1857 : ഇന്ത്യന്‍ ജനതയുടെ ആദ്യത്തെ മഹത്തായ സമരം

1857 : ഇന്ത്യന്‍ ജനതയുടെ ആദ്യത്തെ മഹത്തായ സമരം
2007 മെയ്‌ മാസത്തില്‍ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ വാര്‍ഷികം അഘോഷിക്കുകയാണ്‌. ഈ സന്ദര്‍ഭത്തില്‍ 1857ലെ കലാപത്തിന്‌ മുന്നോടിയായി നടന്ന പല സുപ്രധാന്‍ സംഭവങ്ങളെപ്പറ്റിയും വിലയിരുത്തേണ്ടതുണ്ട്‌. 1857ലെ വിപ്ലവത്തിന്‍ മുമ്പ്‌ ദക്ഷിണേന്ത്യയില്‍ 40ലേറെ ബ്രിട്ടീഷ്‌ വിരുദ്ധ കലാപങ്ങളുണ്ടായിട്ടുണ്ട്‌. ഇതൊക്കെ പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയതുമാണ്‌. ഇതില്‍ ഒന്നു പോലും നെരത്തെ വാര്‍ഷികാചരണ സമിതി തയ്യാറാക്കിയ ചരിത്ര കല്‍ണ്ടറില്‍ പരാമര്‍ശിക്കുന്നില്ല. ഒന്നാം സ്വാതന്ത്യ്‌ര സമര പോരാളികളായ ബീഗം ഹസ്രത്ത്‌ മഹല്‍, കണ്‍വാര്‍ സാഹബ്‌, ഖാസിമാര്‍ തുടങ്ങിയ മുസ്‌ലിം പിന്നോക്ക വര്‍ഗ്ഗ ഗോത്ര നേതാക്കളെയും കര്‍ഷക സമര യോദ്ധാക്കളെയും കലണ്ടര്‍ പൂര്‍ണ്ണമായി അവഗണിച്ചു.
ഇന്ത്യന്‍ സ്വാതന്ത്യ്‌ര സമരത്തിന്‌ പോരാടിയ ഇവരില്‍ പലരേയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റുകയും വെടിവെച്ചു കൊല്ലുകയും നാട്‌ കടത്തുകയുമായിരുന്നു. ഇവര്‍ക്ക്‌ കലണ്ടറില്‍ ഇടം നല്‍കാതിരുന്നത്‌ തെറ്റിപ്പോയി. ബുലന്ത്‌ ശഹറിലെ നവാബ്‌ വിലായത്ത്‌ ഖാന്‍, ബറോട്ടിലെ ഷഹ്‌വല്‍ ജാമ്‌, ദേവിസിംഗ്‌ എന്നിവരുടെ പേരുകള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സമിതി പരാജയപ്പെട്ടു. 1857ലും 1757- 1856 കാലഘട്ടത്തിലുമുണ്ടായ സംഭവങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കാതെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യത്തിലുമുണ്ടായ സമര പരമ്പരകള്‍ക്ക്‌ കലണ്ടര്‍ പ്രാമുഖ്യം നല്‍കിയിരിക്കുകയാണ്‌. പിന്നോക്ക ന്യൂനപക്ഷ ഗോത്ര വര്‍ഗ്ഗ സമുദായങ്ങളുമായി ബന്ധപ്പെട്ട സമരങ്ങള്‍ കൂടി അര്‍ഹമായ സ്ഥാനം നല്‍കി കലണ്ടര്‍ പരിഷ്കരിക്കുമെന്ന്‌ സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ പറഞ്ഞതും സ്‌മരണീയമാണ്‌.
1857ന്‌ മുമ്പുണ്ടായ സംഭവങ്ങളുടെ വാര്‍ഷികാഘോഷത്തിന്‌ വിപുലമായ രീതിയില്‍ ഇന്ത്യാ ഗവണ്‍മന്റ്‌ ചട്ടവട്ടം കൂടിയപ്പോള്‍ 1875ന്‌ മുമ്പുണ്ടായ സംഭവങ്ങളുടെ വാര്‍ഷികാഘോഷമാണെങ്കിലും ഇന്ത്യന്‍ സ്വാതന്ത്യ്‌ര സമരത്തിന്‌ ടിപ്പു സുല്‍ത്താനും അതുപോലുള്ള യോദ്ധാക്കളും നല്‍കിയ സംഭാവനകളും പ്രത്യേകം സ്‌മരിക്കപ്പെടുമെന്ന്‌ മന്ത്രി എ.ആര്‍. ആന്തുലെ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കര്‍ണ്ണാടകയില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുമുണ്ടത്രെ. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മൈസൂര്‍ ഭരിച്ചിരുന്ന ടിപ്പു സുല്‍ത്താന്‍ (1782-99) അതുല്ല്യ രാജ്യ തന്ത്രജ്ഞനും പരിഷ്ക്കര്‍ത്താവും രാഷ്ട്ര നിര്‍മ്മാതാവുമായിരുന്നു. പക്ഷെ ബ്രിട്ടീഷ്‌ കൊളോണിയല്‍ ചരിത്രകാരന്മാര്‍ അദ്ദേഹത്തെ മതഭ്രാന്തനും ക്രൂരനുമായാണ്‌ ചിത്രീകരിച്ചത്‌.
നമ്മുടെ സ്വാതന്ത്യ്‌രത്തിന്‌ വേണ്ടി ത്യാഗമനുഷ്ഠിക്കുകയും യാതനകളനുഭവിക്കുകയും ചെയ്‌ത ലക്ഷോപലക്ഷം ഇന്ത്യക്കാരെയും നേതാക്കളെയും സ്‌മരിക്കേണ്ടതുണ്ട്‌. വിടേശ ഭരണത്തിന്റെ മൌലിക സ്വഭാവം തന്നെ ഇന്ത്യക്കാരുടെ ദേശീയ വികാരങ്ങള്‍ തട്ടിയുണര്‍ത്തുകയും സുശക്തമായ ഒരു ദേശീയ പ്രസ്ഥാനത്തിന്റെ പിറവിക്കും വളര്‍ച്ചക്കും ഇണങ്ങിയ ഭൌതികവും ധാര്‍മ്മികവും ധിഷണാപരവും രാഷ്‌ട്രീയവുമായ സാഹചര്യങ്ങള്‍ അണിയിച്ചൊരുക്കുകയും ചെയ്തു.
ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ഭരണം തുടങ്ങിയത്‌ 1757ലാണെന്ന്‌ പറയാം. അന്നാണ്‌ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയുടെ സൈന്യം ബംഗാളിലെ നവാബായിരുന്ന സിറാജ്‌-ഉറ്‌-റൌളയെ പ്ലാസി യുദ്ധത്തില്‍ തോല്‍പിച്ചത്‌. പക്ഷെ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരില്‍ ഇന്ത്യയില്‍ പ്രബലമായൊരു ദേശീയ സമരം ശക്തിയാര്‍ജ്ജിച്ചത്‌ 19-ആം ശതകത്തിന്റെ രണ്ടാം പകുതിയിലും 20-ആം ശതകത്തിന്റെ ആദ്യപകുതിയിലുമാണ്‌. ഇന്ത്യന്‍ ജനതയുടേയും ബ്രിട്ടീഷ്‌ ഭരണാതികാരികളുടേയും താല്‍പര്യങ്ങള്‍ യേറ്റുമുട്ടിയതാണ്‌ ഈ സമരത്തിന്‌ വഴിതെളിയിച്ചത്‌.
1757ന്‌ മുമ്പ്‌ തന്നെ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിക്ക്‌ രണ്ട്‌ കാര്യങ്ങളിലേ താല്‍പര്യമുണ്ടായിരുന്നുള്ളൂ. ഇന്ത്യയും പൌരസ്‌ത്യ ദേശങ്ങളുമായുള്ള വ്യാപാരത്തിന്റെ കുത്തുക കയ്യടക്കാനായിരുന്നു അവരുടെ ശ്രമം.
ഏത്‌ നിലക്ക്‌ നോക്കിയാലും 1857-ഓടെ ഒരു ബഹുജന കലാപത്തിനുള്ള സാഹചര്യമായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്‌. മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന കാളയുടേയും പന്നിയുടേയും കൊഴുപ്പ്‌ പുരട്ടിയ വെടിത്തിര ഉപയോഗിക്കുന്നത്‌ സിപ്പയികളെ രോഷാകുലരാക്കി. 1857 മെയ്‌ 10ന്‌ ഡല്‍ഹിക്ക്‌ 36 മെയില്‍ അകലെ മീററ്റില്‍ പട്ടാളക്കാരുടെ ലഹളയോടെയാണ്‌ കലാപമാരംഭിച്ചത്‌. അതിന്‌ അനുദിനം ശക്തി പ്രാപിച്ചു. പഞ്ചാബ്‌ മുതല്‍ തെക്ക്‌ നര്‍മ്മദ വരെയും കിഴക്ക്‌ ബീഹാര്‍ മുതല്‍ പടിഞ്ഞാറ്‌ രജപുത്താന വരെയും അത്‌ വ്യാപിച്ചപ്പോള്‍ ഭയാനകമായ രംഗമാണ്‌ പ്രത്യക്ഷപ്പെട്ടത്‌. മീററ്റിലെ പട്ടാളക്കര്‍ തങ്ങലുടെ മേലുദ്യോഗസ്ഥന്മാരെ അറുകൊല ചെയ്തു.
പിറ്റേന്ന്‌ ദല്‍ഹിയിലെത്തിയ അവര്‍ നഗരം പിടിച്ചെടുത്ത്‌ വയോവൃദ്ധനായ ബഹദൂര്‍ ഷായെ ഭാരത ചക്രവര്‍ത്തിയായി അവരോധിക്കുകയും ചെയ്തു. ഉത്തരേന്ത്യയിലും മദ്ധ്യ ഭാരതത്തിലും കുന്തവും കോടാലിയും അമ്പും വില്ലും കുറുവടിയും അരിവാളും നാടന്‍ തോക്കുകളും ഉപയോഗിച്ചുള്ള കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇതില്‍ ഇന്നത്തെ ഉത്തര്‍പ്രദേശിലും ബീഹാറിലും കര്‍ഷകരും കൈത്തൊഴില്‍കാരും ഒന്നടങ്കം പങ്കെടുത്തു. അവുധിയില്‍ ഇംഗ്ലീഷുകാരോട്‌ പോരാടി വീരമൃത്യു വരിച്ച 150000 ആളുകളില്‍ 100000 പേര്‍ സിവിലിയന്മാരായിരുന്നു. ഹിന്ദു മുസ്‌ലിം ഐക്യമാണിവിടെ കണ്ടത്‌. ബഹദൂര്‍ഷായെ സമരക്കാര്‍ ഒന്നടങ്കം അംഗീകരിച്ചു. കലാപം വിജയിച്ച സ്ഥലങ്ങളിലെല്ലാം ഹിന്ദുക്കളുടെ മതവികാരങ്ങളെ മാനിക്കുന്നതിന്‌ ഗോവധം നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുകയുണ്ടായി. എല്ലാ നേതൃതലങ്ങളിലും ഹിന്ദുക്കള്‍ക്കും മുലിംകള്‍ക്കും തുല്ല്യ പ്രാതിനിധ്യമുണ്ടായിരുന്നു.
പക്ഷെ 1857 സെപ്‌തംബര്‍ 20ന്‌ ശക്തി ക്ഷയിച്ചിരുന്ന പ്രക്ഷോഭകരുടെ ക്ഷീണം മനസ്സിലാക്കി ബ്രിട്ടീഷുകാര്‍ ഡെല്‍ഹി പിടിച്ചെടുക്കുകയും ബഹദൂര്‍ഷായെ തടവിലാക്കുകയും ചെയ്തു.
1859 അവസാനത്തോടെ ഇന്ത്യയില്‍ ബ്രിട്ടന്റെ ആധിപത്യം പൂര്‍ണ്ണമായും പുനഃസ്ഥാപിതമായി. പക്ഷെ 1857ലെ കലാപം പാഴായില്ല. പൌരാണിക നേതൃത്വത്തിന്‍ കീഴില്‍ പഴഞ്ചന്‍ രീതിയില്‍ ഇന്ത്യയെ രക്ഷിക്കാനുള്ള ഒരു സാഹസമായിരുന്നെങ്കിലും ബ്രിട്ടീഷ്‌ മേല്‍ക്കോയ്‌മയില്‍ നിന്ന്‌ വിമുക്തമാകാനുള്ള ഇന്ത്യന്‍ ജനതയുടെ ആദ്യത്തെ മഹത്തായ സമരമായിരുന്നു അത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top