കേരളത്തിലെ മദ്രസാ അധ്യയനം മാതൃക: ടീസ്റ്റ സെതല്‍വാദ്

Thursday, February 18, 2010
http://www.madhyamam.in


കൊച്ചി: കേരളത്തിലേതുപോലെ മദ്രസാ അധ്യയനവും സ്കൂള്‍ വിദ്യാഭ്യാസവും സമന്വയിപ്പിച്ച പഠനരീതി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാതൃകയാക്കണമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ മുസ്ലിം യുവജന സംഗമ യാത്രക്ക് തുടക്കം കുറിച്ച് എറണാകുളത്ത് ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
രാജ്യത്ത് മുസ്ലിം സമുദായത്തിന് പൊലീസിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ല. ഭൂരിപക്ഷ സമുദായത്തിലെ ആളുകള്‍ ഇത് മനസ്സിലാക്കി നിയമപരമായി മുസ്ലിംകള്‍ക്ക് ലഭിക്കേണ്ട അവകാശം നേടിക്കൊടുക്കണം.
ഗോധ്ര സംഭവത്തില്‍ പ്രതികളാക്കപ്പെട്ടവര്‍ക്ക് ഇപ്പോഴും ജാമ്യം ലഭിച്ചിട്ടില്ല. അതേസമയം ഗോധ്രക്കുശേഷമുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ പ്രതിയാക്കപ്പെട്ടവരെല്ലാം ജാമ്യം നേടി പുറത്തുവന്നു. ഇസ്ലാമിന്റെ ചരിത്രവും സംസ്കാരവും മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കാനും തെറ്റിദ്ധാരണകള്‍ അകറ്റാനും മുസ്ലിംകള്‍ തന്നെ ശക്തമായി രംഗത്തുവരണമെന്നും അവര്‍ പറഞ്ഞു.
ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് കേരളം മാതൃകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. മുസ്ലിം ലീഗിന്റെ സാന്നിധ്യവും ശക്തിയുമാണ് അതിന് കാരണം. മുസ്ലിം ലീഗിന് രഹസ്യ അജണ്ടയില്ല. സമാധാനവും സഹവര്‍ത്തിത്വവുമാണ് ഇസ്ലാം ആഹ്വാനം ചെയ്യുന്നത്. യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കാന്‍ ചിലരൊക്കെ പ്രേരിപ്പിക്കുന്നുണ്ട്. പക്ഷേ, യഥാര്‍ഥ മുസ്ലിമിന് തീവ്രവാദിയാകാന്‍ സാധിക്കില്ല. തീവ്രവാദം അനിസ്ലാമികമാണ്.
രാജ്യത്ത് മുസ്ലിംകള്‍ പാര്‍ശ്വവത്കരിക്കപ്പെടുകയാണെന്നും അഹമ്മദ് പറഞ്ഞു. സര്‍ക്കാര്‍ സര്‍വീസിലോ സൈന്യത്തിലോ അവര്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. മുസ്ലിംകള്‍ക്കും തുല്യ പ്രാതിനിധ്യം വേണമെന്നും ഇതിനായി മുസ്ലിം ലീഗ് ഒന്നാമതായി രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം.ഷാജി അധ്യക്ഷത വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, ഡോ.എം.കെ.മുനീര്‍, ടി.എ.അഹമ്മദ് കബീര്‍, വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, സി.മമ്മൂട്ടി, അഡ്വ.എന്‍.ഷംസുദ്ദീന്‍, എം.കെ.എ.ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top