ബംഗാള്‍ മുസ്‌ലിങ്ങള്‍ അരനൂറ്റാണ്ട് പിന്നില്‍

ബംഗാള്‍ മുസ്‌ലിങ്ങള്‍ അരനൂറ്റാണ്ട് പിന്നില്‍
Posted on: 15 Feb 2011
പശ്ചിമബംഗാളില്‍ നിന്ന് എന്‍.പി. രാജേന്ദ്രന്‍
http://www.mathrubhumi.com/story.php?id=158980


കൊല്‍ക്കത്ത : വിഭജനത്തിന്റെ ചോരപുരണ്ട ഓര്‍മകള്‍ മാഞ്ഞിരിക്കാം, പക്ഷേ, ബംഗാള്‍ മുസ്‌ലിങ്ങള്‍ ഇപ്പോഴും മുഖ്യധാരയുടെ അയലത്തുപോലുമെത്തിയിട്ടില്ല.

ജനസംഖ്യാപരമായികേരളത്തിലേതിനേക്കാള്‍ കൂടുതല്‍ ശതമാനമുണ്ട് അവര്‍. എന്നാല്‍ രാഷ്ടീയമായി ഏറ്റവും ദുര്‍ബലരാണ്. നാലിലൊന്നിലേറെ വരുന്ന മുസ്‌ലിം ജനതയുടെ പ്രതിനിധികള്‍ ഒരു പാര്‍ട്ടിയിലും നിര്‍ണായക സ്ഥാനങ്ങളിലില്ല.
മുസ്‌ലിം ലീഗ് ജന്മം കൊണ്ട ഭൂവിഭാഗമാണെന്നതൊക്കെ ശരി. ലീഗ് ഇന്നിവിടെ ദുര്‍ബലമായ പാര്‍ട്ടിയാണ്. ഇന്ത്യാവിഭജനത്തോടെ ലീഗ് തീര്‍ത്തും ഇല്ലാതായെങ്കിലും പിന്നീട് പ്രോഗ്രസീവ് മുസ്‌ലിം ലീഗ് ഉണ്ടായി. അവര്‍ക്ക് നിയമസഭയില്‍ പ്രധാനിധ്യവുമുണ്ടായി. ആ പാര്‍ട്ടി പിന്നീട് ലയിച്ചാണ് യൂണിയന്‍ മുസ്‌ലിംലീഗ് ഉണ്ടായത്. പക്ഷേ, ഇന്നും ലീഗിന് മുഖ്യമുന്നണികളിലൊന്നും പ്രവേശനം ലഭിച്ചിട്ടില്ല. അതിനൊരു പ്രധാനകാരണം ലീഗ് ഇതുവരെ തെളിയിച്ചത് അവരുടെ ശക്തിയല്ല, ദൗര്‍ബല്യമാണെന്നതാണ്.

30 ശതമാനം മുസ്‌ലിങ്ങളുണ്ടെങ്കിലും പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കുറെ സ്ഥലത്ത് മത്സരിച്ചപ്പോള്‍ കിട്ടിയത് മൂന്നുശതമാനത്തില്‍ താഴെ വോട്ടുമാത്രം. മുപ്പതിലേറെ വര്‍ഷമായി നടക്കുന്ന ഇടതുഭരണം മുസ്‌ലിം ജനതയോട് കടുത്ത അനീതിയാണ് ചെയ്തതെന്ന് ലീഗ് നാഷണല്‍ സെക്രട്ടറിയും സംസ്ഥാനപ്രസിഡന്‍റുമായ ഷഹന്‍ഷാ ജഹാംഗീര്‍ പറയുന്നു. 30 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിങ്ങള്‍ക്ക് ഭരണസംവിധാനത്തിലുള്ള പ്രാതിനിധ്യം മൂന്നുശതമാനമേ ഉള്ളൂ എന്നാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്. ആ മൂന്നുശതമാനം പോലും അറുപതുകളിലും എഴുപതുകളുടെ ആദ്യവും കോണ്‍ഗ്രസ് ഭരണകാലത്ത് പ്രത്യേക പരിഗണന നല്‍കി നടത്തിയ നിയമനങ്ങള്‍ വഴിയാണ്. അവരെല്ലാം റിട്ടയര്‍ ചെയ്തുകഴിഞ്ഞു.

ഇപ്പോള്‍ ഒരു ശതമാനം പോലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ മുസ്‌ലിങ്ങളായി ഉണ്ടാവില്ല- ജഹാംഗീര്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് വളര്‍ന്നാല്‍ തങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളോര്‍ത്താണ് എല്ലാ പാര്‍ട്ടികളും ലീഗിനെ ഭയപ്പെടുന്നത്. മുസ്‌ലിം വോട്ടര്‍മാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള എഴുപത്തഞ്ചിലേറെ മണ്ഡലങ്ങളുണ്ട്. കേരളത്തിലെ മുസ്‌ലിംലീഗിന്റെ ഇരട്ടി ശക്തിയുണ്ടാക്കാനാകും ഇവിടെ ലീഗിന്. അത് മുഖ്യധാരാപാര്‍ട്ടികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കും.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നിലാണ് മുസ്‌ലിങ്ങള്‍. വിദൂര ഗ്രാമങ്ങളില്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത മുസ്‌ലിം കുടുംബങ്ങളേറെയാണ്. ഒരു പദ്ധതി പോലും ഇവര്‍ക്കായി ഭരണക്കാര്‍ ആസൂത്രണം ചെയ്തിട്ടില്ല. മുസ്‌ലിങ്ങള്‍ക്ക് ഈയിടെ പ്രഖ്യാപിച്ച തൊഴില്‍ സംവരണം പോലും ഗുണം ചെയ്യില്ല. കാരണം ആവശ്യമുള്ള യോഗ്യതയുള്ളവരില്ല. മൂന്നുശതമാനം മുസ്‌ലിം കുട്ടികളേ ഉന്നതവിദ്യാഭ്യാസ രംഗത്തുള്ളൂ. പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതിക്കാര്‍ക്കും പിന്നിലാണ് മുസ്‌ലിം വിദ്യാര്‍ഥികളുടെ എണ്ണം. പല ജാതിക്കാര്‍ക്കും സര്‍വകലാശാലകള്‍ അനുവദിച്ച സര്‍ക്കാര്‍ ഒന്നുപോലും മുസ്‌ലിങ്ങള്‍ക്ക് നല്‍കിയിട്ടില്ല. കേരളത്തിലെ മുസ്‌ലിം സംഘടനകളില്‍ നിന്ന് കിട്ടിയ സഹായം പോലും ഇവിടത്തെ സര്‍ക്കാറില്‍ നിന്ന് ലഭിച്ചിട്ടില്ല എന്ന് ജഹാംഗീര്‍ വ്യസനത്തോടെ പറഞ്ഞു.
മത്സരിക്കാന്‍ ഒരു സീറ്റ് പോലും മമത ബാനര്‍ജി നല്‍കില്ലെങ്കില്‍ പോലും ഇത്തവണ ഇടതുഭരണത്തിനെതിരെ വോട്ടുചെയ്യാനാണ് ലീഗിന്റെ തീരുമാനം.

തനിച്ച് മത്സരിക്കാന്‍ കഴിയാഞ്ഞിട്ടല്ല, പക്ഷേ, അത് ഇടതുകക്ഷികള്‍ക്ക് ഗുണമാകുമെന്നതിനാലാണ് ചെയ്യാത്തത്. മദ്രസകള്‍ മുളച്ചുപൊന്തുന്നതു കൊണ്ടാണ് തീവ്രവാദം ഉണ്ടാകുന്നതെന്ന് പരസ്യമായി പറഞ്ഞ മുഖ്യമന്ത്രിയാണ് ഇടതുമുന്നണിയുടേത്. ബംഗാളിലെ മദ്രസയില്‍ പഠിച്ചുവളര്‍ന്ന ഒരു തീവ്രവാദിയുടെ പേര് പറയാന്‍ താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചുവെന്നും ജ്യോതിബസു ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട ശേഷമാണ് ബുദ്ധദേവ് ഭട്ടാചാര്യ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞതെന്നും ജഹാംഗീര്‍ വ്യക്തമാക്കി.
നാല് പതിറ്റാണ്ടിലേറെയായി ബംഗാളില്‍ വര്‍ഗീയ കലാപമില്ല എന്നത് വലിയ നേട്ടം തന്നെയാണെന്ന് അദ്ദേഹം സമ്മതിച്ചു. അത് ഇടതുസര്‍ക്കാറിന്റെ മാത്രം നേട്ടമല്ല. മതസൗഹാര്‍ദത്തിന് ദോഷമുണ്ടാകുന്ന ഒരു പ്രവര്‍ത്തനവും ലീഗ് ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകളില്‍ നിന്നുണ്ടാകാറില്ല,

ഉണ്ടാവുകയുമില്ല. ഇതൊക്കെയാണെങ്കിലും മുസ്‌ലിം യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ അത്യപൂര്‍വം സ്വകാര്യസ്ഥാപനങ്ങളേ മുന്നോട്ടുവരുന്നുള്ളൂ എന്ന കാര്യത്തില്‍ കയറ്റുമതി വ്യവസായിയും മിഡ്‌നാപ്പുര്‍ നവാബിന്റെ പിന്‍മുറക്കാരനും ഫിക്കി മുന്‍ പ്രസിഡന്‍റുമായ ജഹാംഗീറിന് സങ്കടമുണ്ട്. ഇക്കാര്യത്തില്‍ ഇവിടത്തെ തൊഴിലുടമസ്ഥര്‍ വിഭജനകാലത്തെ വൈരത്തില്‍ നിന്ന് മുന്നോട്ടുപോയിട്ടില്ല. താണ ജാതിക്കാരെയും മുസ്‌ലിങ്ങളെയും നിയമിച്ചാല്‍ സ്ഥാപനം അശുദ്ധമാകുമെന്ന് തന്നോട് കാര്യമായി പറഞ്ഞ വ്യവസായികളുണ്ടെന്ന് അദ്ദേഹം ഓര്‍ക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top