ങുമുള്ള ആരാധകര്‍ തനിക്കുണ്ടെന്നാണ് ജയ്ഹൂന്‍ പറയുന്നത്. ഒരു ദിവസം കവിത എഴുതിയില്ലെങ്കില്‍ എന്തുപറ്റി എന്ന് അന്വേഷിക്കുന്ന സുഹൃത്തുക്കള്‍ ഉണ്ട്. എന്നു കരുതി ഒരു ടൈംടേബിള്‍ വെച്ച് കവിത എഴുതുന്ന ആളായി തന്നെ തെറ്റിദ്ധരിക്കരുതെന്നും ഈ ചെറുപ്പക്കാരന്‍ പറയുന്നു.
മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി 27-കാരനായ മുജീബ് റഹ്‌മാനാണ് ജയ്ഹൂന്‍ എന്ന തൂലികാനാമത്തില്‍ എഴുതുന്നത്. ഷാര്‍ജാ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ഫ്രീസോണിലെ ഉദ്യോഗസ്ഥനാണ് ജയ്ഹൂന്‍. വളരെ ചെറുപ്പത്തിലേ ജയ്ഹൂന്‍ മിസ്റ്റിസിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത് അല്ലാമാ ഇഖ്ബാലിന്റെ രചനകളിലൂടെയായിരുന്നു. തുടര്‍ന്ന് ജലാലുദ്ദീന്‍ റൂമി, ഖലീല്‍ ജിബ്രാന്‍ തുടങ്ങിയവര്‍. അല്ലാമാ ഇഖ്ബാലിന്റെ ഒരു കവിതയില്‍നിന്നാണ് ജയ്ഹൂന്‍ എന്ന തൂലികാനാമം സ്വീകരിച്ചത്. ജയ്ഹൂന്‍ ഇന്റര്‍നെറ്റിലെഴുതിയതാണ് 3 പുസ്തകങ്ങളാക്കി ഇപ്പോള്‍ വായന ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന ഈഗോപ്റ്റിക്സ്, ഹെന്ന ഫോര്‍ ദ ഹാര്‍ട്ട്, ദ കൂള്‍ ബ്രീസ് ഫ്രം ഹിന്ദ് എന്നിവ. ഈഗോപ്റ്റിക്‌സും, ഹെന്നയും കവിതാസമാഹാരങ്ങളാണ്. ദ കൂള്‍ ബ്രീസ് നോവലും. നോവലിനുമുണ്ടൊരു സവിശേഷത. ആകെ രണ്ട് കഥാപാത്രങ്ങള്‍ മാത്രമുള്ള നോവലാണിത്. ഗസല്‍ ഗാനങ്ങളുടെ ഘടനയില്‍ ഒരു പ്രണയി സഖിയോട് സംവദിക്കുന്ന രീതിയിലാണ് നോവല്‍. നോവലെന്നതിലുപരി ഇതൊരു യാത്രാവിവരണമാണെന്ന് പറയാം. പ്രവാസിയായ ഒരാള്‍ സ്വന്തം നാട്ടിലെത്തുമ്പോഴുണ്ടാകുന്ന മാനസികമായ ഉണര്‍വ് ചൈതന്യമായ ചിന്തകള്‍ക്കിട വരുത്തുകയാണ്. നാടുവിട്ട് വളരെക്കാലം നില്‍ക്കുമ്പോള്‍ അറിയാതെത്തന്നെ പ്രവാസ സ്ഥലം സ്വന്തം നാടെന്ന ചിന്തയുണ്ടാകും. എന്നാല്‍ ജന്മനാട്ടിലെത്തുമ്പോഴാണ് താനറിയാതെയെങ്കിലും ഉപേക്ഷിച്ച നാടിന്റെ സൌകര്യവും അതിനോടുള്ള തീവ്രമായ ബന്ധവുമൊക്കെ തിരിച്ചറിയുന്നത്. രണ്ട് വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ പെട്ടപ്പോഴുണ്ടായതാണ് ദ കൂള്‍ ബ്രീസ് ഫ്രം ഹിന്ദ് എന്ന തന്റെ നോവലെന്ന് പറയുന്നു ജയ്ഹൂന്‍.
കവിതകളില്‍ ഖലീല്‍ ജിബ്രാന്റെയും മറ്റും സ്വാധീനമുണ്ടെങ്കിലും ഒരു പക്ഷേ ജീവിതാനുഭവങ്ങളുടെ അഭാവം ജയ്ഹൂനിന്റെ കവിത തരുന്ന ദര്‍ശനം ഉപരിപ്ലവമാണ്. എങ്കിലും സമപ്രായക്കാരായ ചെറുപ്പക്കാര്‍ ഭൌതിക സുഖങ്ങളില്‍ രമിക്കുമ്പോള്‍ ആത്മീയതക്ക് വേണ്ടിയുള്ള അന്വേഷണം നടത്തുന്ന ജയ്ഹൂനിന്റെ ശ്രമം പ്രശംസിക്കപ്പെടേണ്ടതാണ്.