കലക്‌ട്രേറ്റ്‌ മാര്‍ച്ച്‌ സമാധാനപരമാകണം: ശിഹാബ്‌ തങ്ങള്‍

മലപ്പുറം: ഇടതുമുന്നണി സര്‍ക്കാരിന്റെ ജനദ്രോഹത്തിനും ന്യൂനപക്ഷാവകാശ ധ്വംസനത്തിനുമെതിരെ മുസ്‌ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ നാളെ സംസ്ഥാന വ്യാപകമായി നടക്കുന്ന കലക്‌ട്രേറ്റ്‌ മാര്‍ച്ച്‌ വന്‍ വിജയമാക്കണമെന്ന്‌ മുസ്‌ലിം ലീഗ്‌ സംസ്ഥന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദ്‌ ശിഹാബ്‌ തങ്ങള്‍ ആഹ്വാനം ചെയ്‌തു. കനത്ത ജനരോഷം സൃഷ്‌ടിക്കുന്ന നടപടികളാന്‍ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നതെങ്കിലും മാര്‍ച്ച്‌ തികച്ചും സമാധാനപരമായിരിക്കണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ജനാധിപത്യ വ്യവസ്ഥിതിയില്‍ പൌരാവകാശം സംരക്ഷിക്കാന്‍ നടത്തുന്ന അച്ചടക്കപൂര്‍ണമായ പ്രക്ഷോഭമാണിത്‌. കേരളത്തിന്റെ ഭാവിയില്‍ താല്‍പര്യമുള്ള ഓരോ ജനാധിപത്യ വിശ്വാസിയും ഈ സമരത്തില്‍ പങ്കാളിയാവണം.
ഭരണത്തിലേറി പതിനഞ്ചു മാസമായിട്ടും ജനോപകാരപ്രദമായ ഒരു പരിപാടിയും ഫലപ്രദമായി നടപ്പാക്കാന്‍ ഇടതു സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസം, സംവരണം തുടങ്ങിയ വിഷയങ്ങളിലെല്ലാം കടുത്ത ന്യൂനപക്ഷവിരുദ്ധ സമീപനമാണ്‌ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്‌. ഭരണഘടനാപരമായ അവകാശങ്ങളാണ്‌ ഇടത്‌ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ നിഷേധിക്കുന്നത്‌. അനേക ദശകങ്ങളായി നിലവിലുള്ള അറബി ഭാഷാപടനവും മതവിദ്യാഭ്യാസ സൌകര്യങ്ങളുമെല്ലാം തടയപ്പെടുന്ന ഭരണപരിഷ്കാരങ്ങളാണ്‌ അതിനിഗൂഢമായി സര്‍ക്കാര്‍ കൊണ്ടുവരുന്നത്‌.
സംസ്ഥാനത്തിന്റെ കഴിഞ്ഞ അര നൂറ്റാണ്ട്‌ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത അഴിമതിയും അക്രമങ്ങളുമാണ്‌ അരങ്ങേറുന്നത്‌. ക്രമസമാധാനനില ആകെ തകര്‍ന്നു കഴിഞ്ഞു. പണം തട്ടിയെടുക്കാന്‍ നടു റോഡില്‍വെച്ച്‌ ഗുണ്ടാസംഘങ്ങള്‍ മനുഷ്യരെ വെട്ടിക്കൊല്ലുന്നു. സംസ്ഥാനം അരാജക്ത്വത്തിന്റെ നിഴലിലാണ്‌. ഭരണകക്ഷി നേതാക്കള്‍ കോടികളുടെ അഴിമതിയാരോപണങ്ങള്‍ക്കു വിധേയരായി ശിക്ഷാനടപടികള്‍ ഏറ്റുവാങ്ങേണ്ടിവരുന്നു. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ സാമ്പത്തികമായും തൊഴില്‍, വ്യാവസായിക മണ്ഡലങ്ങളിലും ഭദ്രത കൈവരിക്കുമ്പോള്‍ കേരളം എല്ലാ രംഗങ്ങളിലും പിറകോട്ട്‌ പോകുന്നു. കടക്കെണിയും ആത്മഹത്യകളും പെരുകുന്നു. സാധാരണക്കാരന്റെ ദൈനംദിന ജീവിതം ദുരിതപൂര്‍ണമാക്കുന്ന നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരുന്നു. ദാരിദ്യ്‌രരേഖക്ക്‌ താഴെയുള്ളവരെ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ അട്ടിമറിക്കപ്പെട്ടു. പുതിയ കെട്ടിട നിര്‍മാണ നിയമങ്ങളും നികുതിവര്‍ധനകളും പാവപ്പെട്ടവരെ കൂടൂതല്‍ കഷ്ടപ്പെടൂന്നവയാണ്‌.
വിലക്കയറ്റവും വിവിധ ചാര്‍ജ്ജ്‌ വര്‍ധനകളും വികസന മുരടിപ്പും ജനജീവിതം ദുസ്സഹമാക്കുന്നു. ഇതിനെല്ലാം പരിഹാരം കാണേണ്ട ഭരണ നേതൃത്വം പാര്‍ട്ടിയിലെ വിഭാഗീയകതകളിലും അഴിമതിയാരോപണങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്‌. വന്‍ഭൂരിപക്ഷത്തോടെ അധികാരമേറിയിട്ടും ജനങ്ങളോട്‌ വാഗ്‌ദാനം പാലിക്കാന്‍ ഇടതുമുന്നണിക്ക്‌ കഴിയുന്നില്ല. മുഖ്യമന്ത്രിയില്‍ മന്ത്രിമാര്‍ക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ജനദ്രോഹത്തില്‍ മാത്രമാണ്‌ ഇപ്പോള്‍ ഇടതുസര്‍ക്കാരില്‍ ഐക്യമുള്ളത്‌. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളവസാനിപ്പിക്കാനും ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും ഈ ബഹുജന പ്രക്ഷോഭം ഒരു താക്കീതായി മാറണം – തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top